ഇന്ന് യുപിയില്‍ നടന്നത് മൂന്ന് കൊലപാതകങ്ങള്‍; മകളെ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ അമ്മയെ അടിച്ചുകൊന്നു
മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതികള്‍ക്കെതിരേ അമ്മ പരാതി നല്‍കിയിരുന്നു. പ്രതികള്‍ ജാമ്യത്തിലിറങ്ങി പെണ്‍കുട്ടിയുടെ വീട്ടിലെത്തി കേസില്‍നിന്ന് പിന്‍വാങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ നാല്‍പത് വയസ്സുക്കാരിയെ അടിച്ചു കൊന്നു. പതിമൂന്ന്ക്കാരിയായ മകളെ ബലാത്സംഗം ചെയ്തുവെന്ന് പോലിസിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതികള്‍ യുവതിയെ അടിച്ച് കൊലപ്പെടുത്തിയത്. പ്രതികള്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇവരെ ആക്രമിച്ചത്. പ്രതികളെ പോലിസ് അറസ്റ്റ്റ്റു ചെയ്തു.
2018ല്‍ മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതികള്‍ക്കെതിരേ അമ്മ പരാതി നല്‍കിയിരുന്നു. പ്രതികള്‍ ജാമ്യത്തിലിറങ്ങി പെണ്‍കുട്ടിയുടെ വീട്ടിലെത്തി കേസില്‍നിന്ന് പിന്‍വാങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് വീട്ടുകാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയുടെ ബന്ധുവിനും ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പെണ്‍കുട്ടിയുടെ അമ്മ മരിച്ചിരുന്നു. ബന്ധു ഇപ്പോഴും ചികില്‍സയിലാണ്.
മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചുവന്ന കുര്‍ത്ത ധരിച്ച സ്ത്രീയെ നിലത്തിട്ട് ചവിട്ടുന്നതും മര്‍ദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നു പോലിസ് അറിയിച്ചു.
അതേസമയം ബിജ്‌നോറില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആളൊഴിഞ്ഞ പ്രദേശത്തെ കിണറിന് സമീപത്തായുള്ള കട്ടിലിനോട് ചേര്‍ത്ത് കെട്ടിയ നിലയിലായിരുന്നു മൃതദേഹം കിടന്നത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൂന്ന് തിരികളും കണ്ടെടുത്തതായി പൊലിസ് അറിയിച്ചു. വെടിവച്ച് കൊന്ന ശേഷം പെണ്‍കുട്ടിയെ ചുട്ടെരിച്ചതാണോ എന്ന സംശയവും പോലിസിനിടയില്‍ നിലനില്‍ക്കുന്നുണ്ട്.
കൂടാതെ കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ബഹറായിച്ച് ജില്ലയില്‍ ഇരുപതുക്കാരിയുടെ മൃതദേഹവും കണ്ടെത്തി. തിരിച്ചറിയാനാകാത്ത വിധം മുഖത്ത് പൊള്ളലേറ്റ നിലയിലാണ് മൃതദേഹം. ആസിഡേറ്റ് പൊള്ളലേറ്റ നിലയായിരുന്നു. കാടിനു സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
