ഗ്യാന്‍വ്യാപി മസ്ജിദിലും സംഘപരിവാര്‍ അവകാശവാദം; ബാബരി മറക്കാന്‍ ആഹ്വാനം ചെയ്തവര്‍ ഇപ്പോള്‍ മൗനം പാലിക്കുന്നു: അനീസ് അഹമ്മദ്

ബാബരിയെ പ്രതിരോധിക്കുന്നത് ഒരു കെട്ടിടത്തിന് വേണ്ടിയുള്ള പോരാട്ടമല്ല, മറിച്ച് മുസ് ലിംകളുടെ മതപരമായ അവകാശങ്ങള്‍ക്കും സുരക്ഷിതമായ നിലനില്‍പ്പിനും വേണ്ടിയുള്ളതായിരുന്നു'. അനീസ് അഹമ്മദ് ട്വീറ്റ് ചെയ്തു.

Update: 2021-04-09 06:29 GMT

ന്യൂഡല്‍ഹി: ഗ്യാന്‍വ്യാപി മസ്ജിദിലും അവകാശവാദവുമായി സംഘപരിവാര്‍ എത്തിയപ്പോള്‍ മുസ് ലിംകളോട് ബാബരി മസ്ജിദ് മറക്കാന്‍ ആഹ്വാനം ചെയ്ത മുസ് ലിം 'പാവ നേതാക്ക'ളേയും ലിബറലുകളേയും കാണാനില്ലെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ്. ബാബരിയെ പ്രതിരോധിക്കുന്നത് ഒരു കെട്ടിടത്തിന് വേണ്ടിയുള്ള പോരാട്ടമല്ല, മറിച്ച് മുസ് ലിംകളുടെ മതപരമായ അവകാശങ്ങള്‍ക്കും സുരക്ഷിതമായ നിലനില്‍പ്പിനും വേണ്ടിയുള്ളതായിരുന്നു'. അനീസ് അഹമ്മദ് ട്വീറ്റ് ചെയ്തു. ബാബരി മസ്ജിദ് സംഘപരിവാര്‍ തകര്‍ത്ത സംഭവത്തില്‍ മുസ് ലിംകളോട് മൗനം പാലിക്കാനാണ് പലരും ആഹ്വാനം ചെയ്തത്. എന്നാല്‍, നീതി നിഷേധത്തിനെതിരേ ശക്തമായി നിലകൊള്ളാന്‍ മതേതര കക്ഷികള്‍ തയ്യാറായില്ല. ഇപ്പോള്‍ ഗ്യാന്‍വാപി മസ്ജിദില്‍ സംഘപരിവാര്‍ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. അനീസ് അഹമ്മദ് പറഞ്ഞു.

കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വ്യാപി പള്ളി സമുച്ചയത്തില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വ്വേക്ക് വാരണസി ജില്ലാ കോടതി അനുമതി നല്‍കിയതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ഗ്യാന്‍വാപ്പി പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു അഭിഭാഷകന്‍ വി എസ് റസ്‌തോഗി നല്‍കിയ ഹരജിയിലാണ് പരിശോധനയ്ക്ക് അനുമതി നല്‍കിയത്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിക്രമാദിത്യന്‍ പണി കഴിപ്പിച്ച കാശി വിശ്വനാഥ ക്ഷേത്രം മുഗള്‍ ഭരണകാലത്ത് 1664 ല്‍ ഔറംഗസേബ് പിടിച്ചെടുക്കുകയും ഗ്യാന്‍വ്യാപി പള്ളി പണിയുകയുമായിരുന്നുവെന്നാണ് ഹരജിയിലെ അവകാശവാദം.

പരാതിക്കെതിരെ ഗ്യാന്‍വ്യാപി പള്ളി അധികൃതര്‍ രംഗത്തെത്തിയിരുന്നുവെങ്കിലും കോടതി സര്‍വ്വേക്ക് അനുമതി നല്‍കുകയായിരുന്നു. സര്‍വ്വേയുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. വാരണസിയില്‍ കാശി വിശ്വനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നതും സര്‍ക്കാര്‍ രാമസേതു ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണെന്നാണ് സംഭവത്തോട് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചത്.

Tags:    

Similar News