തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടി മരിച്ചു
കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച അരുണ്‍ ആനന്ദ് ഇപ്പോള്‍ റിമാന്‍ഡിലാണ്
ഇടുക്കി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി ദിവസങ്ങളോളം വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന ഏഴു വയസ്സുകാരന്‍ മരണപ്പെട്ടു. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന ഏഴു വയസുകാരന്‍ പത്താം ദിവസമാണ് മരണത്തിനു കീഴടങ്ങിയത്. തലച്ചോറിനേറ്റ മാരകമായ പരിക്കാണ് മരണകാരണം. ഇത്രയും ദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിത്തിയതെങ്കിലും അല്‍പം മുമ്പ് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച അരുണ്‍ ആനന്ദ് ഇപ്പോള്‍ റിമാന്‍ഡിലാണ്.
ലഹരിക്കടിമപ്പെട്ടിരുന്ന അരുണ്‍ ആനന്ദ് കുട്ടിയെ തറയിലിടിച്ചതു കാരണം തല പൊട്ടിയിരുന്നു. കുട്ടിയുടെ ശരീരരമാസകലം മുറിവേറ്റിരുന്നു. കുഞ്ഞിന്റെ ചെറിയ സഹോദരന്‍ കിടക്കയില്‍ മൂത്രമൊഴിച്ചെന്നു പറഞ്ഞാണ് അരുണ്‍ ആനന്ദ് ഏഴു വയസ്സുകാരനെ ചുവരിലും തറയിലും ഇടിച്ച് ക്രൂരമായി പരിക്കേല്‍പ്പിച്ചത്. ചോരയില്‍ കുളിച്ച് കിടന്നിരുന്ന കുട്ടിയെ പിറ്റേന്നാണ് ആശുപത്രിയിലെത്തിച്ചിരുന്നത്. കുട്ടികളുടെ അച്ഛന്‍ ബിജു മരണപ്പെട്ട് രണ്ടുമാസത്തിനുള്ളില്‍ തന്നെ അമ്മ അരുണിനൊപ്പം താമസിക്കുകയായിരുന്നു. കുട്ടികളുടെ അച്ഛന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജുവിന്റെ പിതാവ് ബാബു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മെയിലാണ് ബിജു മരിച്ചത്. ഹൃദയാഘാതമാണെന്ന നിഗമനത്തിലാണ് മൃതദേഹം ദഹിപ്പിച്ചത്. എന്നാല്‍, കുട്ടിയോടുള്ള ക്രൂരത പുറത്തുവന്നതോടെ ബിജുവിന്റെ മരണത്തിലും അരുണിന് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രതിക്കെതിരേ നേരത്തേ പോക്‌സോ, വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നതെങ്കിലും ഇപ്പോള്‍ കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.