ഭരണകൂട വിരുദ്ധ പ്രതിഷേധം ശക്തിപ്പെടുന്നു; അടിച്ചമര്‍ത്താന്‍ സ്വകാര്യ ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ച് ബിജെപി

ഭരണകൂട വിരുദ്ധ പ്രക്ഷോഭകാരികള്‍ക്കെതിരേ ക്രിമിനല്‍ സംഘങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നടപടിയാണ് ബിജെപി നേതാക്കളും മന്ത്രിമാരും ഇപ്പോള്‍ പ്രയോഗിക്കുന്നത്.

Update: 2021-10-09 10:32 GMT

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭത്തിന് ശേഷം രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തിച്ച് കര്‍ഷക സമരം ശക്തിപ്പെട്ടതോടെ സമ്മര്‍ദത്തിലായി മോദി ഭരണകൂടം.


ഒക്ടോബര്‍ 3 ന് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ മനപ്പൂര്‍വ്വം വാഹനമിടിച്ച് കൊലപ്പെടുത്തിയത് മോദി ഭരണകൂടത്തിന്റേയും ബിജെപി നേതാക്കള്‍ക്കിടയിലും വര്‍ദ്ധിച്ചുവരുന്ന നിരാശയുടെ പ്രത്യക്ഷമായ പ്രകടനമാണ്.

അധികാരത്തില്‍ വന്നതിനു ശേഷം കേന്ദ്ര സര്‍ക്കാരും പാര്‍ട്ടിയും പിന്തുടരുന്ന കോര്‍പ്പറേറ്റ് അനുകൂല, ജനവിരുദ്ധ നയങ്ങളുടെ അനിവാര്യ ഫലമാണിത്. സ്വയം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗങ്ങളില്ലാതെ ജനവിരുദ്ധ നയങ്ങള്‍ തുടരുകയാണ് മോദി സര്‍ക്കാര്‍. ഇന്ധന-പാചക വാതക വിലവര്‍ധിപ്പിച്ചതും അവശ്യ സാധനങ്ങളുടെ വില കുത്തനെ കൂടിയതും ബിജെപിയെ പിന്തുണച്ചിരുന്ന മധ്യവര്‍ഗത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കി.

മോദി സര്‍ക്കാര്‍ ആഭ്യന്തരമായി നേരിടുന്ന സാമ്പത്തിക, രാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയില്‍ കര്‍ഷക പ്രക്ഷോഭവും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. അതിനെ തടയുന്നതിന് സര്‍ക്കാര്‍ സാധാരണ രീതിയിലുള്ള ഭിന്നിപ്പിക്കല്‍ തന്ത്രങ്ങള്‍ പയറ്റിയെങ്കിലും പഴയത് പോലെ ഫലം കാണുന്നില്ല.


ബിജെപി ഐടി സെല്ലുകളുടെയും കോര്‍പ്പറേറ്റ് നിയന്ത്രിത മാധ്യമങ്ങളുടെയും വ്യാജ പ്രചാരണങ്ങള്‍ ഭരണകൂട അനുകൂല പൊതുബോധം സൃഷ്ടിക്കാനും പ്രതിഷേധങ്ങളെ തണുപ്പിക്കാനും ഫലപ്രദമായിരുന്നു. എന്നാല്‍, ഇത്തരം വ്യാജ പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളും ഫാക്ട് ചെക്ക് വിദഗ്ധരും പൊളിച്ചടക്കിയതോടെ ബിജെപി ഐടി സെല്ലിന്റെ തന്ത്രങ്ങള്‍ ഫലിക്കാതെയായി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍, മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളെയും ആധിപത്യത്തില്‍ കൊണ്ടുവന്ന് വിജയകരമായി അധികാരം കേന്ദ്രീകരിക്കാന്‍ കഴിഞ്ഞത് മോദി സര്‍ക്കാരിന് പിടിവള്ളിയായിരുന്നു. ഈ തന്ത്രമാണ് സാമൂഹിക മാധ്യമങ്ങളുടേയും ആക്ടിവിസ്റ്റുകളുടേയും ഇടപെടലിലൂടെ തകരുന്നത്. ബ്രിട്ടീഷുകാര്‍ രാജ്യത്ത് അധികാരം പിടിച്ചെടുക്കാനും നിലനിര്‍ത്താനും പ്രയോഗിച്ച തന്ത്രം തന്നേയാണ് ബിജെപി പയറ്റുന്നതെന്ന് അവിനാഷ് മോഹനാനി 'ദി വയറി'ല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ഇന്ത്യന്‍ സമൂഹിക ഘടനയില്‍ നിര്‍ണായക സ്വാധീനമുള്ള ജാതി-മത ഭിന്നതകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ഭരണകൂടം. വ്യാജ കഥകള്‍ നിര്‍മിച്ചെടുത്തും വെറുപ്പ് പ്രചരിപ്പിച്ചും ജനങ്ങളെ തമ്മിലടിപ്പിച്ചു. സാമ്രാജ്യത്വ വിരുദ്ധ സ്വാതന്ത്ര്യസമരത്തില്‍ നിന്ന് ബഹുജനങ്ങളെ അകറ്റാനും അവരെ തമ്മിലടിപ്പിക്കാനും ആ കഥകള്‍ അവരെ സഹായിച്ചു.

ഭരണകൂട വിരുദ്ധ പ്രക്ഷോഭകാരികള്‍ക്കെതിരേ ക്രിമിനല്‍ സംഘങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നടപടിയാണ് ബിജെപി നേതാക്കളും മന്ത്രിമാരും ഇപ്പോള്‍ പ്രയോഗിക്കുന്നത്. പതിറ്റാണ്ടുകളായി ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിച്ച ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ വിവാദ പ്രസ്താവനയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗിയുടെ നടപടികളും ക്രിമിനല്‍ സംഘങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതാണ്. ഒക്ടോബര്‍ മൂന്നിനാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കര്‍ഷകരുടെ പ്രതിഷേധം നേരിടാന്‍ മാര്‍ഗം നിര്‍ദ്ദേശിച്ചത്. ഓരോ ജില്ലയിലും കര്‍ഷകരെ ശാരീരികമായി നേരിടാന്‍ സ്വകാര്യ സൈന്യങ്ങള്‍ ('ദണ്ഡാ ശക്തി') രൂപീകരിക്കാന്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കൂടാതെ, ജയിലിലേക്ക് പോകുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം അവരോട് പറഞ്ഞു. കര്‍ഷകര്‍ക്കെതിരേ ആക്രമണം നടത്തി ജയിലില്‍ പോകുന്നതവര്‍ക്ക് വലിയ നേതാക്കളായി തിരിച്ചുവരാനാവുമെന്നും ഖട്ടര്‍ പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തിനെതിരേ ആക്രമണം നടത്തുന്നവരുടെ പേരുകള്‍ ചരിത്രത്തില്‍ ഇടംപിടിക്കുമെന്നാണ് ഖട്ടര്‍ പറഞ്ഞത്.


ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയവരെ സംരക്ഷിക്കുന്ന യോഗിയുടെ നിലപാടും ക്രിമിനല്‍ സംഘങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ്. സംഭവത്തില്‍ തെളിവുകളില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാവരും നിയമത്തിന്റെ മുന്നില്‍ തുല്യരാണ്. സുപ്രിംകോടതി പറയുന്നതുപ്രകാരം ആരെയും തെളിവുകളില്ലാതെ അറസ്റ്റുചെയ്യാന്‍ കഴിയില്ല. അന്വേഷണം തുടരുകയാണ്. രേഖാമൂലമുള്ള പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആരെയും ഒഴിവാക്കിയിട്ടില്ല. ആര്‍ക്കും നീതി ലഭിക്കാതിരിക്കുകയുമില്ല. എന്നാല്‍, സമ്മര്‍ദങ്ങളുടെ പേരില്‍ ആര്‍ക്കെതിരെയും നടപടി സ്വീകരിക്കില്ലെന്നും യോഗി പറഞ്ഞു. കേന്ദ്രമന്ത്രി അജയ് മിശ്രക്കും മകനുമെതിരേ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ വ്യക്തമായ തെളിവുകള്‍ പുറത്ത് വന്നതിന് ശേഷമാണ് അറസ്റ്റ് വൈകുന്നതിനെ ന്യായീകരിച്ച് യോഗി രംഗത്തെത്തിയത്.

കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം യോഗി തള്ളി. ആക്രമണത്തിന്റേതായി വ്യക്തമാക്കുന്ന യാതൊരു വിഡിയോകളും ഇല്ലെന്ന് യോഗി പറഞ്ഞു. അക്രമമവുമായി ബന്ധപ്പെട്ട് അത്തരത്തിലൊരു വീഡിയോ ഇല്ല.

ഞങ്ങള്‍ നമ്പറുകള്‍ പുറത്തിറക്കിയിരുന്നു. ആരുടെയെങ്കിലും കൈവശം തെളിവുണ്ടെങ്കില്‍ അവ അപ്‌ലോഡ് ചെയ്യാം. എല്ലാം വളരെ വ്യക്തമാണ്. ആര്‍ക്കെതിരേയും അനീതിയുണ്ടാവില്ല. ആരെയും നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ല. എന്നാല്‍, സമ്മര്‍ദത്തിന് വഴങ്ങി ആര്‍ക്കെതിരെയും നടപടി സ്വീകരിക്കില്ല. പക്ഷേ ആരെങ്കിലും കുറ്റവാളിയാണെങ്കില്‍ അവര്‍ ആരാണെന്ന് പരിഗണിക്കാതെ നടപടി സ്വീകരിക്കുമെന്നും യോഗി വ്യക്തമാക്കി. ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കുന്ന പ്രതിപക്ഷ നേതാക്കളെയും അദ്ദേഹം വിമര്‍ശിച്ചു. അവര്‍ ആരായാലും സദുദ്ദേശത്തോടെയുള്ള സന്ദേശവാഹകരല്ല എന്നായിരുന്നു കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ക്ക് നേരെയുള്ള യോഗിയുടെ വിമര്‍ശനം.

കര്‍ഷകരുടെ പ്രതിഷേധത്തിനെതിരായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെയും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെയും പ്രസംഗങ്ങളെയും യോഗി ന്യായീകരിച്ചു. രാഷ്ട്രീയ പ്രസംഗവും ഭീഷണിയും തമ്മില്‍ വ്യത്യാസമുണ്ടെന്നായിരുന്നു യോഗിയുടെ വാദം. രാഷ്ട്രീയ പ്രസംഗങ്ങളില്‍ അത്തരം പ്രസ്താവനകള്‍ക്ക് അര്‍ഥമില്ല. കാരണം അവ വ്യവസ്ഥകള്‍ക്കനുസൃതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. നാലുകര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായിയിരുന്നു.

Tags:    

Similar News