കംപ്യൂട്ടറുകളിലെ വിവരം ചോര്‍ത്തല്‍: കേന്ദ്രത്തിനു സുപ്രിംകോടതി നോട്ടീസയച്ചു

വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല

Update: 2019-01-14 07:03 GMT

ന്യൂഡല്‍ഹി: ഏതൊരു കംപ്യൂട്ടറും മൊബൈല്‍ ഫോണും നിരീക്ഷിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പരിശോധിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി നോട്ടീസയക്കുകയും ചെയ്തു. ഉത്തരവ് വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ നിരീക്ഷിക്കാന്‍ വഴിയൊരുക്കുന്നതും മൗലികാവകാശം ലംഘിക്കുന്നതുമാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകരായ മനോഹര്‍ ലാല്‍ ശര്‍മ, അമിത് സാഹ്നി, അഭിഭാഷകരായ ശ്രേയ സിംഗാള്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മഹുവ മോയിത്ര തുടങ്ങിയവരാണ് കോടതിയെ സമീപിച്ചിരുന്നത്. പൊതുതാല്‍പര്യ ഹരജി ഫയലില്‍ സ്വീകരിച്ചാണ് സുപ്രിംകോടതി നോട്ടീസയച്ചത്. സ്വകാര്യത പൗരാവകാശമായി കണക്കാക്കുന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം നിലനില്‍ക്കില്ലെന്നും റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗം വിശദമായി കേട്ട ശേഷമേ തീരുമാനമെടുക്കാനാകൂ എന്നും കോടതി വ്യക്തമാക്കി.

    റോ, എന്‍ഐഎ, സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ്(ജമ്മു കശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്, അസാം), ദില്ലി പോലിസ് കമ്മീഷണര്‍ എന്നീ 10 ഏജന്‍സികള്‍ക്കാണ് കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കാനുള്ള അനുമതി നല്‍കിയാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.ഇവര്‍ ആവശ്യപ്പെട്ടാല്‍ ഏതു വിവരവും നല്‍കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളും പൗരന്‍മാരും നിര്‍ബന്ധിതരാവും. നേരത്തെ ഒരു പൗരന്റെ ഇ-മെയില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു മാത്രമാണ് അവകാശമുണ്ടായിരുന്നത്.




Tags: