കാംപസുകളിലെ പോലിസ് അതിക്രമം: ഇടപെടില്ല, ഹൈക്കോടതികളെ സമീപിക്കാനും സുപ്രിംകോടതി

ജാമിഅ മില്ലിയ്യ, അലിഗഢ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനു നേരെയുണ്ടായ പോലിസ് അതിക്രമത്തിനെതിരേയായിരുന്നു ഹരജികള്‍.

Update: 2019-12-17 08:44 GMT

ന്യൂഡല്‍ഹി: കാംപസുകളിലെ പോലിസ് അതിക്രമങ്ങളില്‍ സുപ്രിംകോടതി ഇടപെടില്ല. ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതികളെ സമീപിക്കാമെന്ന് സുപ്രിംകോടതി. ജാമിഅ മില്ലിയ്യ, അലിഗഢ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനു നേരെയുണ്ടായ പോലിസ് അതിക്രമത്തിനെതിരേയായിരുന്നു ഹരജികള്‍. ഉചിതമായ അന്വേഷണം ഹൈക്കോടതികള്‍ പരിഗണിക്കുമെന്ന് ഉറപ്പുണ്ട്. മുന്‍ സുപ്രിംകോടതി ജഡ്ജിമാരെ അന്വേഷണത്തിന് നിയോഗിക്കുന്നത് കോടതികള്‍ തീരുമാനിക്കുമെന്നും സുപ്രിംകോടതി പറഞ്ഞു.പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. ജാമിഅ മില്ലിയ, അലിഗഢ് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ പോലിസ് അതിക്രമം സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണം. വിദ്യാര്‍ത്ഥികള്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കണം, അനുമതിയോടുകൂടി മാത്രമേ പോലിസ് സര്‍വ്വകലാശാലകളില്‍ പ്രവേശിക്കൂ എന്ന അവസ്ഥയുണ്ടാകണം എന്നിവയായിരുന്നു ആവശ്യങ്ങള്‍.

ബന്ധപ്പെട്ട ഹൈക്കോടതികള്‍ ഈ കേസ് കേള്‍ക്കട്ടെ എന്നാണ് സുപ്രിംകോടതി പറഞ്ഞത്. സര്‍ക്കാരിന്റെയും പോലിസിന്റെയും വാദങ്ങള്‍ ഹൈക്കോടതികള്‍ കേള്‍ക്കണം. അതിനു ശേഷം ഹൈക്കോടതികള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും സുപ്രിംകോടതി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വലിയ അതിക്രമം നടന്നു എന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ മഹമൂദ് പ്രാച്ച പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിയേയും അറസ്റ്റു ചെയ്തിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതിനെ ഖണ്ഡിച്ചുകൊണ്ട് പറഞ്ഞു. പരിക്കേറ്റ 67 വിദ്യാര്‍ത്ഥികള്‍ക്ക് വൈദ്യസഹായം നല്കി. രണ്ടു പേര്‍ മരിച്ചെന്ന് കിംവദന്തി പരത്തി. ജാമിഅ മില്ലിയ സര്‍വ്വകലാശാ പ്രോക്ടര്‍ പോലിസ് സംരക്ഷണം രേഖാമൂലം ആവശ്യപ്പെട്ടെന്നും തുഷാര്‍ മേത്ത പറഞ്ഞു. ആദ്യം സമാധാനം പുന:സ്ഥാപിക്കട്ടെ, എന്നിട്ടാകാം കേസെടുക്കലെന്നായിരുന്നു ഇന്നലെ ചീഫ് ജസ്റ്റിസ് കൈക്കൊണ്ട നിലപാട്.




Tags:    

Similar News