ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര: അറസ്റ്റ് ചെയ്യപ്പെട്ടവര്‍ മുഴുവന്‍ പ്രദേശവാസികള്‍; മരണം 300

കൊല്ലപ്പെട്ടവരില്‍ 6 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 40ഓളം പേര്‍ വിദേശ രാജ്യക്കാരാണ്. ഏതാനും ഇന്ത്യക്കാരെ കാണാതായതായും റിപോര്‍ട്ടുണ്ട്. മലയാളിയായ പി എസ് റസീന, ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ്, കെ ജി ഹനുമന്തരായപ്പ, എം രന്‍ഗപ്പ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.

Update: 2019-04-22 06:04 GMT

കൊളംബോ: ശ്രീലങ്കയില്‍ ഞായറാഴ്ച്ച നടന്ന സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ മുഴുവന്‍ ശ്രീലങ്കക്കാരാണെന്ന് പോലിസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. ഇവരെ സിഐഡി വിഭാഗം ചോദ്യം ചെയ്തുവരികയാണ്. അതേ സമയം, എട്ടിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300ഓളമായി. 500ലേറെ പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 6 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 40ഓളം പേര്‍ വിദേശ രാജ്യക്കാരാണ്. ഏതാനും ഇന്ത്യക്കാരെ കാണാതായതായും റിപോര്‍ട്ടുണ്ട്. മലയാളിയായ പി എസ് റസീന, ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ്, കെ ജി ഹനുമന്തരായപ്പ, എം രന്‍ഗപ്പ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.

അതേ സമയം, കഴിഞ്ഞ ദിവസം രാത്രി ഏര്‍പ്പെടുത്തിയ കര്‍ഫ്യുവില്‍ ഇളവ് വരുത്തി. എന്നാല്‍, ഷോപ്പുകളില്‍ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. തെരവുകളില്‍ വന്‍തോതില്‍ സൈനികരെയും പോലിസുകാരെയും വിന്യസിച്ചിട്ടുണ്ട്.

അതിനിടെ, ആക്രമണ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നുവെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ സ്ഥിരീകരിച്ചു. എന്ത്‌കൊണ്ട് ആവശ്യമായ മുന്‍കരുതലെടുത്തില്ലെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ചുമതലയുള്ള പ്രസിഡന്റ് മൈത്രിപാല സിരിസേനയ്‌ക്കെതിരായ വിമര്‍ശനം കൂടിയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒക്ടോബറില്‍ വിക്രമസിംഗെയെ സിരിസേന സ്ഥാനത്തു നിന്ന് പുറത്താക്കിയ ശേഷം ഇരുവരും സ്വരച്ചേര്‍ച്ചയിലല്ല. ഒരാഴ്ച്ച നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കു ശേഷം സുപ്രിം കോടതി സിരിസേനയുടെ തീരുമാനം റദ്ദാക്കുകയായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ചില മതഗ്രൂപ്പുകള്‍ നടത്തിയ ഭീകരാക്രണമാണിതെന്ന് ആഭ്യന്തര മന്ത്രി സൂചിപ്പിച്ചു. ശ്രീലങ്കയിലെ മുസ്ലിം സംഘടനകളായ മുസ്ലിം കൗണ്‍സില്‍ ഓഫ് ശ്രീലങ്ക, ആള്‍ സീലോണ്‍ ജംഇയ്യത്തുല്‍ ഉലമ എന്നിവ സംഭവത്തെ അപലപിച്ചു. 

Tags: