മലയാളികള്‍ സഞ്ജീവ് ഭട്ടിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഊര്‍ജം: ശ്വേതാഭട്ട്

'ഒരുപാട് പേര്‍ വ്യക്തിപരമായ രീതിയില്‍ പിന്തുണക്കാന്‍ തയ്യാറാവുന്നുണ്ട്. എന്നാല്‍ പൊതുവെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഭയം കാരണം തുറന്നു പറയാനുള്ള ധൈര്യംനഷ്ടപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് മാത്രമല്ല ഇടതുപക്ഷവും ഇക്കാര്യത്തില്‍ ശക്തമായ നിലപാടുകള്‍ എടുത്തിട്ടില്ല.'

Update: 2019-06-27 12:06 GMT

പ്രധാനമന്ത്രി മോദിയെയും ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തെയും നിരന്തരം വിമര്‍ശിച്ചിരുന്ന ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനെ കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ്. ഈ കേസില്‍ ഗൂഡാലോചനയുണ്ടെന്നാണ് വിമര്‍ശനമുയര്‍ന്നിട്ടുള്ളത്.കേസിന്റെ ഗൂഡാലോചന പുറത്തുകൊണ്ടുവരാനും സഞ്ജീവ് ഭട്ടിന് നീതിലഭിക്കാനും പോരാടുകയാണ് ഭാര്യയും അഹമ്മദാബാദ് സ്വദേശിയുമായ ശ്വേത ഭട്ട്. ശ്വേതഭട്ടുമായി ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.

ചോദ്യം: സജ്ഞിവ് ഭട്ടിനെതിരെയുള്ള നീക്കങ്ങള്‍ രാഷ്ട്രീയ പകപോക്കലാണെന്ന് ഉറപ്പിച്ചു പറയുന്നതിന്റെ സാഹചര്യം എന്തൊക്കെയാണ്?


ശ്വേതഭട്ട്: എനിക്കും നിങ്ങള്‍ക്കും ഈ രാജ്യത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും അറിയാം ഇതൊരു രാഷ്ട്രീയ പകപോക്കല്‍ ആണെന്ന്. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ ഒരെ ഒരു ദൃക്‌സാക്ഷിയെ ഒറ്റയടിക്ക് നിശബ്ദമാക്കി കളയാനുള്ള ശ്രമമാണിത്. ഒന്നു മാത്രമെ എനിക്ക് പറയാനുള്ളൂ. 2002 ലെ മുസ്‌ലിം വിരുദ്ധ കലാപത്തില്‍ മോദിയെ പഴിച്ചവരെയെല്ലാം കോഴ കൊടുത്തും പേടിപ്പിച്ചും അവരുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്നു. ഒരു അവസരം പോലും ഈ ഭരണകൂടം പാഴാക്കിയിട്ടില്ല. ഔദ്യോഗിക പദവി ഉപയോഗിച്ചുകൊണ്ട് തന്നെ ഈ ഭരണകൂടത്തിനെതിരെയുള്ള ശക്തമായ പോരാട്ടം നടത്തിയ ആളാണ് സജ്ഞീവ് ഭട്ട്. അതുകൊണ്ട് തന്നെ ഈ സമയത്ത് നമ്മള്‍ ഒറ്റക്കെട്ടായി അദ്ദേഹത്തിന് വേണ്ടി പൊരുതണം

ചോദ്യം: എന്തുകൊണ്ടാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഇത്തരമൊരു നീതി നിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരാത്തത്?

ഉത്തരം: ഈ ചോദ്യം രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തിന്റെ മുന്നില്‍ എത്തിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ഒരുപാട് പേര്‍ വ്യക്തിപരമായ രീതിയില്‍ പിന്തുണക്കാന്‍ തയ്യാറാവുന്നുണ്ട്. എന്നാല്‍ പൊതുവെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഭയം കാരണം തുറന്നു പറയാനുള്ള ധൈര്യംനഷ്ടപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് മാത്രമല്ല ഇടതുപക്ഷവും ഇക്കാര്യത്തില്‍ ശക്തമായ നിലപാടുകള്‍ എടുത്തിട്ടില്ല.

ചോദ്യം: കേരളത്തില്‍നിന്ന് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തിന്റെ പിന്തുണയെ എങ്ങനെ നോക്കിക്കാണുന്നു?


ഉത്തരം: ഇരുട്ട് നിറഞ്ഞ ഏറ്റവും മോശമായ അവസ്ഥയിലും അവര്‍ നല്‍കുന്ന അചഞ്ചലവും ഗാഢവുമായ പിന്തുണയാണ് ഒരു പക്ഷെ എന്റെയും സഞ്ജീവ് ഭട്ടിന്റെയും പോരാട്ട വീര്യത്തെ തന്നെ കെടാതെ സൂക്ഷിക്കുന്നത്. എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയത്തില്‍ വളരെ വലിയ ഒരു സ്ഥാനമാണ് കേരളത്തിലെ ജനങ്ങള്‍ക്കുള്ളത്. സഞ്ജീവിനും കുടുംബത്തിനും ശക്തി പകര്‍ന്നു കൊണ്ട് നെടുംതൂണ് പോലെ നില്‍ക്കുന്ന മലയാളികളോട് എങ്ങനെയാണ് നന്ദി പ്രകടിപ്പിക്കേണ്ടത് എന്നറിയില്ല. ഞാനും എന്റെ കുടുംബവും അവരോട് കടപ്പെട്ടിരിക്കുന്നു.

ചോദ്യം:കേരളത്തില്‍ പല പരിപാടികളിലും മുഖ്യാതിഥിയായി പങ്കെടുത്തയാളാണ് നിങ്ങള്‍. കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തലുകള്‍ എന്തൊക്കെയാണ്?

ഉത്തരം: ഈ മാസം 27 ,28 തിയതികളിലാണ് ഞാന്‍ കേരളത്തില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഇത്ര വലിയ മോശം അവസ്ഥയില്‍ സഞ്ജീവ് ഭട്ടിന് വേണ്ടി എനിക്കും എന്റെ കുടുംബത്തിനും ഒപ്പം നില്‍ക്കുന്നവരെ ഞാന്‍ അന്ന് നേരില്‍ കാണും. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ സാമൂഹിക ബോധം അവരുടെ പ്രവര്‍ത്തികളില്‍ പ്രതിഫലിച്ചിട്ടുണ്ട്. അതു മുന്‍നിര്‍ത്തിക്കൊണ്ട് തന്നെ എനിക്ക് പറയാന്‍ കഴിയും കേരളമാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ സാക്ഷരത നേടിയവര്‍. കേരളത്തോടും ഇവിടുത്തെ ജനങ്ങളോടും ആത്യന്ത്യം ബഹുമാനവും നന്ദിയും രേഖപ്പെടുത്തുന്നു.

ചോദ്യം:മോദിയുടെ ഇന്ത്യയില്‍ നീതി പുലരുമെന്ന് ഒരു ജനാധിപത്യവിശ്വാസിക്ക് പ്രതീക്ഷിക്കാനാകുമോ?

ഉത്തരം:. ഞാന്‍ നേരത്തെ പറഞതുപോലെ തന്നെ ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു പൗരനും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല എങ്കില്‍ ഒരു പക്ഷെ ഇതില്‍ നിന്നും ഒരു മോചനം സാധ്യമല്ല. മോദിയുടെ ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരെ സഞ്ജീവും ഞാനും കുടുംബവും അവസാനം വരെ പോരാട്ടരംഗത്തുണ്ടാവും. ഒരിക്കലും പിന്മാറാതെ തന്നെ.

Tags:    

Similar News