എസ് ഡിപിഐ ജനമുന്നേറ്റ യാത്രയ്ക്ക് ഉപ്പളയില്‍ ഉജ്ജ്വല തുടക്കം

കര്‍ഷകരെ തെരുവിലിറക്കിയത് ബിജെപി ദുര്‍ഭരണം: ബി എം കാംബ്ലേ

Update: 2024-02-14 12:45 GMT

ഉപ്പള(കാസര്‍കോട്): 'രാജ്യത്തിന്റെ വീണ്ടെടുപ്പിന്' എന്ന പ്രമേയത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് ഉപ്പളയില്‍ ഉജ്ജ്വല തുടക്കം. ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ യാത്ര നടത്തുന്നത്. 


    ജനമുന്നേറ്റ യാത്ര എസ് ഡിപി ഐ ദേശീയ വൈസ് പ്രസിഡന്റ് ബി എം കാംബ്ലേ ഉദ്ഘാടനം ചെയ്തു. ബിജെപിയുടെ ദുര്‍ഭരണമാണ് നാടിന്റെ നട്ടെല്ലായ കര്‍ഷകരെ പ്രക്ഷോഭവുമായി വീണ്ടും തെരുവിലിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ചങ്ങാത്ത മുതലാളിമാര്‍ക്കുവേണ്ടി കാര്‍ഷിക മേഖലയെ തീറെഴുതി കൊടുക്കുകയാണ് ബിജെപി ഭരണകൂടം. ക്ഷേത്രനിര്‍മാണം മുഖ്യ അജണ്ടയാക്കി രഥയാത്ര നടത്തിയാണ് ബിജെപി അധികാരത്തിലെത്തിയത്. കര്‍ഷകര്‍, സ്ത്രീകള്‍, യുവാക്കള്‍ ഉള്‍പ്പെടെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അവരുടെ അജണ്ടയിലില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളും സാധാരണക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ അവഗണിച്ചിരിക്കുകയാണ്. ഭാരത് ജോഡോ യാത്ര നടത്തിയ കോണ്‍ഗ്രസ് പാര്‍ട്ടി സാധാരണക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ചില്ല. തൊഴിലാളികളുടെയും കര്‍ഷകരുടെയും താല്‍പ്പര്യം തങ്ങളാണ് സംരക്ഷിക്കുന്നതെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ന് കര്‍ഷക തൊഴിലാളി വിരുദ്ധ പാര്‍ട്ടിയായി മാറിയിരിക്കുന്നു. എല്ലാ പാര്‍ട്ടികളും രാജ്യത്തെ കേവല ന്യൂനപക്ഷമായ വരേണ്യവിഭാഗങ്ങളുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്. ഇതര പാര്‍ട്ടിയിലെ എംപിമാരെയും എംഎല്‍എ മാരെയും ജയിലിടച്ചും റെയ്ഡു നടത്തിയും ഭീഷണിപ്പെടുത്തി കൂടെ ചേര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി ഇതര പാര്‍ട്ടികള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങളാണ് എസ്ഡിപിഐ ഉന്നയിക്കുന്നതെന്നും ബി എം കാംബ്ലേ കൂട്ടിച്ചേര്‍ത്തു.

    

Full View

സംഘപരിവാരത്തിലൂടെ വളര്‍ന്ന് കലാപങ്ങളിലൂടെ അധികാരത്തിലെത്തിയ മോദിയുടെ ഗ്യാരന്റിയല്ല ഭരണഘടനയുടെ ഗ്യാരന്റിയാണ് രാജ്യഭൂരിപക്ഷത്തിന് വേണ്ടതെന്ന് ജാഥാ ക്യാപ്റ്റന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. ഭരണകൂടം മതവും ജാതിയും നോക്കി രാജ്യത്ത് വിവേചനം നടപ്പാക്കുകയാണ്. ഭരണകൂടത്തിന്റെ ഇരകളായ കര്‍ഷകര്‍ അടക്കമുള്ള രാജ്യ ഭൂരിപക്ഷം അസ്വസ്ഥരാണ്. കര്‍ഷകരെ ദ്രോഹിക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ജാതി സെന്‍സസിനോട് മുഖംതിരിഞ്ഞുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

    ബി എം കാംബ്ലേ ജാഥാ ക്യാപ്ടന് പതാക കൈമാറി യാത്ര ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. നാല്‍പ്പത് ശതമാനത്തിന്റെ പിന്തുണയില്‍ രാജ്യത്തെ അടക്കിവാഴുകയാണ് ഫാഷിസമെന്നും ഇന്ത്യയെ രക്ഷിക്കാന്‍ രാജ്യത്തെ നിര്‍മിച്ചവരുടെ പിന്‍ഗാമികളും രാജ്യം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരും പൗരധര്‍മം നിര്‍വഹിക്കാന്‍ തയ്യാറാവണമെന്നും പി അബ്ദുല്‍ ഹമീദ് അഭ്യര്‍ഥിച്ചു. ഫാഷിസ്റ്റ് വിരുദ്ധരായ അറുപത് ശതമാനത്തെ ഒരുമിച്ചു നിര്‍ത്താനുള്ള പ്രതീക്ഷാ നിര്‍ഭരമായ രാഷ്ട്രീയ മുന്നേറ്റം രാജ്യത്തുണ്ടാവാത്തത് നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാഥയുടെ വൈസ് ക്യാപ്റ്റന്‍മാരായ തുളസീധരന്‍ പള്ളിക്കല്‍, റോയ് അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി കെ കെ ഫൗസിയ, കാസര്‍കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര സംസാരിച്ചു. ജാഥയുടെ രണ്ടാം ദിവസമായ വ്യാഴാഴ്ച കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ നിന്നാരംഭിച്ച് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സമാപിക്കും.

Tags:    

Similar News