ബാബരി കേസ്: അധിക ഭൂമി രാമജന്മഭൂമി ന്യാസിന് വിട്ടുനല്‍കണമെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍

Update: 2019-01-29 10:27 GMT
ന്യൂഡല്‍ഹി: ബാബരി കേസില്‍ ഏറ്റെടുത്ത അധികഭൂമി യഥാര്‍ഥ ഉടമകള്‍ക്ക് തിരിച്ചുനല്‍കാന്‍ അനുമതി തേടി കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന 2.77 ഏക്കര്‍ ഭൂമി ഒഴികെയുള്ള സ്ഥലം രാമക്ഷേത്രം നിര്‍മിക്കാന്‍ രൂപീകരിച്ചിട്ടുള്ള രാമജന്മഭൂമി ന്യാസിന് വിട്ടു നല്‍കണമെന്ന ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഉത്തരവ് വരുന്നതുവരെ തീരുമാനമെടുക്കില്ല എന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ രാമക്ഷേത്രത്തിനുള്ള സമ്മര്‍ദ്ദം ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ഹിന്ദുത്വ സംഘടനകളില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തില്‍ ക്ഷേത്ര നിര്‍മാണത്തിന് ഭൂമി നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. 1993ലെ അയോധ്യ നിയമപ്രകാരം ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ഉള്‍പ്പെടെ 67.7 ഏക്കര്‍ ഭൂമിയാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതില്‍ തര്‍ക്ക സ്ഥലമായ 0.313 ഏക്കര്‍ ഭൂമി ഒഴിച്ചു ബാക്കി വരുന്ന 67.39 ഏക്കര്‍ ഭൂമി ഉടമസ്ഥര്‍ക്കു വിട്ടു നല്‍കാന്‍ അനുമതി ചോദിച്ചാണ് കേന്ദ്രത്തിന്റെ ഹരജി. ഭൂമി ഏറ്റെടുക്കല്‍ ചോദ്യം ചെയ്തു ഇസ്മായില്‍ ഫാറൂഖി നല്‍കിയ കേസിലെ വിധിപ്രസ്താവത്തില്‍ തര്‍ക്ക സ്ഥലം ഒഴിച്ചുള്ളവ യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരിച്ചു നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഭൂമി വിട്ട് നല്‍കാന്‍ അനുമതി നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ വാദം.
Tags: