ഏപ്രില്‍ 16നും 20നും ഇടയില്‍ ഇന്ത്യ വീണ്ടും ആക്രമിക്കുമെന്ന് പാകിസ്താന്‍

ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പായി ഏപ്രില്‍ 16നും 20നും ഇടയില്‍ ഇന്ത്യ തങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം ലഭിച്ചതെന്ന് ഖുറേഷി പറഞ്ഞു.

Update: 2019-04-07 11:41 GMT

ഇസ്‌ലാമാബാദ്: പാകിസ്താനു നേരെ ഇന്ത്യ മറ്റൊരു ആക്രമണം നടത്താനിടയുണ്ടെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്ന് വിവരം ലഭിച്ചതായി പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹ് മൂദ് ഖുറേഷി. ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പായി ഏപ്രില്‍ 16നും 20നും ഇടയില്‍ ഇന്ത്യ തങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം ലഭിച്ചതെന്ന് ഖുറേഷി പറഞ്ഞു.

മുള്‍ട്ടാനില്‍ പത്രസമ്മേളനത്തിനിടെയിലാണ് ഖുറേഷി ഇക്കാര്യം പറഞ്ഞതെന്ന് പാക് പത്രം ഡോണ്‍ റിപോര്‍ട്ട് ചെയ്യുന്നു. വിഷയത്തെ കുറിച്ചും പാകിസ്താന്റെ ആശങ്കയെ കുറിച്ചും ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഖുറേഷി പറഞ്ഞു. ഇന്ത്യയുടെ ഉത്തരവാദിത്തരഹിതമായ പെരുമാറ്റം അന്താരാഷ്ട്രസമൂഹം ശ്രദ്ധിക്കണമെന്നും കര്‍ശന താക്കീത് നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി പതിനാലിന് പുല്‍വാമയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെ ജെയ്‌ശെ മുഹമ്മദ് ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായത്. തുടര്‍ന്ന് ഫെബ്രുവരി 26ന് ഇന്ത്യ ബാലാകോട്ടില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു.



Tags: