പ്രതിഷേധം ഭീകരവാദമല്ല; ഡല്‍ഹി കലാപക്കേസിലെ മൂന്ന് ആക്റ്റിവിസ്റ്റുകള്‍ക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

വിവാദമായ പൗരത്വ നിയമത്തെ ചൊല്ലി ദേശീയ തലസ്ഥാനത്ത് നടന്ന കലാപവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് അറസ്റ്റിലായ മൂന്ന് ആക്റ്റിവിസ്റ്റുകള്‍ക്ക് ജാമ്യം അനുവദിച്ച് കൊണ്ടാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

Update: 2021-06-15 06:58 GMT

ന്യൂഡല്‍ഹി: പ്രതിഷേധിക്കാനുള്ള അവകാശവും തീവ്രവാദ പ്രവര്‍ത്തനവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാദമായ പൗരത്വ നിയമത്തെ ചൊല്ലി ദേശീയ തലസ്ഥാനത്ത് നടന്ന കലാപവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് അറസ്റ്റിലായ മൂന്ന് ആക്റ്റിവിസ്റ്റുകള്‍ക്ക് ജാമ്യം അനുവദിച്ച് കൊണ്ടാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

2020 മെയില്‍ അറസ്റ്റിലായ വനിതാ അവകാശ ഗ്രൂപ്പായ പിഞ്ച്ര ടോഡിലെ അംഗങ്ങളായ നതാഷ നര്‍വാള്‍, ദേവാംഗന കലിത, ജാമിയ മില്ലിയ ഇസ്‌ലാമിയ വിദ്യാര്‍ഥി ആസിഫ് ഇക്ബാല്‍ തന്‍ഹ എന്നിവര്‍ക്കെതിരേ കരിനിയമമായ യുഎപിഎ ചുമത്തുകയും വിചാരണക്കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു.

ഇന്ന് രാവിലെ ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, അനുപ് ജയറാം ഭംഭാനി എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് മൂവര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. 50000 രൂപയുടെ വ്യക്തിഗത ബോണ്ട്, പാസ്‌പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കുക, നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, അന്വേഷണത്തെ തടസ്സപ്പെടുത്താതിരിക്കുക എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.

ഭരണകൂടത്തിന്റെ കണ്ണിലെ കരടായ വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ത്വരയാണ് ഇതിലൂടെ കാണിക്കുന്നത്. ഭരണഘടനാപരമായി ഉറപ്പുനല്‍കുന്ന പ്രതിഷേധത്തിനുള്ള അവകാശവും തീവ്രവാദ പ്രവര്‍ത്തനവും തമ്മിലുള്ള ദൂരം മങ്ങിവരുന്നതായി തോന്നുന്നു. ഈ മാനസികാവസ്ഥ ശക്തിപ്രാപിക്കുന്നുവെങ്കില്‍ അത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ദുഖകരമായ ദിവസമായിരിക്കും-കോടതി കുറിച്ചു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ദേശീയ തലസ്ഥാനത്തിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് നതാഷ നര്‍വാള്‍, ദേവാംഗന കലിത

എന്നിവരെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ ജാഫ്രാബാദ് പ്രദേശത്ത് നടന്ന കലാപവുമായി ബന്ധപ്പെട്ട സമാനമായ ആരോപണത്തിലാണ് ഇവര്‍ നേരത്തെ അറസ്റ്റിലായതെങ്കിലും ആ കേസില്‍ ജാമ്യം ലഭിച്ചു. ജാമ്യാപേക്ഷയ്ക്ക് ഒരു ദിവസത്തിന് ശേഷമാണ് ഇവരുടെ രണ്ടാമത്തെ അറസ്റ്റ്.

കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞ മുതിര്‍ന്ന സി.പി.എം അംഗവും പിതാവുമായ മഹാവീര്‍ നര്‍വാളിന് അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കഴിഞ്ഞ മാസം മൂന്നാഴ്ചത്തേക്ക് നതാഷ നര്‍വാലിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.

Tags: