കശ്മീരികള്‍ക്ക് വേണ്ടി തെരുവിലിറങ്ങി സിഖ് ജനത; പഞ്ചാബില്‍ ദേശീയപാതകള്‍ ഉപരോധിച്ചു

ഭാരതി കിസാന്‍ യൂനിയന്റെ നേതൃത്വത്തില്‍ 13 സംഘടനകള്‍ പഞ്ചാബ് തലസ്ഥാന നഗരിയിലേക്കുള്ള വിവിധ ദേശീയപാതകള്‍ ഉപരോധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് എന്നിവരുടെ കോലങ്ങള്‍ സമരക്കാര്‍ കത്തിച്ചു.

Update: 2019-09-18 12:17 GMT

ലുദിയാന: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ വ്യാപക പ്രതിഷേധം. കശ്മീരികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വേണ്ടി സിഖ് ജനത തെരുവിലിറങ്ങി. സര്‍ക്കാറിന്റെ വിലക്കുകള്‍ ലംഘിച്ചാണ് സിഖ് ജനത പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്.


മൊഹാലിയില്‍ മെഗാറാലിക്ക് ആഹ്വാനം ചെയ്ത ഭാരതി കിസാന്‍ യൂനിയന്‍ ചണ്ഡീഗഡിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, മാര്‍ച്ചിന് അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെ ഭാരതി കിസാന്‍ യൂനിയന്റെ നേതൃത്വത്തില്‍ 13 സംഘടനകള്‍ പഞ്ചാബ് തലസ്ഥാന നഗരിയിലേക്കുള്ള വിവിധ ദേശീയപാതകള്‍ ഉപരോധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് എന്നിവരുടെ കോലങ്ങള്‍ സമരക്കാര്‍ കത്തിച്ചു.


ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ സംഘടനകള്‍ ഈ മാസം ആദ്യം സംസ്ഥാനത്തുടനീളം നിരവധി ജില്ലാതല പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.

കശ്മീര്‍ ദേശീയ പ്രക്ഷോഭ-പിന്തുണാ സമിതി സംഘടിപ്പിക്കുന്ന മാര്‍ച്ച് പോലിസ് തടയുന്ന ഇടങ്ങളില്‍ ധര്‍ണ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. കശ്മീരില്‍ പെല്ലറ്റ് ആക്രമണത്തില്‍ കണ്ണിന് പരുക്കേറ്റ കുട്ടികളുടെ ചിത്രങ്ങളുമായാണ് നൂറുകണക്കിന് സ്ത്രീകള്‍ ഉള്‍പ്പടേയുള്ള സിഖ് പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്.


ബതിന്ദ-ചണ്ഡിഗഡ് ഹൈവേ തടഞ്ഞ സമരക്കാര്‍ ബതിന്ദ പ്രദേശത്തെ ഭുച്ചോ മണ്ഡി, രാംപുര, തല്‍വണ്ടി സാബോ എന്നിവിടങ്ങളില്‍ ധര്‍ണകള്‍ സംഘടിപ്പിച്ചു. ബര്‍ണാലയില്‍ ബദ്ബാര്‍ പ്രദേശത്തിനടുത്തുള്ള ബര്‍ണാല-ചണ്ഡിഗഡ് റോഡിലും ധര്‍ണ നടത്തി.

ഹിമ്മത്പുരയ്ക്കടുത്തുള്ള മൊഗാബര്‍ണാല റോഡിലും കിഷന്‍പുര പ്രദേശത്തിനടുത്തുള്ള ധരംകോട്ട്-ലുധിയാന റോഡിലും മറ്റ് രണ്ട് പ്രക്ഷോഭങ്ങള്‍ അരങ്ങേറി. മന്‍സയില്‍, ബര്‍ണലമന്‍സ സംസ്ഥാനപാതയായ മന്‍സ കവലയില്‍, മുഖ്‌സര്‍, ഫരീദ്‌കോട്ട്, സംഗ്രൂര്‍, ലുധിയാന, പട്യാല തുടങ്ങിയ കേന്ദ്രങ്ങളിലും ധര്‍ണ നടത്തി. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ സംസ്ഥാനപാതകള്‍ തടഞ്ഞു.

അമൃത്സറില്‍ നിന്നും ഗുരുദാസ്പൂരില്‍ നിന്നുമുള്ള പ്രതിഷേധക്കാര്‍ റോപ്പര്‍ വരെ എത്തി. ഇതോടെ റോപ്പര്‍-ചണ്ഡിഗഡ് സംസ്ഥാനപാതയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെ ധര്‍ണ അരങ്ങേറി. മൊഹാലിയുടെ പ്രാന്തപ്രദേശമായ കുറാലിയിലും ധര്‍ണകള്‍ നടന്നു. റോഡുകള്‍ പൂര്‍ണമായും തടഞ്ഞുകൊണ്ടായിരുന്നു പ്രക്ഷോഭങ്ങള്‍.

'സെപ്റ്റംബര്‍ 10 ന് ബതിന്ദ, ജലന്ധര്‍, അമൃത്‌സര്‍, ഗുരുദാസ്പൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ റാലികള്‍ക്ക് പോലിസ് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയത് എന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല'. ബികെയു (ഉഗ്രഹാന്‍) ജനറല്‍ സെക്രട്ടറി സുഖ്‌ദേവ് സിംഗ് കോക്രി കലന്‍ പറഞ്ഞു.

'സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റിയതും ഞായറാഴ്ചത്തെ മൊഹാലി റാലിക്ക് അനുമതി നിഷേധിച്ചതും ആശ്ചര്യമുളവാക്കുന്നതാണ്. ഇപ്പോഴും കടുത്ത നിയന്ത്രണങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന കശ്മീരികളെ പിന്തുണയ്ക്കുന്നതിനുള്ള കൂട്ടായ റാലിയും പ്രക്ഷോഭവുമായിരുന്നു റാലി.' അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കുന്നില്ല. സെപ്റ്റംബര്‍ 3 മുതല്‍ 10 വരെ പഞ്ചാബിലെ വിവിധ ജില്ലകളില്‍ ഞങ്ങള്‍ സംഘടിപ്പിച്ച ജില്ലാതല ധര്‍ണയ്ക്ക് അനുമതി നിഷേധിച്ചിരുന്നില്ല. എന്തുകൊണ്ടാണ് മൊഹാലിയില്‍ ഒരു റാലി സംഘടിപ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഞങ്ങളെ തടഞ്ഞത്? ഒരു വശത്ത്, രാഹുല്‍ ഗാന്ധി കശ്മീരിലേക്ക് പോകുന്നു, ക്യാപ്റ്റന്‍ അമരീന്ദര്‍ ഓഗസ്റ്റ് 5 'ബ്ലാക്ക് ഡേ' എന്ന് വിളിക്കുന്നു, കശ്മീര്‍ വിദ്യാര്‍ത്ഥികളെ ഉച്ചഭക്ഷണത്തിന് ക്ഷണിക്കുന്നു. ഇതിനിടയില്‍ റാലി സംഘടിപ്പിക്കുന്നതില്‍ നിന്ന് അദ്ദേഹം ഞങ്ങളെ തടഞ്ഞു'. പെന്‍ഡു ഖേത് മസ്ദൂര്‍ യൂനിയന്‍ പ്രസിഡന്റ് ലച്മാന്‍ സിംഗ് സേവാല പറഞ്ഞു.

ഭാരതി കിസാന്‍ യൂനിയന്‍ (ഉഗ്രഹാന്‍), പെന്‍ഡു ഖേത് മസ്ദൂര്‍ യൂനിയന്‍, ടെക്‌സ്‌റ്റൈല്‍ മസ്ദൂര്‍ യൂനിയന്‍, കാര്‍ഖാന മസ്ദൂര്‍ യൂനിയന്‍, പഞ്ചാബ് സ്റ്റുഡന്റ്‌സ് യൂനിയന്‍ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്.

Tags:    

Similar News