പ്രവാചക നിന്ദ ആര്‍എസ്എസിന്റെ വംശവെറി: സംസ്ഥാന വ്യാപകമായി പോപുലര്‍ ഫ്രണ്ട് പ്രക്ഷോഭം

Update: 2022-06-10 14:20 GMT

കോഴിക്കോട്: പ്രവാചകനെ നിന്ദിച്ച ബിജെപി വക്താവ് നുപൂര്‍ ശര്‍മ്മ ഉള്‍പ്പടേയുള്ള ബിജെപി-ആര്‍എസ്എസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. എല്ലാ ജില്ലകളിലും ഡിവിഷന്‍, ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടികള്‍. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ യോഗങ്ങളിലും പ്രകടനങ്ങളിലും ആയിരങ്ങള്‍ പങ്കാളികളായി.


ചാനല്‍ ചര്‍ച്ചക്കിടെ ബിജെപി വക്താവ് നുപൂര്‍ ശര്‍മ്മ പ്രവാചകനെ നിന്ദിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആര്‍എസ്എസിന്റെ വംശവെറിയുടെ ഭാഗമാണെന്നും വിവിധ പ്രതിഷേധ യോഗങ്ങളില്‍ സംസാരിച്ച പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു. പരമത നിന്ദയും മുസ്‌ലിം വിദ്വേഷവും കാലങ്ങളായി സംഘപരിവാര്‍ നടത്തിവരികയാണ്. അതിന്റെ തുടര്‍ച്ചയാണ് നുപൂര്‍ ശര്‍മ്മ നടത്തിയ പ്രവാചക അധിക്ഷേപം.


ലോകവ്യാപകമായി ഇന്ത്യയുടെ സല്‍പ്പേരിനെ കളങ്കപ്പെടുത്താന്‍ വരെ കാരണമാകും വിധം മുസ്‌ലിം വിദ്വേഷവും പ്രവാചക നിന്ദയും അജണ്ടയായി സ്വീകരിച്ചിരിക്കുകയാണ് സംഘപരിവാര്‍. പ്രതിഷേധം കനത്തപ്പോള്‍ ബിജെപിയുടെ വക്താവ് എന്ന പദവിയില്‍ നിന്നും നുപൂര്‍ ശര്‍മ്മയെ നീക്കം ചെയ്‌തെങ്കിലും അവരെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കുറ്റവാളിയെ ജയിലില്‍ അടക്കുന്നതിന് പകരം അവര്‍ക്ക് പോലിസ് സംരക്ഷണം നല്‍കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്.


അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള നാടകം മാത്രമാണ് ബിജെപിയുടെ നടപടി എന്ന് വ്യക്തമാവുകയാണ്. അതേസമയം ബിജെപി നേതാക്കള്‍ പ്രവാചക നിന്ദയെ തള്ളിപ്പറയാന്‍ തയ്യാറായിട്ടുമില്ല. നുപൂര്‍ ശര്‍മ്മയുടേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആര്‍എസ്എസ് ഉയര്‍ത്തുന്ന മുസ്‌ലിം വിരുദ്ധ വംശവെറിയുടെ ഭാഗമാണെന്നും ഇത് വ്യക്തമാക്കുന്നു.

വംശവെറിയന്മാരായ ആര്‍എസ്എസുകാരെ തുറുങ്കിലടക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തില്‍ പ്രവാചക നിന്ദ നടത്തിയ ഹിന്ദുത്വ നേതാവിനെ സംരക്ഷിക്കുന്ന നിലാപടാണ് കേരള പോലിസ് സ്വീകരിക്കുന്നതെന്നും നുപൂര്‍ ശര്‍മയുടെ വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ആത്മാര്‍ഥമാണെങ്കില്‍ കേരളത്തില്‍ ഹീനമായ ഭാഷയില്‍ പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരേ നിയമ നടപടിയെടുക്കുകയാണ് വേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.



 


Tags: