'ഇന്നേക്ക് 65 ദിവസമായിരിക്കുന്നു, ഉമ്മയുടെ മുഖം കണ്ടിട്ട്'; കശ്മീര്‍ മാധ്യമ പ്രവര്‍ത്തകന്‍ ഇര്‍ഫാന്‍ റാഷിദ്
'ഇന്നേക്ക് 65 ദിവസമായിരിക്കുന്നു ഞാന്‍ എന്റെ ഉമ്മയുടെ മുഖമൊന്ന് കണ്ടിട്ട്. സഹോദരിമാരുടെ സങ്കടങ്ങളില്‍ ആശ്വാസം പകര്‍ന്നിട്ട് ഇന്നേക്ക് 65 രാത്രികള്‍ കടന്നു പോയിരിക്കുന്നു. ഭയം നിഴലിക്കുന്ന ഉപ്പയുടെ മുഖം കണ്ടിട്ട് 1560 മണിക്കൂറുകള്‍ പിന്നിടുന്നു. ആഗസ്ത് അഞ്ച് മുതല്‍ ന്യൂഡല്‍ഹിയില്‍ ഞാന്‍ തനിച്ചാണ്.' ഇര്‍ഫാന്‍ റാഷിദ് കുറിച്ചു.
ന്യൂഡല്‍ഹി: 'ഉമ്മയുടെ ശബ്ദം കേള്‍ക്കാതെ, ഉപ്പയുടേയും ഉറ്റവരുടേയും ശബ്ദം കേള്‍ക്കാതെ എത്ര ദിവസം നിങ്ങള്‍ക്ക് സമാധാനത്തോടെ കഴിയാന്‍ സാധിക്കും. നെറ്റ് വര്‍ക്കുകള്‍ റദ്ദ് ചെയ്തത് മൂലം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാവാതെ, ഇന്റര്‍നെറ്റ് സംവിധാനമില്ലാതെ എത്ര മണിക്കൂറുകള്‍ നിങ്ങള്‍ക്ക് ക്ഷമയോടെ ഇരിക്കാന്‍ കഴിയും?.' മുന്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ലേഖകന്‍ ആയിരുന്ന കശ്മീരി മാധ്യമ പ്രവര്‍ത്തകന്‍ ഇര്‍ഫാന്‍ റാഷിദിന്റേതാണ് ചോദ്യം. കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കിയതിന് ശേഷം കശ്മീരികളുടെ അവസ്ഥകള്‍ വ്യക്തമാക്കുകയാണ് ലേഖകന്‍.
'ഇന്നേക്ക് 65 ദിവസമായിരിക്കുന്നു ഞാന്‍ എന്റെ ഉമ്മയുടെ മുഖമൊന്ന് കണ്ടിട്ട്. സഹോദരിമാരുടെ സങ്കടങ്ങളില്‍ ആശ്വാസം പകര്‍ന്നിട്ട് ഇന്നേക്ക് 65 രാത്രികള്‍ കടന്നു പോയിരിക്കുന്നു. ഭയം നിഴലിക്കുന്ന ഉപ്പയുടെ മുഖം കണ്ടിട്ട് 1560 മണിക്കൂറുകള്‍ പിന്നിടുന്നു. ആഗസ്ത് അഞ്ച് മുതല്‍ ന്യൂഡല്‍ഹിയില്‍ ഞാന്‍ തനിച്ചാണ്.' ഇര്‍ഫാന്‍ റാഷിദ് കുറിച്ചു.
'കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നതിന് ശേഷം 14 ദിവസങ്ങള്‍ക്ക് ശേഷമാണ് ഫോണില്‍ ഉമ്മയുടെ ശബ്ദമൊന്ന് കേള്‍ക്കാന്‍ കഴിഞ്ഞത്. എന്നാല്‍ രണ്ട് മാസമായിട്ടും വീട്ടുകാരെ ഒരിക്കല്‍ പോലും വിളിക്കാന്‍ കഴിയാത്ത നിരവധി കശ്മീരികളുണ്ടെന്ന് അറിയുമ്പോള്‍ ഞാന്‍ എത്ര ഭാഗ്യവാനാണെന്ന് തോന്നിപോകുന്നു.' റാഷിദ് പറഞ്ഞു.
എന്നാല്‍, സര്‍ക്കാര്‍ ഇപ്പോഴും ജനങ്ങളെ വിഢികളാക്കി കൊണ്ടിരിക്കുകയാണ്. കശ്മീര്‍ താഴ്‌വരയില്‍ ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍ പുനസ്ഥാപിച്ചെന്നാണ് സര്‍ക്കാര്‍ പുറം ലോകത്തോട് വിളിച്ചു പറയുന്നത്. എന്നാല്‍, കശ്മീരില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ സമ്പന്നരുടെ വീടുകളിലും മാത്രമാണ് ലാന്‍ഡ് ഫോണുകള്‍ ഉള്ളത്. സാധാരണക്കാരായ കശ്മീരികളെല്ലാം വിലകുറഞ്ഞ മൊബൈല്‍ ഫോണുകള്‍ മാത്രം ഉപയോഗിക്കുന്നവരാണ്.' കശ്മീരിലെ ജനജീവിതം സാധാരണ നിലയിലായെന്ന സര്‍ക്കാര്‍ വാദത്തെ തള്ളിക്കൊണ്ട് ഇര്‍ഫാന്‍ റാഷിദ് വ്യക്തമാക്കി.