യുപി: പോലിസ് വെടിവയ്പില്‍ പരിക്കേറ്റ ഒരാള്‍കൂടി മരിച്ചു; മരണ സംഖ്യ 21 ആയി ഉയര്‍ന്നു

ഫിറോസാബാദില്‍ പോലിസ് വെടിയേറ്റ് ചികില്‍സയിലായിരുന്ന മുഹമ്മദ് ഹറൂണ്‍ ആണ് ഇന്ന് മരിച്ചത്. കഴുത്തിന് വെടിയേറ്റ ഹറൂണ്‍ എയിംസില്‍ ചികില്‍സയിലായിരുന്നു.

Update: 2019-12-26 07:03 GMT

ലക്‌നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനു നേരയുണ്ടായ പോലിസ് നടപടിയില്‍ മരിച്ചവരുടെ എണ്ണം 21 ആയി. ഫിറോസാബാദില്‍ പോലിസ് വെടിയേറ്റ് ചികില്‍സയിലായിരുന്ന മുഹമ്മദ് ഹറൂണ്‍ ആണ് ഇന്ന് മരിച്ചത്. കഴുത്തിന് വെടിയേറ്റ ഹറൂണ്‍ എയിംസില്‍ ചികില്‍സയിലായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ മുക്കിം എന്നയാള്‍ ഇന്നലെ മരിച്ചിരുന്നു.

അതേസമയം, രാംപൂരില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് 28 പേര്‍ക്ക് പോലിസ് നോട്ടീസ് നല്‍കി. പതിനാല് ലക്ഷം രൂപ വീതം ഈടാക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധ്യപ്പെടുത്താനാണ് നോട്ടിസില്‍ പറയുന്നത്.

എംബ്രോയിഡറി തൊഴിലാളി ഉള്‍പ്പടെയുള്ളവര്‍ക്കാണ് നോട്ടിസ്. ഉത്തര്‍പ്രദേശിലെ സംഭവങ്ങളില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം ശക്തമാകുകയാണ്. പലയിടത്തും വെടിവച്ചില്ലെന്നു പോലിസ് പറയുമ്പോഴും നിരവധി പേര്‍ക്ക് പോലിസ് വെടിവയ്പില്‍ ജീവഹാനി നേരിടുകയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.ഇന്നലെ മീററ്റില്‍ പോലിസ് തടഞ്ഞതിനെതുടര്‍ന്ന് മടങ്ങിയ രാഹുലും പ്രിയങ്കയും അടുത്ത ദിവസം വീണ്ടും സന്ദര്‍ശനത്തിന് ശ്രമം നടത്തും.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ തെരുവിലിറങ്ങിയവര്‍ക്കു നേരെ യുപി പോലിസ് വ്യാപക അടിച്ചമര്‍ത്തല്‍ നടപടിയാണ് സ്വീകരിച്ചത്. അലിഗഢ് മുസ്‌ലിം യുനിവേഴ്‌സിറ്റിയില്‍ ഉള്‍പ്പെടെ പോലിസ് നരനായാട്ട് നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നിയമസഹായവുമായെത്തുന്ന അഭിഭാഷകരേയും പോലിസ് കള്ളക്കേസ് ചുമത്തി ജയിലിലടയ്ക്കുകയാണ്.

Tags:    

Similar News