സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ്; നിരീശ്വരവാദം നടപ്പാക്കാന്‍ ആസുത്രിതനീക്കം

ആദ്യം മുതല്‍ക്കുതന്നെ സമാധാനപരമായി പരിഹരിക്കാവുന്ന പ്രശ്‌നം ഇത്രയും സങ്കീര്‍ണമാക്കിയതും സര്‍ക്കാരാണ്.

Update: 2019-01-06 06:34 GMT

കോട്ടയം: സുപ്രീംകോടതി വിധിയുടെ മറവില്‍ നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് ശബരിമലയിലെ യുവതി പ്രവേശനത്തിലൂടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസുത്രിത നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തും നിന്നും നടന്നുവരുന്നതെന്ന് എന്‍എസ്എസ്. ജനങ്ങള്‍ നല്‍കിയ അധികാരം കൈയില്‍ വച്ച് ഏതു ഹീനമാര്‍ഗവും ഉപയോഗിച്ച് പാര്‍ട്ടിയുടെ നയം നടപ്പാക്കുകയെന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് സംശയിക്കുന്നതില്‍ തെറ്റുപറയാനാവില്ലെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇതിന്റെ പേരില്‍ നടക്കുന്ന കലാപങ്ങള്‍ക്കെല്ലാം കാരണക്കാര്‍ സംസ്ഥാന സര്‍ക്കാരെന്നാണ് ജനം വിലയിരുത്തുന്നത്. ആദ്യം മുതല്‍ക്കുതന്നെ സമാധാനപരമായി പരിഹരിക്കാവുന്ന പ്രശ്‌നം ഇത്രയും സങ്കീര്‍ണമാക്കിയതും സര്‍ക്കാരാണ്. ആനാവശ്യമായ നിരോധനാജ്ഞ നടപ്പാക്കുക, നിരപരാധികളായ ഭക്തരെ കേസില്‍ കുടുക്കി ജയിലിലടക്കുക, നാട്ടില്‍ മുഴുവനും അരാജകത്വം സൃഷ്ടിക്കുക, എന്തുകള്ളവും മാറിമാറിപ്പറഞ്ഞ് തങ്ങളുടെ ലക്ഷ്യം സാധൂകരിക്കുക, ഹൈന്ദവ ആചാര്യന്മാരെ നികൃഷ്ടമായി അധിക്ഷേപിക്കുക, വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക. ഇതെല്ലാമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതു ഒരു ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതാണോയെന്നും അദ്ദേഹം ചോദിക്കുന്നു. ശബരിമലയിലെ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിച്ച് ഈശ്വരവിശ്വാസം നിലനിര്‍ത്തേണ്ടത് ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ആവശ്യമാണ്. അത് സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. സര്‍ക്കാര്‍ അതു ചെയ്തില്ലെങ്കില്‍ സംരക്ഷിക്കാനായി വിശ്വാസികള്‍ രംഗത്തുവരുന്നതില്‍ തെറ്റുപറയാനാവുമോ? അതിനു രാഷ്ട്രീയനിറം കൊടുത്ത് സര്‍ക്കാര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല.

ഏതു മതത്തിന്റേതായാലും വിശ്വാസം സംരക്ഷിക്കപ്പെടേണ്ടത് മനുഷ്യരാശിയുടെ നിലനില്‍പിന്റെ ആവശ്യമാണ്. ശബരിമല വിഷയം എല്ലാ മതസാമുദായിക വിഭാഗങ്ങളുമായി ബന്ധപ്പെട്ടതാണ്. അവിടുത്തെ വിശ്വാസം തകര്‍ക്കാന്‍ ആരേയും അനുവദിക്കരുത്. എല്ലാ മതവിശ്വാസികളും ബന്ധപ്പെട്ട സംഘടനകളും വിശ്വാസലംഘനത്തിനെതിരേ സമാധാനപരമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും സുകുമാരന്‍നായര്‍ പറയുന്നു.


Tags:    

Similar News