അസം പൗരത്വ പട്ടിക മുസ്‌ലിംകളെ രാജ്യമില്ലാത്തവരാക്കാനുള്ള നീക്കം: യുഎസ് കമ്മീഷൻ

2019ൽ ആഗസ്തിൽ അന്തിമ പൗരത്വ പട്ടിക പുറത്തിറങ്ങിയതിന് ശേഷം ബിജെപി സർക്കാർ മുസ്‌ലിം വിരുദ്ധ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് റിപോർട്ട് ആരോപിക്കുന്നു

Update: 2019-11-16 09:36 GMT

ന്യൂഡൽഹി: അസമിലെ പൗരത്വ പട്ടിക മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതിനും മുസ്‌ലിംകളെ രാജ്യമില്ലാത്തവരായി മാറ്റാനുള്ള നീക്കമാണെന്ന് റിപോർട്ട്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് കമ്മീഷനാണ് കേന്ദ്ര സർക്കാരിനെതിരേ കടുത്ത ആരോപണം ഉന്നയിച്ചത്.

അസമിലെ അന്തിമ എൻ‌ആർ‌സി പട്ടികയിൽ 19 ലക്ഷം സ്ഥിരം താമസക്കാരെ ഒഴിവാക്കിയിട്ടുണ്ട്. യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം വെള്ളിയാഴ്ചയാണ് റിപോർട്ട് പ്രസിദ്ധീകരിച്ചത്. എൻ‌ആർ‌സി അസമിലെ ബംഗാളി മുസ്‌ലിം സമൂഹത്തെ ലക്ഷ്യം വച്ചാണ് നടപ്പിലാക്കുന്നത്. പൗരത്വത്തിനായി ഒരു മതപരമായ ആവശ്യകതയെ സ്ഥാപിക്കുകയും ധാരാളം മുസ്‌ലിംകളെ രാജ്യരഹിതരാക്കുകയും ചെയ്യുന്നതായി റിപോർട്ട് ചൂണ്ടിക്കാട്ടുന്നു.

2019ൽ ആഗസ്തിൽ അന്തിമ പൗരത്വ പട്ടിക പുറത്തിറങ്ങിയതിന് ശേഷം ബിജെപി സർക്കാർ മുസ്‌ലിം വിരുദ്ധ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് റിപോർട്ട് ആരോപിക്കുന്നു. ഇന്ത്യൻ പൗരത്വത്തിനായി ഹിന്ദുക്കൾക്കും തിരഞ്ഞെടുക്കപ്പെട്ട മതന്യൂനപക്ഷങ്ങൾക്കും അനുകൂലമായതും എന്നാൽ മുസ്‌ലിംകളെ ഒഴിവാക്കുന്നതുമായ നടപടികളാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നതെന്നും റിപോർട്ട് കുറ്റപ്പെടുത്തുന്നു.

1906657 പേരാണ് അസമില്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായത്. നവംബർ ആദ്യത്തോടെ പട്ടികയിൽ നിന്ന് പുറത്തായ ഓരോരുത്തര്‍ക്കും പുറത്തായതിനുള്ള കാരണം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പുറത്തായവര്‍ക്ക് വിദേശ ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കാം. 120 ദിവസത്തിനുളളില്‍ അപ്പീല്‍ നല്‍കണമെന്നാണ് നിയമം. എന്നാൽ മതിയായ രേഖകൾ സമർപ്പിച്ചിട്ടും നിരവധി മുസ്‌ലിംകൾ പട്ടികയ്ക്ക് പുറത്താണെന്ന റിപോർട്ടുകൾ പുറത്തുവരുന്നുണ്ട്.  

Tags:    

Similar News