കൊച്ചിയിലെ രോഗിക്ക് 'നിപ' ബാധയെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫലത്തിലാണ് നിപ സംശയിക്കുന്നത്. കൂടുതല്‍ സ്ഥിരീകരണത്തിനായി പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫലം കാത്തിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളെ അറിയിച്ചു.

Update: 2019-06-03 05:05 GMT

തിരുവനന്തപുരം: കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പനി ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന രോഗിക്ക് 'നിപ വൈറസ്' ബാധയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫലത്തിലാണ് നിപ സംശയിക്കുന്നത്. കൂടുതല്‍ സ്ഥിരീകരണത്തിനായി പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫലം കാത്തിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളെ അറിയിച്ചു.

നിപ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ എല്ലാ സജ്ജീകരണങ്ങളുമൊരുക്കിയിട്ടുണ്ട്. കഠിനമായ ചുമയും പനിയും ഉണ്ടെങ്കില്‍ ആരും മറച്ചുവയ്ക്കരുത്. എത്രയും പെട്ടന്ന് ചികില്‍സ തേടണം. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമാണ്. ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കോണ്‍ടാക്ട് ട്രെയ്‌സിങ്ങിനുള്ള നടപടികളടക്കം ആരംഭിച്ചുകഴിഞ്ഞു. നിപയാണെന്ന് കണ്ടെത്തിയാല്‍ അത് മറച്ചുവയ്ക്കില്ല. നിപയാണെങ്കില്‍ അത് ഉടന്‍തന്നെ ജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ, നിപ വൈറസ് ബാധ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേരും. രാവിലെ 10.30ന് ഡിഎംഒ ഓഫിസിലാണ് യോഗം. ആരോഗ്യവകുപ്പ് ഡയറക്ടറും യോഗത്തില്‍ പങ്കെടുക്കും. ആരോഗ്യമന്ത്രിയും കൊച്ചിയിലേക്ക് പോവുന്നുണ്ട്. കഴിഞ്ഞ തവണ കോഴിക്കോട് രോഗം സ്ഥിരീകരിച്ചപ്പോള്‍ ആസ്‌ത്രേലിയയില്‍നിന്ന് എത്തിച്ച മരുന്ന് സ്റ്റോക്കുണ്ട്. രോഗം സ്ഥിരീകരിച്ചാല്‍ മരുന്ന് വിട്ടുനല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ട് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ചികില്‍സയില്‍ കഴിയുന്ന വടക്കന്‍ പരവൂര്‍ സ്വദേശിയായി വിദ്യാര്‍ഥി ഇടുക്കിയില്‍ പഠിച്ച കോളജ് പരിസരം, വിദ്യാര്‍ഥി പരിശീലനത്തിനായി പോയ തൃശൂരിലെ സ്ഥാപനം എന്നിവിടങ്ങളിലും ജാഗ്രതാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തൃശൂര്‍ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് പരിശോധനകള്‍ ആരംഭിച്ചതായി ഡിഎംഒ അറിയിച്ചു. വിദ്യാര്‍ഥിയുമായി അടുത്തിടപഴകിയവരെ കണ്ടെത്തി രോഗലക്ഷണങ്ങളുണ്ടോയെന്ന് കണ്ടെത്തുകയാണ് ചെയ്യുന്നത്. എന്നാല്‍, ഇതുവരെ ആര്‍ക്കും പനിയുള്ളതായി കണ്ടെത്താനായില്ലെന്ന് ഡിഎംഒ പറഞ്ഞു.

22 പേരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഇതില്‍ ആറ് പേരാണ് വിദ്യാര്‍ഥിയുമായി അടുത്തിടപഴകിയത്. അവരെ പ്രത്യേകം നിരീക്ഷിച്ചുവരികയാണ്. വിദ്യാര്‍ഥി തൃശൂരിലെത്തുമ്പോള്‍തന്നെ പനിയുണ്ടായിരുന്നു. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തൃശൂര്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ രാവിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി ഡിഎംഒ വ്യക്തമാക്കി. കഴിഞ്ഞ 10 ദിവസമായി ചികില്‍സയില്‍ കഴിയുന്ന രോഗിക്ക് കടുത്ത പനിയുണ്ട്. വൈറസ് ഏതെന്ന് സ്വകാര്യാശുപത്രിയില്‍ കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്. 

Tags: