ദേശീയ പണിമുടക്ക്: ജനജീവിതം സ്തംഭിച്ചത് കേരളത്തില്‍ മാത്രം

പണിമുടക്ക് ഉത്തരേന്ത്യയില്‍ ഭാഗികമായിരുന്നു. ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളെ പണിമുടക്ക് തീരെ ബാധിച്ചില്ല. ഇവിടങ്ങളിലെല്ലാം റോഡു ഗതാഗതം സാധാരണ ഗതിയിലായിരുന്നു. എന്നാല്‍ അസം, ബംഗാള്‍, തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും ട്രെയിന്‍ ഗതാഗതം താറുമാറായി.

Update: 2019-01-08 11:47 GMT

ന്യൂഡല്‍ഹി: സംയുക്ത ട്രേഡ് യൂനിയന്‍ ആഹ്വാനംചെയ്ത രണ്ടുദിവസത്തെ ദേശീയ പണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചത് കേരളത്തില്‍ മാത്രം. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പണിമുടക്ക് ജനജീവിതത്തെ ബാധിച്ചില്ല. ബിഎംഎസ് ഒഴികെയുള്ള പ്രധാന യൂനിയനുകള്‍ അണിനിരക്കുന്ന പണിമുടക്കായതിനാല്‍ കേരളത്തില്‍ ഹര്‍ത്താലിന് സമാനമായ അവസ്ഥയായിരുന്നു. കെഎസ്ആര്‍ടിസിയും ഓട്ടോകളും പണിമുടക്കില്‍ പങ്കെടുത്തതോടെ സാധാരണക്കാര്‍ പെരുവഴിയിലായി. സ്വകാര്യ വാഹനങ്ങല്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.

പണിമുടക്ക് ഹര്‍ത്താലാവില്ലെന്ന് നേതാക്കള്‍ ഉറപ്പുനല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. പലയിടങ്ങളിലും ട്രെയിന്‍ തടഞ്ഞു. ബസ്, ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ നിലച്ചു. റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ മേഖലകളും പണിമുടക്കിന്റെ ഭാഗമായി.

സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഇന്നും നാളെയും പ്രവൃത്തിദിനമാണെങ്കിലും ബഹൂഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും പണിമുടക്കിന്റെ ഭാഗമായി. പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് രണ്ടുദിവസം കൊണ്ട് 12 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്നും സമരത്തില്‍നിന്ന് പിന്‍മാറണമെന്നും എംഡി ടോമിന്‍ തച്ചങ്കരി ആവശ്യപ്പെട്ടെങ്കിലും യൂനിനുകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

വ്യാപാരി സംഘടനകള്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ബഹുഭൂരിപക്ഷ കടകളും അടഞ്ഞുകിടന്നു.

അതേസമയം, പണിമുടക്ക് ഉത്തരേന്ത്യയില്‍ ഭാഗികമായിരുന്നു. ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളെ പണിമുടക്ക് തീരെ ബാധിച്ചില്ല. ഇവിടങ്ങളിലെല്ലാം റോഡു ഗതാഗതം സാധാരണ ഗതിയിലായിരുന്നു. എന്നാല്‍ അസം, ബംഗാള്‍, തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും ട്രെയിന്‍ ഗതാഗതം താറുമാറായി. തമിഴ്‌നാട്ടിലടക്കം വിവിധയിടങ്ങളില്‍ ചെറിയ തോതില്‍ അക്രമങ്ങളുണ്ടായി.

പുതുച്ചേരിയില്‍ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചു റോഡു തടഞ്ഞു പ്രതിഷേധിച്ച അഞ്ഞൂറോളം പേരെ കസ്റ്റഡിയിലെടുത്തു. ബംഗാളിലെ കൊല്‍ക്കത്ത, അസന്‍സോള്‍, ഹൂഗ്ലി തുടങ്ങിയ സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടായി. അസന്‍സോളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. കൊല്‍ക്കത്തയില്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധിച്ച സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഫാക്ടറികളും വ്യവസായ ശാലകളും അടഞ്ഞുകിടന്നെങ്കിലും ജനജീവിതത്തെ ബാധിച്ചില്ല.

48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തുടങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. തൊഴിലില്ലായ്മ പരിഹരിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, വൈദ്യുതി മേഖലയുടെയും ട്രാന്‍സ്‌പോര്‍ട്ട് മേഖലയുടെയും സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ 12 ഇന ആവശ്യമാണ് ഉന്നയിക്കുന്നത്. ഗ്രാമീണ്‍ ഭാരത് ബന്ദിന് കിസാന്‍ സഭയും ആഹ്വാനം ചെയ്തിട്ടുണ്ട്.




Tags:    

Similar News