കേരളത്തില്‍ 46 ശതമാനം മഴയുടെ കുറവ്

കാലവര്‍ഷക്കാറ്റ് ദുര്‍ബലമായതും പസഫിക് സമുദ്രത്തിലെ എല്‍നിനോയും കേരളത്തിലെ കാലവര്‍ഷത്തെ പ്രതികൂമായി ബാധിച്ചുവെന്ന് കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ.എം ജി മനോജ്. ഇടുക്കിയിലും വയനാടിലുമാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. ഇടുക്കിയില്‍ 60 ശതമാനം മഴയുടെ കുറവാണ് രേഖപെടുത്തിയിരിക്കുന്നത്.കാലവര്‍ഷക്കാറ്റ് ദുര്‍ബലമായതിനാല്‍ കിഴക്കന്‍ മേഖലയായ ഇടുക്കിയിലേക്ക് മഴ മേഘങ്ങള്‍ എത്തിപ്പെടുന്നില്ല.

Update: 2019-07-15 10:41 GMT

കൊച്ചി: ഇപ്രാവശ്യത്തെ കാലവര്‍ഷത്തില്‍ കേരളത്തില്‍ ഇതുവരെ 46 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ.എം ജി മനോജ്. തേജസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഡോ.എം ജി മനോജ് ഇക്കാര്യം വ്യക്തമാക്കിയത്.പസഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസവും മഴമേഘങ്ങളെ വഹിക്കുന്ന കാലവര്‍ഷക്കാറ്റ് ദുര്‍ബലപ്പെട്ടതും കേരളത്തില്‍ മഴ കുറയാന്‍ കാരണമാകുന്നതായും ഡോ.എം ജി മനോജ് പറഞ്ഞു.പ്രളയം കഴിഞ്ഞതിനാല്‍ ഇപ്രാവശ്യം മഴ കുറവായിരിക്കുമെന്ന ധാരണയുണ്ടായിരുന്നു.മണ്‍സൂണില്‍ സാധാരണ ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ഉയരത്തില്‍ ആണ് ശക്തമായ കാറ്റ് വീശുന്നത് കാലവര്‍ഷത്തില്‍ മഴമേഘങ്ങളെ കൊണ്ടുവരുന്ന ഇതിനെ കാലവര്‍ഷക്കാറ്റ് എന്നാണ് പറയുന്നത്.സാധാരണ ഗതിയില്‍ 50 മുതല്‍ 60 വരെയും ചിലസമയത്ത് 80 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റ് വീശാറുണ്ട്. എന്നാല്‍ ഇപ്രാശ്യം വീശുന്ന കാലവര്‍ഷക്കാറ്റ് ദുര്‍ബലമാണ്.തീരെ വേഗമില്ലാത്ത അവസ്ഥയാണ്.ഇതാണ് മഴ കുറയാനുള്ള ഒരു പ്രധാന കാരണം.കാറ്റിന്റെ വേഗത കുറയുമ്പോള്‍ കടലില്‍ നിന്നും ഈര്‍പ്പത്തെ കരയിലേക്ക് വഹിച്ചുകൊണ്ടുവരാനുളള ശേഷി കുറയും അതനുസരിച്ച് ശോഷിച്ച മേഘങ്ങളായിരിക്കും ഉണ്ടാകുക. മഴ നിന്നു പെയ്യുന്ന വിധത്തിലുള്ള മേഘങ്ങള്‍ ഉണ്ടാവില്ല.

കാറ്റിന്റെ ദിശ മാറുന്നുവെന്നതാണ് മറ്റൊരു കാരണം.മിക്കാവാറും സമയത്ത് വടക്കോട്ടേയ്ക്ക് പോകുന്നുണ്ട്.അവിടെയെവിടെയെങ്കിലും ന്യൂനമര്‍ദം ഉണ്ടെങ്കില്‍ കാറ്റിന്റെ ഗതി അങ്ങോട്ടേയക്ക് മാറും അങ്ങനെ വരുമ്പോള്‍ കേരളം ഒഴിവായിപോകും.ഇന്നലെ വരെയുള്ള കണക്കു പ്രകാരം കേരളത്തില്‍ 46 ശതമാനം മഴകുറവാണെന്നാണ് വ്യക്തമായിരിക്കുന്നത്.ദീര്‍ഘകാല ശരാരിയുടെ അടിസ്ഥാനത്തിലാണ് ഇത്രയും കുറവ് രേഖപെടുത്തിയിരിക്കുന്നത്.കഴിഞ്ഞ നൂറുവര്‍ഷത്തെ ശരാശരിയെടുക്കുമ്പോള്‍ കാലവര്‍ഷ സമയത്ത് രണ്ടായിരം മില്ലി മീറ്റര്‍ മഴ കേരളത്തില്‍ കിട്ടണം.ജൂണ്‍,ജൂലൈ,ആഗസ്റ്റ്, സെപ്റ്റബര്‍ മാസങ്ങളില്‍ മാത്രമായിട്ടാണിത്.അല്ലാതെ തുലാവര്‍ഷം, വേനല്‍ മഴ എല്ലാം കൂടി ചേരുമ്പോള്‍ വര്‍ഷത്തില്‍ മൂവായിരം മില്ലി മീറ്റര്‍ മഴ കിട്ടും.ഇതില്‍ മൂന്നില്‍ രണ്ടു ഭാഗവും കാലവര്‍ഷത്തിന്റെ സംഭാവനയാണ്.ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കു പ്രകാരം കിട്ടേണ്ട മഴയുടെ 46 ശതമാനം മഴയുടെ കുറവാണ് രേഖപെടുത്തിയിരിക്കുന്നതെന്നും മനോജ് പറഞ്ഞു.ഇടുക്കിയിലും വയനാടിലുമാണ് ഏറ്റവും കുറവ്. ഇടുക്കിയില്‍ 60 ശതമാനം മഴയുടെ കുറവാണ് രേഖപെടുത്തിയിരിക്കുന്നത്.ഇതു മൂലം ഡാമുകളില്‍ വെള്ളം ഇല്ലാത്ത അവസ്ഥയാണ്.കാലവര്‍ഷക്കാറ്റ് ദുര്‍ബലമാകുമ്പോള്‍ കിഴക്കന്‍ മേഖലയായ ഇടുക്കിയിലേക്ക് മഴ മേഘങ്ങള്‍ എത്തിപ്പെടുന്നില്ല.നിലവിലെ അവസ്ഥയില്‍ അല്‍പമെങ്കിലും മഴ ലഭിച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. അവിടെ മുന്‍ വര്‍ഷങ്ങള്‍ അപേക്ഷിച്ച് 26 ശതമാനം കുറവാണ് രേഖപെടുത്തിയിരിക്കുന്നത്.ബാക്കിയെല്ലാ ജില്ലകളിലും അവസ്ഥ മോശമാണ്. എറണാകുളം ജില്ലയില്‍ 50 ശതമാനം മഴ കുറവാണ് ലഭിച്ചത്.കാലവര്‍ഷക്കാറ്റ് ശക്തമായാല്‍ മാത്രമെ ഇതിനു പരിഹമാരമാകുകയുള്ളു അതല്ലെങ്കില്‍ പ്രാദേശികമായി ഒറ്റപ്പെട്ട മഴ മാത്രമെ ലഭിക്കുകയുളളു.അതുകൊണ്ടു മാത്രം കാര്യമില്ലെന്നും ഡോ എം ജി മനോജ് പറഞ്ഞു.

കാലവര്‍ഷം എന്നു പറയുന്നത് തിരുവനന്തപരും മുതല്‍ കാസര്‍കോട് വരെ നിര്‍ത്താതെ പെയ്യുന്നതാണ്. അത് ലഭിക്കുന്നില്ല.കാലവര്‍ഷക്കാറ്റ് ശക്തിപ്പെടണമെങ്കില്‍ കേരളത്തിന്റെ പശ്ചിമതീരത്തിന് സമാന്തരമായി ന്യൂന മര്‍ദം രൂപപ്പെടണം. വടക്കു മുതല്‍ തെക്കുവരെ ന്യൂനമര്‍ദ പാത്തിയുണ്ട്. ആ ന്യൂന മര്‍ദത്തിലേക്ക് കടലില്‍ നിന്നുള്ള കാറ്റ് വലിച്ച് എടുക്കപ്പെടും.എന്നാല്‍ ഇവിടെ ന്യൂന മര്‍ദ്ദത്തിന്റെ ശക്തി വളരെ കുറഞ്ഞു നില്‍ക്കുകയാണ്.ബംഗാളിലും ന്യൂന മര്‍ദം കാര്യമായി ഉണ്ടായിട്ടില്ല.എല്‍ നിനോപ്രതിഭാസവും കാവര്‍ഷത്തെ ബാധിക്കുന്നുണ്ട്. എല്‍നിനോ ഏറെക്കുറെ പ്രവര്‍ത്തനമല്ലെങ്കിലും +.5 ഡിഗ്രി സെല്‍ഷ്യസ് പസഫിക് സമുദ്രത്തില്‍ താപനില കൂടുതലാണ്.അത് ഇന്ത്യയിലെ കാലവര്‍ഷത്തിനെ പ്രതികൂലമായിട്ടാണ് ബാധിക്കുന്നത്.ശക്തമായ എല്‍നിനോയുണ്ടായാല്‍ ഇന്ത്യയില്‍ വരള്‍ച്ചയായിരിക്കും ഫലം.ഇപ്രാവശ്യ ശക്തമല്ലെങ്കിലും എല്‍നിനോ ഉണ്ട്. അതാണ് ജൂണില്‍ മഴ കുറയാന്‍ കാരണം.ജൂണില്‍ കാലവര്‍ഷം ആരംഭിച്ചത് തന്നെ 10 ദിവസം വൈകിയാണ്.ആ സമയത്ത് ഉണ്ടായ വായു എന്ന ചുഴലിക്കാറ്റ് മഴമേഘങ്ങളെ മുഴുവന്‍ വലിച്ചുകൊണ്ട് ഗുജറാത്ത് മേഖലയിലേക്ക് പോയി.മഴ തുടങ്ങിയെങ്കിലും പ്രത്യക്ഷത്തില്‍ കേരളത്തില്‍ അതിന്റെ ഗുണം ലഭിച്ചില്ല.സാധാരണ ജൂണില്‍ ഒരിക്കലും ശക്തമായ കാറ്റുണ്ടാകില്ല.മാര്‍ച് മുതല്‍ മെയ് വരെയും ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുമാണ് ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാകുക.എന്നാല്‍ ഇപ്രാവശ്യം അപൂര്‍മായിട്ടാണ് ജൂണ്‍ മാസത്തില്‍ ചുഴലിക്കാറ്റുണ്ടായത്. അതു മൂലം കേരളത്തില്‍ കിട്ടേണ്ട മഴ വടക്കോട്ടു പോയി.ആഗസ്തില്‍ മഴ കുറയില്ലെന്നാണ് കണക്കു കൂട്ടലെന്നും ഡോ.എം ജി മനോജ് പറഞ്ഞു.

Tags:    

Similar News