ഇന്ത്യ ഹിന്ദുക്കളുടേത്; എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കള്‍: മോഹന്‍ ഭാഗവത്

പൂര്‍വികര്‍ ഇസ്‌ലാം മതം സ്വീകരിച്ചതിനാല്‍ മുസ്‌ലിംകള്‍ പോലും ഹിന്ദുക്കളായിരുന്നു. നമ്മുടേത് ഒരു ഹിന്ദു രാഷ്ട്രമാണ്.

Update: 2020-01-19 12:09 GMT

ബറേലി: ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ആര്‍എസ്എസുകാര്‍ ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് പറഞ്ഞാല്‍ അതിനര്‍ഥം 130 കോടിയോളം വരുന്ന ഇന്ത്യക്കാര്‍ മുഴുവനും ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.

എല്ലാവരും ഹിന്ദുക്കളാണെന്ന് പറഞ്ഞ് ആരുടെയും മതവിശ്വാസമോ ജാതിയോ, ഭാഷയേയോ മാറ്റാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഭരണഘടനയല്ലാതെ മറ്റൊരു അധികാര കേന്ദ്രവും ഞങ്ങള്‍ക്ക് ആവശ്യമില്ല. ഹിന്ദുത്വമെന്നത് സമഗ്രമായ സമീപനമാണ്, നാനാത്വത്തിലെ ഏകത്വമാണ് അതെന്നും വൈകാരിക സമന്വയമാണ് അതിനെ അടയാളപ്പെടുത്തുന്നതെന്നും ഭാഗവത് പറഞ്ഞു.

പൂര്‍വികര്‍ ഇസ്‌ലാം മതം സ്വീകരിച്ചതിനാല്‍ മുസ്‌ലിംകള്‍ പോലും ഹിന്ദുക്കളായിരുന്നു. നമ്മുടേത് ഒരു ഹിന്ദു രാഷ്ട്രമാണ്, അതേസമയം തന്നെ ഹിന്ദുമതം ഏതെങ്കിലും തരത്തിലുള്ള ആരാധനയോ ഭാഷയോ അല്ലെന്ന് ഞാന്‍ വ്യക്തമാക്കാം. ഇന്ത്യയില്‍ വസിക്കുന്ന എല്ലാ ജനങ്ങളുടെയും സാംസ്‌കാരിക പൈതൃകത്തിന്റെ പേരാണ് ഹിന്ദുമതമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ശോഭനമായ ഭാവി വിഭാവനം ചെയ്യുന്ന ഭരണഘടനയാണ് രാജ്യത്തെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന വായിച്ചു നോക്കുകയാണെങ്കില്‍ അതിലെ ഓരോ പേജും രാജ്യത്തെ പ്രചോദിപ്പിക്കുന്നതാണെന്ന് നിങ്ങള്‍ക്ക് ബോധ്യമാകും. നമ്മുടെ തുടക്കവും എന്തൊക്കെ നേടണമെന്നുള്ള ലക്ഷ്യങ്ങളും അത് നമ്മളോട് പറയുന്നു. സ്വാതന്ത്ര്യത്തിനായി പൊരുതിയ ഇസ്രായേലില്‍ നിന്ന് നമുക്ക് പഠിക്കാന്‍ ധാരാളമുണ്ട്. ഇന്ന് ലോകത്തെ മുന്‍നിര രാജ്യങ്ങളിലൊന്നാണ് ഇസ്രായേലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണ പ്രസ്താവനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും അദ്ദേഹം വിശദീകരണം നല്‍കി. ജനസംഖ്യയെന്നത് രാജ്യത്തെ വിഭവങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നാണ് ഞാന്‍ പറഞ്ഞത്. അതിനാല്‍ നയങ്ങള്‍ ഈയൊരു വിഷയത്തില്‍ ഊന്നിയുള്ളതായിരിക്കണമെന്നാണ് ഉദ്ദേശിച്ചത്. ഒരാള്‍ക്ക് എത്രകുട്ടികളാകാമെന്നത് നയപ്രകാരം തീരുമാനിക്കണം. അതിനായി എന്തെങ്കിലും നിയമമുണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. കാരണം അതെന്റെ ജോലിയല്ലെന്നും ഭാഗവത് വ്യക്തമാക്കി. 

Tags:    

Similar News