ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല:ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി, പാര്‍ലമെന്റില്‍ ബഹളം

തെലുങ്കാന സര്‍ക്കാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടര്‍ നടപടികള്‍ കൈകൊള്ളുക.

Update: 2019-12-06 08:37 GMT

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ ബലാല്‍സംഗക്കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ തെലുങ്കാന സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി.തെലുങ്കാന സര്‍ക്കാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടര്‍ നടപടികള്‍ കൈകൊള്ളുക.

അതേസമയം, ഏറ്റുമുട്ടല്‍ കൊലയില്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമത്തിനോട് യോജിപ്പില്ല. പക്ഷേ തെലുങ്കാനയില്‍ ഇപ്പോള്‍ പോലിസ് നടത്തിയ ഏറ്റുമുട്ടലിലും പ്രതികളെ കൊലപ്പെടുത്തിയ സംഭവത്തിലും നിലപാട് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന്് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിനെതിരേ ലോക്‌സഭയില്‍ സ്മൃതി ഇറാനി പൊട്ടിത്തെറിച്ചു. ബംഗാളില്‍ രാഷ്ട്രീയ വിരോധം തീര്‍ക്കുന്നത് സ്ത്രീകളെ ആക്രമിച്ചാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. അതേസമയം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 30 മിനിറ്റ് നേരത്തേക്ക് സഭ നിര്‍ത്തിവച്ചു.

വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ ഇന്ന് പുലര്‍ച്ചെയാണ് പോലിസ് വധിച്ചത്.അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്നാണ് പോലിസ് ഭാഷ്യം.

നാലുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഹൈദരാബാദില്‍ മൃഗഡോക്ടറായ യുവതിയെ ക്രൂരപീഡനത്തിനിരയാക്കി തീകൊളുത്തി കൊന്ന സംഭവത്തില്‍ വലിയ പ്രതിഷേധങ്ങളാണ് പാര്‍ലമെന്റില്‍ അടക്കം നടന്നത്.

Tags:    

Similar News