എംബിബിഎസ്സിന് 10 ശതമാനം സാമ്പത്തിക സംവരണം; ന്യൂനപക്ഷ കോളജുകളെ ഒഴിവാക്കി, സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍

ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കല്‍ കോളജുകളെ സീറ്റ് കൂട്ടുന്നതില്‍നിന്ന് ഒഴിവാക്കി. മെഡിക്കല്‍ കൗണ്‍സിലിന്റെയും ആരോഗ്യസര്‍വകലാശാലയുടെയും അംഗീകാരമില്ലാത്ത രണ്ട് മെഡിക്കല്‍ കോളജുകള്‍ക്കുപോലും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയപ്പോള്‍ ന്യൂനപക്ഷ പദവിയുള്ള കോളജുകളെ ഒഴിവാക്കിയതിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ന്യൂനപക്ഷപദവിയുള്ള കോളജ് മാനേജ്‌മെന്റുകള്‍.

Update: 2019-06-12 05:56 GMT

തിരുവനന്തപുരം: എംബിബിഎസ് പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് വിവാദത്തിലാവുന്നു. സര്‍ക്കാര്‍ കോളജുകള്‍ക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളജുകളിലും സംവരണം ഏര്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. സാമ്പത്തിക സംവരണം വരുമ്പോള്‍ ജനറല്‍ വിഭാഗത്തിലും മറ്റ് സംവരണ വിഭാഗത്തിലും സീറ്റുകള്‍ കുറവുവരരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതിനാല്‍, മെഡിക്കല്‍ കോളജുകളില്‍ 25 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

അതേസമയം, ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കല്‍ കോളജുകളെ സീറ്റ് കൂട്ടുന്നതില്‍നിന്ന് ഒഴിവാക്കി. മെഡിക്കല്‍ കൗണ്‍സിലിന്റെയും ആരോഗ്യസര്‍വകലാശാലയുടെയും അംഗീകാരമില്ലാത്ത രണ്ട് മെഡിക്കല്‍ കോളജുകള്‍ക്കുപോലും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയപ്പോള്‍ ന്യൂനപക്ഷ പദവിയുള്ള കോളജുകളെ ഒഴിവാക്കിയതിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ന്യൂനപക്ഷപദവിയുള്ള കോളജ് മാനേജ്‌മെന്റുകള്‍. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എട്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സീറ്റുകളുടെ എണ്ണം കൂട്ടാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്.

മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമില്ലാത്ത വര്‍ക്കല എസ്ആര്‍ കോളജിനും ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളജിനും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 10 ശതമാനം അധികസീറ്റിന് അര്‍ഹതയുണ്ടെന്ന് ന്യൂനപക്ഷ കോളജുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ന്യൂനപക്ഷ കോളജുകള്‍ക്ക് സാമ്പത്തിക സംവരണത്തിന്റെ പേരിലുള്ള അധിക സീറ്റുകള്‍ക്ക് അര്‍ഹതയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ സ്വാശ്രയ കോളജുകള്‍ക്ക് സീറ്റുകള്‍ കൂട്ടാന്‍ അനുമതി നല്‍കിയിട്ടില്ല. ഇതോടൊപ്പം സാമ്പത്തിക സംവരണത്തിന് കീഴിലുള്ള 10 ശതമാനം അധികസീറ്റുകളിലെ ഫീസ് ഘടന സംബന്ധിച്ചും അവ്യക്തതയുണ്ട്. ഈ സീറ്റുകളിലെ ഇളവ് നല്‍കുന്ന ഫീസ് ആര് വഹിക്കുമെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നു.

സ്വാശ്രയ കോളജുകളില്‍ ഒരേ ഫീസ് ഘടന മാത്രമേ പാടുള്ളൂ. ക്രോസ് സബ്‌സിഡി പാടില്ലെന്ന കോടതി ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നത്. ഇന്നലെയായിരുന്നു അധിക സീറ്റുകള്‍ക്ക് വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. എട്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ സീറ്റ് വര്‍ധനയ്ക്കായി മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. 

Tags: