പുല്‍വാമ ആക്രമണം: പാകിസ്താനെതിരേ തെളിവുണ്ടെന്ന് ഇന്ത്യ

മസൂദ് അസ്ഹര്‍ സൈനിക ആശുപത്രിയില്‍ നിന്ന് നിര്‍ദേശം നല്‍കിയ ശബ്ദ സന്ദേശം ലഭിച്ചെന്ന്

Update: 2019-02-17 07:01 GMT

ശ്രീനഗര്‍: പുല്‍വാമയില്‍ സൈനിക വാഹനത്തിനു നേരെ നടത്തിയ ആക്രമണത്തിനു പിന്നില്‍ പാകിസ്താനാണെന്നും ഇതിനു വ്യക്തമായ തെളിവുണ്ടെന്നും ഇന്ത്. ആക്രമണത്തിനു ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ നേരിട്ട് നിര്‍ദേശം നല്‍കിയത് റാവല്‍പിണ്ടിയിലെ പാകിസ്താന്റെ സൈനിക ആശുപത്രിയില്‍ നിന്നാണെന്നും ഇന്ത്യ ആരോപിച്ചു. നാലു മാസമായി റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികില്‍സയിലായ മസൂദ് അസ്ഹര്‍ അവിടെ നിന്നാണു ആക്രമണം നിയന്ത്രിച്ചതെന്നു തെളിയിക്കുന്ന ശബ്ദ സന്ദേശം രഹസ്യാന്വേഷണ വിഭാഗം പിടിച്ചെടുത്തതായും കേന്ദ്രം വ്യക്തമാക്കി. ചികില്‍സയിലായതിനാല്‍ ഇന്ത്യയ്‌ക്കെതിരേ ആക്രമണം നടത്തുന്നത് ഏകോപിപ്പിക്കുന്ന യുനൈറ്റഡ് ജിഹാദ് കൗണ്‍സില്‍(യുജെസി) യോഗത്തിലെ കഴിഞ്ഞ ആറു നിര്‍ണായക യോഗങ്ങളില്‍ മസൂദ് അസ്ഹര്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ പുല്‍വാമ ആക്രമണത്തിനു എട്ടു ദിവസം മുമ്പ് സായുധസംഘാംഗങ്ങള്‍ക്കായി മസൂദ് അസ്ഹര്‍ ശബ്ദസന്ദേശം അയച്ചെന്നതിന്റെ തെളിവ് ലഭിച്ചതായും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.    

    2017 നവംബറില്‍ പുല്‍വാമയില്‍ മസൂദ് അസ് ഹറിന്റെ അനന്തരവന്‍ റഷീദ് മസൂദിനെ സിആര്‍പിഎഫ് കൊലപ്പെടുത്തിയിരുന്നു. 2018 ഒക്ടോബര്‍ 31ന് അസ്ഹറിന്റെ രണ്ടാമത്തെ അനന്തരവന്‍ ഉസ്മാന്‍ തല്‍ഹ റഷീദിനെയും സിആര്‍പിഎഫ് വധിച്ചതോടെ പകരം വീട്ടുമെന്ന് അസ്ഹര്‍ പ്രഖ്യാപിച്ചു. സഹോദരപുത്രനായ ഉസ്മാനെ കൊലപ്പെടുത്തിയതിനു പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പുതിയ തെളിവായി ചൂണ്ടിക്കാട്ടുന്നത്. തെളിവുകള്‍ രാജ്യാന്തര ഏജന്‍സികള്‍ക്ക് ഉടന്‍ കൈമാറുമെന്നാണു സൂചന.

    ആക്രമണ വിവരം മറ്റു സംഘങ്ങളില്‍ നിന്ന് മറച്ചുവച്ച മസൂദ്, അനന്തരവന്‍ മുഹമ്മദ് ഉമൈര്‍, അബ്ദുല്‍ റാഷിദ് ഖാസി എന്നിവരിലൂടെ ശബ്ദസന്ദേശമടങ്ങിയ ടേപ്പുകള്‍ കശ്മീര്‍ താഴ്‌വരയിലെ കേന്ദ്രങ്ങള്‍ക്കു നല്‍കിയെന്നാണ് കണ്ടെത്തല്‍. കശ്മീര്‍ താഴ്‌വരയില്‍ അറുപതോളം ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരുണ്ടെന്നാണു വിലയിരുത്തല്‍. ഇതില്‍ 33ലേറെ പേര്‍ പാകിസ്താനില്‍നിന്നു നുഴഞ്ഞുകയറിയതാണെന്നാണു കണ്ടെത്തല്‍. മസൂദിന്റെ അഭാവത്തില്‍ ഐക്യ ജിഹാദ് കൗണ്‍സില്‍ ചേരുന്നത് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സയദ് സലാഹുദ്ദീന്റെ നേതൃത്വത്തിലാണ്. പാക് അധീന കശ്മീരിലെ മുസഫറാബാദിലെ ടൗണ്‍ ഹാളില്‍ നടന്ന യോഗത്തില്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡര്‍ സയീദ് ഉസ്മാന്‍ ഷാ, ഡെപ്യൂട്ടി തലവന്‍ ഇംതിയാസ് ആലം, ഡോ. അബു ഖാലിദ്, തെഹ്‌രീകുല്‍ മുജാഹിദീന്‍ തലവന്‍ ഷെയ്ഖ് ജമീലുല്‍ റഹ്മാന്‍, ജെയ്‌ഷെ മുഹമ്മദ് നേതാവ് ബിലാല്‍ കശ്മീരി, ഐഎസ്‌ഐ ബ്രിഗേഡിയര്‍ സുബൈര്‍ തുടങ്ങിയവരാണ് മുസാഫറാബാദിലെ യോഗത്തില്‍ പങ്കെടുത്തതെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നു.




Tags:    

Similar News