മാറാട് പള്ളിയും മിഠായിത്തെരുവ് ക്ഷേത്രവും: പോലിസ് പക്ഷപാതത്തിന്റെ രണ്ടു സാക്ഷ്യങ്ങള്‍

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഒരു റമദാന്‍ നിലാവും മാറാട് പള്ളി അങ്കണത്തെ സജീവമാക്കിയിട്ടില്ല. മാനത്ത് പെരുന്നാളമ്പിളി തെളിഞ്ഞാലും മാറാടു പള്ളിയുടെ മിനാരങ്ങളില്‍ നിന്ന് തക്ബീറൊലികളുയരുകയുമില്ല.

Update: 2019-01-24 08:14 GMT

പി സി അബ്ദുല്ല

കോഴിക്കോട്: കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി മാറാട് ജുമാ മസ്ജിദിന്റെ താക്കോല്‍ പോലിസിന്റെ കസ്റ്റഡിയിലാണ്. ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍, അഞ്ചു സമയങ്ങളിലായി നമസ്‌കാരത്തിന് പള്ളി തുറക്കുന്നതും അടക്കുന്നതും പോലിസാണ്. മാറാട് സ്‌പെഷ്യല്‍ ഓഫിസറുടെ പ്രത്യേക പാസുള്ളവര്‍ക്കേ പള്ളിയില്‍ പ്രാര്‍ഥനക്ക് പ്രവേശനമുള്ളൂ. പ്രദേശത്ത് ആരെങ്കിലും മരിച്ചാല്‍ മയ്യിത്തുമായി വന്ന് അനുമതിക്കായി കാത്തു നില്‍ക്കണം നമസ്‌കാരത്തിനായി ജനാസ പള്ളിയില്‍ കയറ്റാന്‍.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഒരു റമദാന്‍ നിലാവും മാറാട് പള്ളി അങ്കണത്തെ സജീവമാക്കിയിട്ടില്ല. മാനത്ത് പെരുന്നാളമ്പിളി തെളിഞ്ഞാലും മാറാടു പള്ളിയുടെ മിനാരങ്ങളില്‍ നിന്ന് തക്ബീറൊലികളുയരുകയുമില്ല. അഞ്ചു നേരത്തെ നമസ്‌കാരമൊഴികെ മറ്റു പ്രാര്‍ഥനകളും കൂട്ടായ്മകളും ഇവിടെ അനുവദനീയവുമല്ല.

2003മെയ് ആദ്യമരങ്ങേറിയ രണ്ടാം കലാപത്തെ തുടര്‍ന്നാണ് മാറാട് പള്ളി ജില്ലാ ഭരണകൂടം പൂട്ടി സീല്‍ ചെയ്തത്.കലാപകാരികള്‍ പള്ളിയില്‍ തമ്പടിച്ചുവെന്നും ആയുധങ്ങള്‍ സൂക്ഷിച്ചുവെന്നതുമായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. പള്ളി ഇമാമും മുഅദ്ദിനുമടക്കമുള്ളവരെ പോലിസ് വര്‍ഷങ്ങളോളം ജയിലിലടച്ചു.

അഞ്ചര വര്‍ഷത്തിനു ശേഷം കേസ് തീര്‍പ്പാവുകയും കുറ്റം തെളിയിക്കപ്പെട്ടവരെ ശിക്ഷിക്കുകയും ചെയ്തു. പക്ഷ, മാറാട് പള്ളി ഇപ്പോഴും പോലിസ് കസ്റ്റഡിയില്‍ തന്നെ. അതേസമയം, അന്ന് മാറാട് പള്ളിക്കെതിരേ ഉയര്‍ന്നതിനു സമാനമായ ആരോപണങ്ങള്‍ തന്നെയാണ് അടുത്തിടെ മിഠായിത്തെരുവ് കോര്‍ട്ട് റോഡിലെ മാരിയമ്മന്‍ ക്ഷേത്രത്തിനെതിരെയും ഉയര്‍ന്നത്. ശബരിമല വിഷയത്തില്‍ ഡിസംബര്‍ ആദ്യവാരം സംഘപരിവാരം നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ കലാപം അഴിച്ചു വിടാന്‍ ക്ഷേത്രം കേന്ദ്രീകരിച്ച് വന്‍ ഗൂഢാലോചന നടന്നതിന്റെ വിവരങ്ങളും മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നു. പോലിസ് ക്ഷേത്രവളപ്പില്‍ നടത്തിയ റെയ്ഡില്‍ മാരകായുധങ്ങള്‍ കണ്ടെത്തുകയും അക്രമം അഴിച്ചു വിട്ട ആര്‍എസ്എസുകാരെ പിടികൂടുകയും ചെയ്തു.

മാറാട് സംഘര്‍ഷത്തേക്കാള്‍ ഭയാനകമായ, കേരളം മുഴുവന്‍ കുരുതിക്കളമാക്കുന്ന കലാപമാണ് മിഠായിത്തെരുവ് ക്ഷേത്രം കേന്ദ്രീകരിച്ച് അക്രമികള്‍ ലക്ഷ്യമിട്ടത്.വിശ്വഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തനുള്ളില്‍ നിന്നും പുറത്തു വന്ന കലാപ ആഹ്വാനങ്ങളുടെ ഓഡിയോയും വീഡിയോയും പോലിസിന്റെയും മാധ്യമങ്ങളുടേയും കൈവശമുണ്ട്. മുസ്‌ലിം സമുദായത്തില്‍ പെട്ടവരുടെ ഒരൊറ്റ വ്യാപാര സ്ഥാപനങ്ങളും ബാക്കിയാക്കില്ലെന്നും ആരാധനാലയങ്ങള്‍ തകര്‍ക്കുമെന്നുമായിരുന്നു ക്ഷേത്രവളപ്പില്‍ നിന്നും പുറത്തു നിന്നുമുള്ള ഭീഷണികള്‍. ക്ഷേത്രവളപ്പില്‍ തമ്പടിച്ചാണ് ആര്‍എസ്എസ് അക്രമികള്‍ പോലിസിനും വ്യാപാരികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരേ അക്രമം അഴിച്ചു വിട്ടതും.

ഹര്‍ത്താല്‍ ദിനം മിഠായിത്തെരുവില്‍ ആര്‍എസ്എസ് അക്രമികളെ കയറൂരിവിട്ട പോലിസ്, ക്ഷേത്രം കേന്ദ്രീകരിച്ചു നടന്ന കലാപശ്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു. മാധ്യമങ്ങള്‍ കലാപാഹ്വാനം പ്രധാന വാര്‍ത്തയാക്കിയതോടെ പോലിസിന് കേസെടുക്കേണ്ടി വന്നു. പക്ഷേ, കലാപ ഗൂഡാലോചനയും പരിശീലനവും ആയുധ സംഭരണവും അരങ്ങേറിയ കോര്‍ട്ട് റോഡിലെ മാരിയമ്മന്‍ ക്ഷേത്രത്തിനെതിരെ ഇതുവരെയും നടപടിയൊന്നുമില്ല. ക്ഷേത്രം ഭാരവാഹികളേയും പൂജാരിയേയും ചോദ്യം ചെയ്യാനോ ക്ഷേത്രവളപ്പില്‍ കൂടുതല്‍ പരിശോധന നടത്താനോ പോലിസ് തയ്യാറായതുമില്ല.

തട്ടാന്‍മാരുടെ അമ്പലമെന്ന് നേരത്തെ അറിയപ്പെട്ട മിഠായിത്തെരുവ് കോര്‍ട്ട് റോഡിലെ ക്ഷേത്രമാണ് കോഴിക്കോട് നഗരത്തിലെ സംഘപരിവാരത്തിന്റെ പ്രധാനതാവളം. 1960കള്‍ മുതല്‍ ഇവിടെ ആര്‍എസ്എസ് ശാഖയുണ്ട്.ഇപ്പോള്‍ വിഎച്ച്പിയുടെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രം കേന്ദ്രീകരിച്ച് ആയുധപരിശീലനമുള്‍പ്പെടെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പലതവണ റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാരുകളും ജില്ലാ ഭരണകൂടവും ഗൗനിക്കാറില്ല.

കോഴിക്കോട് നഗരത്തില്‍ ഇലയനങ്ങിയാല്‍ പോലും വര്‍ഗ്ഗീയ വിദ്വേഷ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുക സംഘപരിവാര സംഘടനകളുടെ പതിവാണ്. അത്തരം പ്രകോപനപരമായ നീക്കങ്ങളുടെ ഉത്ഭവ കേന്ദ്രം ഈ ക്ഷേത്രമാണ്. അടുത്തകാലത്തായി കമ്മത്ത് ലൈനിലെ വൈരാഗി അമ്പലവും സംഘപരിവാരത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. മിഠായിത്തെരുവില്‍ നിന്ന് ഒരു വര്‍ഗ്ഗീയ തീപ്പൊരിയുണ്ടായാല്‍ കേരളം മുഴുവന്‍ ചാമ്പലാവുന്ന സ്‌ഫോടനാത്മകമായ സാഹചര്യത്തിലേക്കാണ് ഈ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സംഘപരിവാരം കോപ്പുകൂട്ടുന്നതെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ പുറത്തു വന്നത്. എന്നിട്ടും, ക്ഷേത്രവളപ്പിലേക്കെത്തി നോക്കാന്‍ സര്‍ക്കാരും പോലിസും ജില്ലാ ഭരണകൂടവും അറച്ചു നില്‍ക്കുന്നു. പതിനഞ്ചു വര്‍ഷം മുന്‍പു നടന്ന സംഘര്‍ഷത്തിന്റെ മറവില്‍ മാറാട് പള്ളിയില്‍ മാറാല തൂവാന്‍ പോലും അനുവദിക്കാത്ത പോലിസും ജില്ലാ ഭരണകൂടവും സംഘപരിവാരം ആയുധങ്ങള്‍ സംഭരിക്കുകയും കലാപത്തിന് പരിശീലനം നേടുകയും ചെയ്യുന്ന ഈ ക്ഷേത്രങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നന്‍മയുടെ ചരിത്രമുള്ള നഗരത്തിനു മാത്രമല്ല, സമാധാന കേരളത്തിനു തന്നെ നിത്യ ഭീഷണിയാണ്.





Tags:    

Similar News