ത്രിപുരയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ ചുട്ടുകൊന്നു -യുവാവ് അറസ്റ്റില്‍
പ്രധാന പ്രതി അജയ് രുദ്രപോള്‍ രണ്ട് മാസം മുമ്പാണ് പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നല്കി തെക്കന്‍ ത്രിപുരയിലെ സാന്തിര് ബസാര്‍ പ്രദേശത്തുള്ള വീട്ടിലേക്ക് കൊണ്ടുപോയത്.
ന്യൂഡല്‍ഹി: ത്രിപുരയില്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടികൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി. സംഭവത്തില്‍ ഒരാളെ ത്രിപുര പോലിസ് അറസ്റ്റ് ചെയ്തു. ത്രിപുരയിലെ ശാന്തിര് ബസാറിലാണ് സംഭവം. 90 ശതമാനം പൊള്ളലേറ്റ പതിനേഴുകാരി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. അഗര്‍ത്തലയിലെ ജിബിപി ആശുപത്രിക്ക് പുറത്ത് പ്രകോപിതരായ ആള്‍ക്കൂട്ടം പ്രതിയെ മര്‍ദ്ദിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു.
പ്രധാന പ്രതി അജയ് രുദ്രപോള്‍ രണ്ട് മാസം മുമ്പാണ് പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നല്കി തെക്കന്‍ ത്രിപുരയിലെ സാന്തിര് ബസാര്‍ പ്രദേശത്തുള്ള വീട്ടിലേക്ക് കൊണ്ടുപോയത്. മാസങ്ങള്‍ മുമ്പ് സമൂഹമാധ്യമത്തിലുടെയായിരുന്നു പെണ്‍കുട്ടിയും അജയും പരിചയപ്പെട്ടത്. അജയ് പിന്നീട് പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ എത്തിച്ച് തടവിലാക്കി. പിന്നാലെ ആഴ്ച്ചകളോളം ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. ഇതിന് പിന്നാലെയാണ് തീകൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്.
പെണ്‍കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ 50,000 രൂപ നല്‍കണമെന്ന് ഇവര്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പണം നല്‍കിയില്ലെങ്കില്‍ മകളെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയുടെ കുടുംബം പോലിസില്‍ പരാതി നല്കി. എന്നാല്‍ പോലിസ് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ജിബിപി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ശനിയാഴ്ച പുലരുന്നതിനുമുമ്പ് പെണ്‍കുട്ടി മരിച്ചു.