എടപ്പാളില്‍ നാടോടി ബാലികയ്ക്ക് ക്രൂരമര്‍ദനം; സിപിഎം ഏരിയാ കമ്മിറ്റി അംഗം അറസ്റ്റില്‍

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 10 വയസുകാരിയെ എടപ്പാളിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ട്. നെറ്റിയില്‍ 12 തുന്നലാണുള്ളത്. എങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

Update: 2019-04-07 06:46 GMT

മലപ്പുറം: എടപ്പാളില്‍ നാടോടി പെണ്‍കുട്ടിയെ സിപിഎം ഏരിയാ കമ്മിറ്റി അംഗം ക്രൂരമര്‍ദനത്തിനിരയാക്കി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 10 വയസുകാരിയെ എടപ്പാളിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ട്. നെറ്റിയില്‍ 12 തുന്നലാണുള്ളത്. എങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

സംഭവത്തില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗവും വട്ടങ്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എടപ്പാള്‍ സ്വദേശി രാഘവനെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലിസ് കേസെടുത്തു. ഇന്ന് രാവിലെ 10 മണിയോടെയാണ് ആക്രിസാധനങ്ങള്‍ പെറുക്കുകയായിരുന്ന കുട്ടി മര്‍ദനത്തിനിരയായത്. ആക്രി സാധനങ്ങള്‍ പെറുക്കുന്നതില്‍നിന്ന് രാഘവന്‍ കുട്ടിയെ വിലക്കി. തുടര്‍ന്ന് കുട്ടിയുടെ കൈയിലെ ചാക്കിലുണ്ടായിരുന്ന കമ്പി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് കുട്ടി പോലിസിന് നല്‍കിയ മൊഴി. കുട്ടിയുടെ മാതാവ് തമിഴ്‌നാട്ടിലാണ്. കുട്ടിക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ആക്രമണം തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെയും പ്രതി ആട്ടിയോടിക്കുകയായിരുന്നു. ആക്രമണം നടന്നശേഷം ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായതോടെയാണ് ഇയാളുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തിയത്. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളും പോലിസ് പരിശോധനയ്ക്ക് വിധേയമാക്കി. പോലിസ് കസ്റ്റഡിയിലെടുത്തശേഷം വൈദ്യസഹായം വേണമെന്ന് ഇയാള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലിസ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍, കാര്യമായ കുഴപ്പങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇയാളെ തിരികെ സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. വാര്‍ത്തയറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

Tags:    

Similar News