രാജ്യദ്രോഹക്കേസ്: ചോദ്യം ചെയ്യലിനായി ഐഷ സുല്‍ത്താന ഹാജരാകണമെന്ന് ഹൈക്കോടതി

അറസ്റ്റു ചെയ്താല്‍ വ്യവസ്ഥകളോടെ ഇടക്കാല ജാമ്യം നല്‍കി വിട്ടയക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഒരാഴ്ചയാണ് ഇടക്കാല ജാമ്യത്തിന്റെ കാലാവധിയെന്നും കോടതി നിര്‍ദ്ദേശിച്ചു.ഈ മാസം 20 നാണ് കവരത്തി പോലിസ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഐഷ സുല്‍ത്താനയ്ക്ക് നോട്ടീസ് നല്‍കിയിരുന്നത്.

Update: 2021-06-17 10:12 GMT

കൊച്ചി: ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാരും പുതിയ അഡ്മിനിസ്ട്രേറ്ററും നടത്തുന്ന ജനവിരുദ്ധ നടപടികള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചതിന്റെ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താന പോലിസ് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി.കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഐഷ സുല്‍ത്താന സമര്‍പ്പിച്ച ഹരജയില്‍ ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ്് കോടതിയുടെ നടപടി.അറസ്റ്റു ചെയ്താല്‍ വ്യവസ്ഥകളോടെ ഇടക്കാല ജാമ്യം നല്‍കി വിട്ടയക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഒരാഴ്ചയാണ് ഇടക്കാല ജാമ്യത്തിന്റെ കാലാവധിയെന്നും കോടതി നിര്‍ദ്ദേശിച്ചു.ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹരജി വിധിപറയാനായി.

ശക്തമായ വാദപ്രതിവാദമാണ് ഹൈക്കോടതിയില്‍ ഇരു വിഭാഗവും നടത്തിയത്.ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ഐഷ സുല്‍ത്താന തയ്യാറാണെന്ന് വാദത്തിനിടയില്‍ ഐഷ സുല്‍ത്താന ഹൈക്കോടതിയെ അറിയിച്ചിരുന്നു.താന്‍ രാജ്യദ്രോഹകുറ്റം ചെയ്തിട്ടില്ല.തന്നെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട കാര്യമില്ല. ചര്‍ച്ചക്കിടെയുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.തന്റെ പദപ്രയോഗം കൊണ്ടു അസഹിഷ്ണുതയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ല. ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വം ആയിരുന്നില്ല. വിവാദമായതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്നു സുപ്രിംകോടതി വിധി പരിഗണിക്കണമെന്നും ഐഷ സുല്‍ത്താനയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

അതേ സമയം ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹരജിയെ ലക്ഷദ്വീപ് ഭരണകൂടത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ത്തു.ഐഷ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഗൗരവമായ കുറ്റമാണ് ഉണ്ടായിരിക്കുന്നത്.ഖേദപ്രകടനം നടത്തിയെന്നത് പരിഗണിക്കാന്‍ കഴിയില്ലെന്നും ലക്ഷദ്വീപ് ഭരണകൂടത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി.ഐഷയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന് വാദത്തിനിടയില്‍ കോടതി അഭിഭാഷകനോട് ചോദിച്ചു.കസ്റ്റഡി ആവശ്യമുണ്ടോയെന്നത് ചോദ്യം ചെയ്യലിലൂടെ മാത്രമെ വ്യക്തമാകുകയുള്ളുവെന്നും ലക്ഷദ്വീപ് ഭരണകൂടത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി.ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്.ഈ മാസം 20 നാണ് കവരത്തി പോലിസ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഐഷ സുല്‍ത്താനയ്ക്ക് നോട്ടീസ് നല്‍കിയിരുന്നത്.

Tags: