കവളപ്പാറ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം 39

ചതുപ്പ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കവളപ്പാറ മുത്തപ്പന്‍കുന്നിടിഞ്ഞുണ്ടായ ഉരുള്‍പൊട്ടലില്‍ 59 പേരേയാണ് കാണാതായത്. ഇതില്‍ 39 പേരുടെ മൃതദേഹം കണ്ടെത്തി.

Update: 2019-08-17 08:59 GMT

നിലമ്പൂര്‍: ഉരുള്‍പ്പൊട്ടല്‍ ദുരന്തം വിതച്ച കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറ ഉരുള്‍പ്പൊട്ടലില്‍ മരണം 39 ആയി. ഇനി 20 പേരെയാണ് കണ്ടെത്തേണ്ടത്. മഴ മാറിനില്‍ക്കുന്നതോടെ കവളപ്പാറയില്‍ തിരച്ചിലിന് വേഗത കൂടിയിട്ടുണ്ട്. പതിനാലോളം ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് ഇന്ന് കാണാതായവര്‍ക്കായി കവളപ്പാറയില്‍ തിരച്ചില്‍ പുരോഗമിക്കുന്നത്.

ഇനിയും കണ്ടെത്താനുള്ള 20 പേര്‍ക്കായി ജിപിആര്‍ സംവിധാനം ഉപയോഗിച്ചായിരിക്കും തിരച്ചില്‍ നടത്തുക. ഹൈദരാബാദില്‍ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉടന്‍ കവളപ്പാറയിലെത്തും.

മുഴുവന്‍ പേരെയും കണ്ടെത്തുംവരെ തിരച്ചില്‍ തുടരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മാപ്പിങ് പ്രകാരം വീടുണ്ടായിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധസംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടക്കുന്നത്. ജിപിആര്‍ സംവിധാനത്തിന്റെ സഹായംകൂടി ലഭിക്കുന്നത് തിരച്ചിലിന് വേഗം കൂടുമെന്നാണ് കണക്കുകൂട്ടല്‍.

ചതുപ്പ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കവളപ്പാറ മുത്തപ്പന്‍കുന്നിടിഞ്ഞുണ്ടായ ഉരുള്‍പൊട്ടലില്‍ 59 പേരേയാണ് കാണാതായത്. ഇതില്‍ 39 പേരുടെ മൃതദേഹം കണ്ടെത്തി.

ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്ന പുത്തുമലയിലും റഡാര്‍ എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കിയാണ് പ്രത്യേകം തിരച്ചില്‍ നടത്തുന്നത്. ഇതിനകം പ്രദേശത്തുനിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.




Tags:    

Similar News