കശ്മീര്‍: അഞ്ച് ജില്ലകളില്‍ കൂടി ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചു -190 സ്‌കൂളുകള്‍ നാളെ തുറക്കും

വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ താഴ്‌വരയില്‍ നിന്നുള്ള വാര്‍ത്തകളൊന്നും പുറം ലോകത്തിന് ലഭ്യമായിരുന്നില്ല. സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ് നിലവില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

Update: 2019-08-18 04:16 GMT

ശ്രീനഗര്‍: മാധ്യമങ്ങള്‍ക്ക് ഉള്‍പ്പടെ കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ മാറ്റം വരുന്നതായി സൂചന. ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തിയെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ ഇന്നലെ പറഞ്ഞതിന് പിന്നാലെ, അഞ്ച് ജില്ലകളില്‍ കൂടി ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചു.


വേഗത കുറഞ്ഞ 2ജി ഇന്റര്‍നെറ്റ് സേവനമാണ് ലഭ്യമാക്കിയിട്ടുള്ളത്. ജമ്മു, സാംബ, കത്വ , ഉധംപുര്‍, റെയ്‌സി ജില്ലകളിലാണ് ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചത്. പതിനേഴ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ ഇന്നലെ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. തിങ്കളാഴ്ച്ച മുതല്‍ വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. 190 സ്‌കൂളുകളാണ് നാളെ തുറക്കുക. സ്‌കൂളുകള്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കാനുള്ള സംവിധാനം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.

ഇന്നും കൂടുതല്‍ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയേക്കും. പൊതു ഗതാഗത സംവിധാനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്നാണ് സ!ര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി വ്യാജ വാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലിസ് അറിയിച്ചു. വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ താഴ്‌വരയില്‍ നിന്നുള്ള വാര്‍ത്തകളൊന്നും പുറം ലോകത്തിന് ലഭ്യമായിരുന്നില്ല. സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ് നിലവില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.


Tags:    

Similar News