കൊവിഡ് 19: കടുത്ത നടപടികളുമായി കര്‍ണാടക; മാളുകളും പബുകളും അടച്ചു, വിവാഹങ്ങള്‍ക്ക് ഒരാഴ്ചത്തേയ്ക്ക് വിലക്ക്

വേനല്‍ക്കാല ക്യാംപുകള്‍ക്കും വിലക്കുണ്ട്. കൊവിഡ് 19 പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ജനക്കൂട്ടം ഒഴിവാക്കണമെന്നും യെഡിയൂരപ്പ അഭ്യര്‍ത്ഥിച്ചു.

Update: 2020-03-13 12:28 GMT

ബംഗളൂരു: കോവിഡ് 19 സംസ്ഥാനത്ത് ഒരാളുടെ ജീവന്‍ അപഹരിച്ച പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കര്‍ണാടക. സംസ്ഥാനത്തെ മുഴുവന്‍ മാളുകളും തിയ്യറ്ററുകളും നിശാക്ലബ്ബുകളും റെസ്‌റ്റോറന്റുകളും പബുകളും ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ ഉത്തരവിട്ടു.

കൊവിഡ് 19 വൈറസ് ബാധ സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ വിവാഹ ചടങ്ങുകള്‍ ഒഴിവാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വേനല്‍ക്കാല ക്യാംപുകള്‍ക്കും വിലക്കുണ്ട്. കൊവിഡ് 19 പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ജനക്കൂട്ടം ഒഴിവാക്കണമെന്നും യെഡിയൂരപ്പ അഭ്യര്‍ത്ഥിച്ചു. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 14 മുതല്‍ 28 വരെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് കോളജുകള്‍ അടച്ചിടാന്‍ കര്‍ണാടകയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ബംഗളൂരുവിലെ ഐടി ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

അടിയന്തര ചികില്‍സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബംഗളൂരുവില്‍ ഒരു ഐടി ജീവനക്കാരന് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ, വൈറസ് ബാധിച്ചവരുടെ എണ്ണം രാജ്യത്ത് 81 ആയി. ഗൂഗിള്‍ ജീവനക്കാരനാണ് പുതുതായി കൊറോണ കണ്ടെത്തിയത്.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആദ്യ ഇന്ത്യക്കാരന്‍ കര്‍ണാടക സ്വദേശിയാണ്. കല്‍ബുര്‍ഗി സ്വദേശിയായ മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി കഴിഞ്ഞദിവസമാണ് മരിച്ചത്. 76 വയസ്സായിരുന്നു.

സൗദി അറേബ്യയില്‍ നിന്ന് ഉംറ തീര്‍ഥാടനം കഴിഞ്ഞ് സിദ്ദിഖി ഇന്ത്യയില്‍ എത്തിയത് ഫെബ്രുവരി 29നാണ്. ശ്വാസതടസ്സം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെയാണ് മരിച്ചത്. മാര്‍ച്ച് അഞ്ചിനാണ് ഇദ്ദേഹം ചികിത്സ തേടിയത്. മുഹമ്മദ് ഹുസൈനുമായി ഇടപഴകിയവരെ കണ്ടെത്തുന്നതിനുളള ശ്രമം കര്‍ണാടക ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Tags:    

Similar News