കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: അര്‍ജ്ജുന്‍ ആയങ്കി മുഖ്യകണ്ണിയെന്ന് കസ്റ്റംസ്

സജേഷ് അര്‍ജ്ജുന്‍ ആയങ്കിയുടെ ബിനാമിയാണ്.കാര്‍ അര്‍ജ്ജുന്റേതാണെന്നും കസ്റ്റംസ് വ്യക്തമാക്കി.ആഡംബര ജീവിതമാണ് അര്‍ജ്ജുന്‍ ആയങ്കി നയിച്ചിരുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.മൊബൈല്‍ ഫോണും മറ്റും നശിപ്പിച്ചതിനു ശേഷമാണ് അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസിനു മുമ്പാകെ ഹാജരായത്

Update: 2021-06-29 08:58 GMT

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കി മുഖ്യകണ്ണിയെന്ന് കസ്റ്റംസ്. കോടതിയില്‍ ഹാജരാക്കിയ റിമാന്റ് റിപോര്‍ട്ടിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.സജേഷ് അര്‍ജ്ജുന്‍ ആയങ്കിയുടെ ബിനാമിയാണ്.കാര്‍ അര്‍ജ്ജുന്റേതാണെന്നും കസ്റ്റംസ് വ്യക്തമാക്കി.ആഡംബര ജീവിതമാണ് അര്‍ജ്ജുന്‍ ആയങ്കി നയിച്ചിരുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.മൊബൈല്‍ ഫോണും മറ്റും നശിപ്പിച്ചതിനു ശേഷമാണ് അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസിനു മുമ്പാകെ ഹാജരായത്. അന്വേഷണവുമായി അര്‍ജ്ജുന്‍ ആയങ്കി സഹകരിക്കുന്നില്ല.ചോദ്യങ്ങള്‍ക്ക് കെട്ടിച്ചമ ഉത്തരങ്ങളാണ് അര്‍ജ്ജുന്‍ നല്‍കുന്നത്.ശബ്ദ രേഖകളും വാട്‌സ് ആപ്പ് ചാറ്റുകളും വ്യക്തമാക്കുന്നത് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ നേരിട്ട് ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണെന്നും കസ്റ്റംസ് റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അര്‍ജ്ജുന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ കാര്‍ സജേഷിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും കാറിന്റെ യഥാര്‍ഥ ഉടമ അര്‍ജ്ജുന്‍ ആയങ്കിയാണ്.സജേഷ് ബിനാമി മാത്രമാണന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.ആഡംബര ജീവിതമാണ് അര്‍ജ്ജുന്‍ നയിക്കുന്നത്. ഇതിനുള്ള വരുമാനത്തിന്റെ ഉറവിടം വ്യക്തമല്ല.നിരവധി ചെറുപ്പക്കാര്‍ സ്വര്‍ണ്ണക്കടത്തില്‍ ആകൃഷ്ടരായി ഇറങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതെന്ന് കസ്റ്റംസ് റിമാന്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരക്കാരെ കാരിയര്‍മായും കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം തട്ടിയെടുക്കുന്നതിനായും സ്വണ്ണക്കടത്തിന് സംരക്ഷകരായും ഉപയോഗിക്കുന്നുണ്ടെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.പ്രതിക്ക് സ്വര്‍ണ്ണക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് നിലവിലെ സംഭവം വ്യക്തമാക്കുന്നത്.ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്.സ്വര്‍ണ്ണക്കടത്തിനു പിന്നിലുളള മറ്റു ശക്തികളെ കണ്ടെത്തുന്നതിനും മറ്റുമായി വിശദമായ അന്വേഷണം ആവശ്യമാണ്.കേസില്‍ നേരത്തെ അറസ്റ്റിലായ മുഹമ്മദ് ഷെഫീഖിനെ കോടതി കസ്റ്റഡിയില്‍ വിട്ടു തന്നിട്ടുണ്ട് ഇയാള്‍ക്കൊപ്പം അര്‍ജ്ജുന്‍ ആയങ്കിയെയും ഇരുത്തി ചോദ്യം ചെയ്യേണ്ടതിനാല്‍ അര്‍ജ്ജന്‍ ആയങ്കിയെ 14 ദിവസം കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടു.

അതേ സമയം സ്വര്‍ണ്ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് അറസ്റ്റു ചെയ്ത അര്‍ജ്ജുന്‍ ആയങ്കി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കുന്നതിനു മുന്നോടിയായി ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകവെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അര്‍ജ്ജുന്‍.മാധ്യമങ്ങള്‍ 90 ശതമാനവും വാര്‍ത്തകള്‍ ഉണ്ടാക്കി നല്‍കുകയാണ്.കെട്ടിച്ചമച്ച് വാര്‍ത്തകള്‍ നല്‍കി നാണം കെടാന്‍ നില്‍ക്കേണ്ട.പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ട.തന്റെ നിരപരാധിത്വം താന്‍ തെളിയിച്ചുകൊള്ളാമെന്നും അര്‍ജ്ജുന്‍ ആയങ്കി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Tags:    

Similar News