നിരീക്ഷണവും നിയന്ത്രണങ്ങളും ശക്തം; സ്വാതന്ത്ര്യമില്ലെന്ന് കശ്മീരി മാധ്യമപ്രവര്‍ത്തകര്‍

മാധ്യമപ്രവര്‍ത്തകര്‍ക്കായി സ്ഥാപിച്ച കേന്ദ്രത്തില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് പര്യാപ്തമല്ലെന്നും സ്വകാര്യതയില്ലെന്നും റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നു.

Update: 2019-10-07 10:21 GMT

ശ്രീനഗര്‍: രണ്ട് മാസമായി തുടരുന്ന കര്‍ശന നിരീക്ഷണവും നിയന്ത്രണങ്ങളും മൂലം കശ്മീരില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന് കശ്മീരി മാധ്യമ പ്രവര്‍ത്തകര്‍. മാധ്യമ നിയന്ത്രണത്തിനെതിരേ കശ്മീരി പ്രസ്‌ക്ലബ്ബിന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഓഗസ്റ്റ് 5 ന് കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് ഫോണ്‍-ഇന്റര്‍നെറ്റ സംവിധാനങ്ങള്‍ റദ്ദാക്കുകയും വിവിധ മേഖലകളില്‍ കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

കശ്മീര്‍ താഴ്‌വരയിലെ മൊബൈല്‍, ഇന്റര്‍നെറ്റ് ആശയവിനിമയങ്ങള്‍ തടഞ്ഞതിനാല്‍ പ്രദേശത്ത് നിന്ന് റിപ്പോര്‍ട്ടുചെയ്യാനാവാത്ത അവസ്ഥ തുടരുകയാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. തെരുവ് പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനാല്‍ പ്ലക്കാര്‍ഡുകളും കറുത്ത ബാഡ്ജുകളും ധരിച്ച് നൂറിലധികം കശ്മീര്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രീനഗറിലെ കശ്മീര്‍ പ്രസ് ക്ലബ് പരിസരത്താണ് ഒത്തുകൂടിയത്. 'മാധ്യമ പ്രവര്‍ത്തകരെ കുറ്റവാളികളാക്കുന്നത് നിര്‍ത്തുക', 'മാധ്യമ പ്രവര്‍ത്തനം കുറ്റകൃത്യമല്ല' തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ക്കായി സ്ഥാപിച്ച കേന്ദ്രത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് പര്യാപ്തമല്ലെന്നും സ്വകാര്യതയില്ലെന്നും റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നു.

'സ്വകാര്യതയില്ല. മുന്നൂറോളം പത്രപ്രവര്‍ത്തകര്‍ ദിവസവും ഈ സൗകര്യം ഉപയോഗിക്കുന്നു. എല്ലാം സര്‍ക്കാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഞങ്ങള്‍ നിരീക്ഷണത്തിലാണ്'. കശ്മീര്‍ പ്രസ് ക്ലബ് ജനറല്‍ സെക്രട്ടറി ഇഷ്ഫാക്ക് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കായി മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുന്നതിനായി തങ്ങള്‍ നിരവധി തവണ അധികൃതരെ സമീപിച്ചിട്ടുണ്ടെന്ന് കശ്മീര്‍ പ്രസ് ക്ലബ് പ്രസിഡന്റ് ഷുജ താക്കൂര്‍ പറഞ്ഞു. 'അവര്‍ വാഗ്ദാനം ചെയ്യുന്നു, അവര്‍ അത് പരിശോധിക്കുകയാണെന്ന് പറയുന്നു, എന്നാല്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല,' അദ്ദേഹം പറഞ്ഞു.

Tags:    

Similar News