യുഎസ് സൈനിക അതിക്രമത്തിന് ഉടന്‍ മറുപടി; ട്രംപിന്റെ അന്ത്യശാസനം തള്ളി ഇറാന്‍
യുഎസ് സൈനിക നടപടിയുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മറുപടി. യുഎസിന്റെ ഏത് സൈനിക അതിക്രമത്തിനും ഇറാന്‍ 'നിര്‍ണായകമായി' പ്രതികരിക്കുമെന്ന് യുഎനിലെ ഇറാന്‍ സ്ഥിരം പ്രതിനിധിയായ അമിര്‍ സഈദ് ഇര്‍വാനി മുന്നറിയിപ്പ് നല്‍കി.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടത്തിയ സൈനിക ഭീഷണികളെ അപലപിക്കണമെന്ന് ആവശ്യപ്പെട്ട് ഇര്‍വാനി യുഎന്‍ സുരക്ഷാ സമിതിയിലേക്ക് കത്ത് നല്‍കി.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപുകളിലുള്ള വ്യോമതാവളം ഇറാനെതിരായ ആക്രമണത്തിന് ഉപയോഗിക്കാമെന്ന ട്രംപിന്റെ പരാമര്‍ശം പ്രത്യേകമായി ചൂണ്ടിക്കാട്ടിയാണ് ഈ കത്ത്. മേഖലയിലെ യുഎസ് സൈനിക സജ്ജീകരണങ്ങളുടെ വര്‍ധനവിനൊപ്പം ഇത്തരം പ്രസ്താവനകള്‍ വെറും വാക്കുകളായി കാണാനാകില്ലെന്നും ഇറാവാനി മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും യാതൊരു സംഘര്‍ഷവും ആരംഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ആക്രമണം ഉണ്ടായാല്‍ ''ശത്രുവിന്റെ എല്ലാ സൈനിക താവളങ്ങളും സൗകര്യങ്ങളും ആസ്തികളും നിയമാനുസൃത ലക്ഷ്യങ്ങളായി കണക്കാക്കും'' എന്നും കത്തില്‍ പറയുന്നു.
വാഷിങ്ടണില്‍ നടത്തിയ പ്രസ്താവനയില്‍ ട്രംപ്, ഇറാനുമായി 'അര്‍ത്ഥവത്തായ ഒരു കരാര്‍' ഉണ്ടാക്കാന്‍ 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകണമെന്ന് മുന്നറിയിപ്പ് നല്‍കി. 'കരാര്‍ ഉണ്ടാകാം, അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കടുത്തേക്കാം,' എന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇതിനിടെ, അമേരിക്കയും ഇറാനും അടുത്തിടെ രണ്ടാംഘട്ട പരോക്ഷ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ജിനീവയില്‍ നടന്ന ചര്‍ച്ചകള്‍ പുരോഗതി കൈവരിച്ചുവെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ചി പറഞ്ഞു. കരാറിനുള്ള മാര്‍ഗരേഖകളില്‍ വിശാലമായ ധാരണയിലെത്താനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗള്‍ഫ് മേഖലയിലേക്ക് യുഎസ് സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നത് ആശങ്കാജനകമാണ്. രണ്ട് വിമാനവാഹിനികളും ഡസന്‍കണക്കിന് യുദ്ധവിമാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുഎസ് യുദ്ധക്കപ്പലുകള്‍ അയച്ചാലും ഇറാന്‍ ഭയപ്പെടില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വ്യക്തമാക്കി.'ഒരു യുദ്ധക്കപ്പല്‍ അപകടകരമാണ്. എന്നാല്‍ അതിനെ കടലിന്റെ അടിയിലേക്ക് അയയ്ക്കാന്‍ കഴിയുന്ന ആയുധമാണ് കൂടുതല്‍ അപകടകരം,' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

