ഡോക്ടറെ വിളിക്കാന്‍ പോലും മാര്‍ഗമില്ല; മരണത്താഴ്‌വരയായി കശ്മീര്‍

13,000 ത്തിലധികം കാര്‍ഡിയാക് അത്യാഹിതങ്ങളില്‍ സഹായിക്കുകയും കശ്മീരി വിജയഗാഥയായി ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്ത സേവ് ഹാര്‍ട്ട് ഇനിഷ്യേറ്റീവ് എന്ന പുതിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഫലത്തില്‍ പ്രവര്‍ത്തനരഹിതമായി.

Update: 2019-10-09 09:44 GMT

ശ്രീനഗര്‍: ഇന്ത്യന്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്ന കശ്മീരില്‍ ചികില്‍സ ലഭിക്കാതെ മരണപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഹൃദ്രോഗികളും കാന്‍സര്‍ രോഗികളും പാമ്പുകടിയേറ്റും ഇത്തരത്തില്‍ മരണങ്ങള്‍ സംഭവിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

പാമ്പുകടിയേറ്റ മകനെ ആശുപത്രിയില്‍ എത്തിക്കാനാകാതെ കഴിയുന്ന സജാ ബീഗം എന്ന വീട്ടമ്മയുടെ അനുഭവം പറഞ്ഞുകൊണ്ടാണ് റിപ്പോര്‍ട്ട് തുടങ്ങുന്നത്. പാമ്പുകടിയേറ്റ മകനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് പോലും ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു. മലയോര മേഖലയില്‍ നിന്ന് 22 കാരനായ മകന്് ചികില്‍സ ലഭ്യമാക്കാനുള്ള തീവ്രശ്രമം വിശദമായി തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സാജ ബീഗം അത്താഴം പാകം ചെയ്യുന്നതിനിടേയാണ് മകന്‍ പാമ്പുകടിയേറ്റ് അടുക്കളയിലേക്ക് വരുന്നത്. തനിക്ക് പാമ്പുകടിയേറ്റെന്നും മരിക്കുമെന്നും പറഞ്ഞുകൊണ്ടാണ് മകന്‍ എത്തിയത്. അപ്പോഴേക്കും വിഷബാധയേറ്റ് മകന്‍ തളര്‍ന്ന് തുടങ്ങിയിരുന്നു. ചികില്‍സ ലഭ്യമാക്കാന്‍ ആംബുലന്‍സ് സഹായം പോലും ലഭ്യമാക്കാനാവാത്ത അവസ്ഥയില്‍ സാജ ബീഗവും തളര്‍ന്നിരുന്നു. ഫോണ്‍, മൊബൈല്‍ സംവിധാനങ്ങള്‍ റദ്ദാക്കിയതിനാല്‍ ആരെയും സഹായത്തിനും വിളിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ മകന്റെ കാല് നീരുവയ്ക്കാന്‍ തുടങ്ങിയിരുന്നു. വിഷ ചികില്‍സക്കുള്ള മരുന്ന് കണ്ടെത്താന്‍ 16 മണിക്കൂര്‍ വേണ്ടിവന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കുകയും കശ്മീര്‍ താഴ്‌വരയിലുടനീളം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതിന് ശേഷം ചികില്‍സ ലഭിക്കാതെ നിരവധി ജീവനാണ് നഷ്ടപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുന്നു.

ഓണ്‍ലൈനില്‍ മരുന്ന് വാങ്ങുന്ന കാന്‍സര്‍ രോഗികള്‍ക്ക് ഓര്‍ഡറുകള്‍ നല്‍കാന്‍ കഴിയുന്നില്ല. മൊബൈല്‍ സേവനമില്ലാതെ ഡോക്ടര്‍മാര്‍ക്ക് പരസ്പരം സംസാരിക്കാനോ സ്‌പെഷ്യലിസ്റ്റുകളെ കണ്ടെത്താനോ രോഗികള്‍ അത്യാസന്ന നിലയിലാകുന്ന സാഹചര്യങ്ങളില്‍ സഹായിക്കുന്നതിന് നിര്‍ണായക വിവരങ്ങള്‍ നേടാനോ കഴിയില്ല. മിക്ക കശ്മീരികള്‍ക്കും അവരുടെ വീടുകളില്‍ ലാന്‍ഡ്‌ലൈനുകള്‍ ഇല്ലാത്തതിനാല്‍ അവര്‍ക്ക് സഹായത്തിനായി വിളിക്കാന്‍ കഴിയില്ല.

ആംബുലന്‍സ് വിളിക്കാനോ കൃത്യസമയത്ത് ആശുപത്രിയിലെത്താനോ കഴിയാത്തതിനാല്‍ ഒരു ഡസനോളം രോഗികള്‍ മരിച്ചു. ഹൃദയാഘാതം മൂലമാണ് ഇത്തരത്തില്‍ കൂടുതല്‍ രോഗികളും മരിച്ചതെന്ന് ഡോക്ടര്‍ സാദാത് പറഞ്ഞു. ഇന്ത്യന്‍ സുരക്ഷാ സേന മെഡിക്കല്‍ ഉദ്യോഗസ്ഥരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കശ്മീര്‍ ഡോക്ടര്‍മാര്‍ ആരോപിച്ചു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആശുപത്രികളും ആരോഗ്യ മേഖലയിലെ ജീവനക്കാരും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജീവനക്കാര്‍ക്ക് യാത്രാപാസുകള്‍ അനുവദിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ മൂലം ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രോഹിത് കന്‍സല്‍ പറഞ്ഞു.

എന്നാല്‍, ചികില്‍സ ലഭിക്കാതെ നിരവധി രോഗികള്‍ മരിച്ചിട്ടുണ്ടെന്ന് ആശുപത്രി രേഖകളെ അടിസ്ഥാനമാക്കി ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആംബുലന്‍സ് സൗകര്യം ഇല്ലാത്തത് മൂലവും ആശയ വിനിമയ പ്രശ്‌നങ്ങളും മൂലം അടിയന്തര ഘട്ടങ്ങളില്‍ പോലും രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചിട്ടിലെന്ന് ഡോ. രമണി അറ്റ്കുരി പറഞ്ഞു.

ആംബുലന്‍സുകളില്ലാതെ നൂറുകണക്കിന് ആളുകളെ അടിയന്തിര സാഹചര്യങ്ങളില്‍ ഉപേക്ഷിച്ചിട്ടുണ്ടെന്നും, ഇതും മറ്റ് ആശയവിനിമയ പ്രശ്‌നങ്ങളും മൂലം പലരും മരിച്ചിരിക്കാമെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ കണക്കാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരിന് കത്തെഴുതിയ ഡോക്ടര്‍മാരുടെ സംഘത്തില്‍ ഉള്‍പ്പെട്ട ഡോക്ടറാണ് രമണി.

13,000 ത്തിലധികം കാര്‍ഡിയാക് അത്യാഹിതങ്ങളില്‍ സഹായിക്കുകയും കശ്മീരി വിജയഗാഥയായി ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്ത സേവ് ഹാര്‍ട്ട് ഇനിഷ്യേറ്റീവ് എന്ന പുതിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഫലത്തില്‍ പ്രവര്‍ത്തനരഹിതമായി. നൂറുകണക്കിന് കശ്മീരി ഡോക്ടര്‍മാരും അമേരിക്കയിലെ ചിലരും ഈ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു.

നിയന്ത്രണങ്ങളും മരുന്ന് ക്ഷാമവും കാരണം കഴിഞ്ഞ രണ്ട് മാസത്തിനിടെ ശസ്ത്രക്രിയകളുടെ എണ്ണത്തില്‍ 50 ശതമാനം കുറവുണ്ടായതായി കശ്മീരിലെ ഏറ്റവും വലിയ നഗരമായ ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

മൊബൈല്‍ ഫോണ്‍ സേവനം നഷ്ടമായതിനാല്‍ അവരുടെ ജോലി തടസ്സപ്പെട്ടതായി നിരവധി യുവ ഡോക്ടര്‍മാര്‍ പറഞ്ഞു. മുതിര്‍ന്ന ഡോക്ടര്‍മാരുടെ സഹായം ആവശ്യമുള്ളപ്പോള്‍, അവരെ തേടി ആശുപത്രിക്കുചുറ്റും ഓടി സമയം നഷ്ടപ്പെട്ടതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

Tags:    

Similar News