ബിഹാറില്‍ മുസ് ലിം വീടുകള്‍ക്കും പള്ളികള്‍ക്കും നേരെ സംഘപരിവാര്‍ ആക്രമണം; നടപടിയെടുക്കാതെ പോലിസ് (വീഡിയോ)

Update: 2022-09-11 06:18 GMT

പട്‌ന: വ്യാഴാഴ്ച ബീഹാറിലെ സിവാന്‍ ജില്ലയിലെ ബര്‍ഹാരിയയില്‍ നടന്ന മുസ് ലിം വിരുദ്ധ കലാപത്തിന്റെ കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മുസ് ലിം വീടുകള്‍ക്കും പള്ളികള്‍ക്കും നേരെ ഹിന്ദുത്വര്‍ കല്ലെറിയുന്നതിന്റേയും വാഹനങ്ങള്‍ തകര്‍ക്കുന്നതിന്റേയും വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇരകള്‍ തന്നെ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. വടിവാളും മറ്റു ആയുധങ്ങളുമേന്തി കാവി വസ്ത്രമണിഞ്ഞെത്തിയ ഹിന്ദുത്വര്‍ മുസ് ലിം വീടുകള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മുസ് ലിം പള്ളിയിലേക്ക് കല്ലെറിയുന്ന ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. നിരവധി വീടുകളില്‍ കവര്‍ച്ച നടത്തുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി വീടുകളും മുസ് ലിംകളുടെ ഉടമസ്ഥതയിലുള്ള കടകളും അഗ്നിക്കിരയാക്കി.

മഹാവീര്‍ അഖാര റാലിക്കിടെയാണ് മുസ് ലിം ഭൂരിപക്ഷ പ്രദേശമായ ബര്‍ഹാരിയയിലെ തെരുവുകളില്‍ ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിട്ടത്. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തേക്ക് പ്രവേശിച്ചതോടെ ഹിന്ദുത്വര്‍ മുസ് ലിം വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും അശ്ലീല ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുകയായിരുന്നു. വാളുകളും വടികളും ഉയര്‍ത്തിപ്പിടിച്ചാണ് ഹിന്ദുത്വര്‍ റാലി നടത്തിയത്.

ആക്രമണം നടത്തിയ ഹിന്ദുത്വരാണെന്ന് വീഡിയോ ദൃശ്യങ്ങളില്‍ തന്നെ വ്യക്തമായിട്ടും പോലിസ് മുസ് ലിംകള്‍ക്കെതിരേയാണ് നടപടിയെടുത്തത്. എട്ടുവയസ്സുകാരന്‍ റിസ് വാന്‍, 70 കാരന്‍ മുഹമ്മദ് യാസിന്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇപ്പോഴും പോലിസ് കസ്റ്റഡിയിലാണ്. കലാപം അഴിച്ചുവിട്ടു എന്ന കുറ്റം ചുമത്തിയാണ് എട്ടുവയസ്സുകാരനേയും 70 കാരനേയും പോലിസ് പള്ളിയില്‍ നിന്നും പിടിച്ചുകൊണ്ട് പോയത്.

യാസിന്‍ അടുത്തിടെ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നതിനാല്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു.

അക്രമത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരേ കേസെടുത്ത് കസ്റ്റഡിയില്‍ വച്ചിരിക്കുന്നത്. 'എന്റെ ഇളയ സഹോദരനെ ഒരു വാര്‍ഡില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു, എന്റെ കുടുംബത്തെ അവനെ കാണാന്‍ ആദ്യം അനുവദിച്ചില്ല. എന്റെ അമ്മ അവനെ കണ്ടപ്പോള്‍ അവന്‍ പേടിച്ച് കൈകൂപ്പി നില്‍ക്കുകയായിരുന്നു. വീട്ടിലേക്ക് കൊണ്ട് പോകാന്‍ ആവശ്യപ്പെട്ട് കുട്ടി കരയുകയായിരുന്നു'. റിസ്‌വാന്റെ സഹോദരന്‍ അസ്ഹര്‍ 'മക്തൂബ്'് ന്യൂസിനോട് പറഞ്ഞു.

അരയില്‍ കയര്‍ കെട്ടിയ നിലയിലായിരുന്നു ഇവരെ കോടതിയില്‍ ഹാജരാക്കിയത്. റിസ്വാന്റെ കുടുംബം കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും മോചിപ്പിക്കാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെടുകയായിരുന്നു.

Tags:    

Similar News