കലാലയങ്ങളില്‍ വിദ്യാര്‍ഥി സമരത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി

പഠിക്കുകയെന്നത് വിദ്യാര്‍ഥികളുടെ മൗലിക അവകാശമാണ്. ഈ അവകാശം തടസപെടുത്താന്‍ ഏതെങ്കിലും സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ അവകാശമില്ല. പഠിക്കാനുള്ള അവകാശം തടസപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രവര്‍ത്തനവും പാടില്ല. കലാലയങ്ങള്‍ക്ക് ഉളളില്‍ മാര്‍ച്ച്, ഘൊരാവോ,പഠിപ്പ് മുടക്ക് അടക്കമുളള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനോ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു

Update: 2020-02-26 10:24 GMT

കൊച്ചി: കലാലയങ്ങളില്‍ വിദ്യാര്‍ഥി സമരത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവ്.സമരങ്ങള്‍ നടത്തി കലാലയങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.പഠിക്കുകയെന്നത് വിദ്യാര്‍ഥികളുടെ മൗലിക അവകാശമാണ്. ഈ അവകാശം തടസപെടുത്താന്‍ ഏതെങ്കിലും സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ അവകാശമില്ല. പഠിക്കാനുള്ള അവകാശം തടസപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രവര്‍ത്തനവും പാടില്ല. കലാലയങ്ങള്‍ക്ക് ഉളളില്‍ മാര്‍ച്ച്, ഘൊരാവോ,പഠിപ്പ് മുടക്ക് അടക്കമുളള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനോ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അക്രമ സമരങ്ങള്‍ക്ക് അല്ല മറിച്ച് സമാധാനപരമായ ചര്‍ച്ചകള്‍ക്കും ആശയസംവാദങ്ങള്‍ക്കുമാണ് കലാലയങ്ങള്‍ വേദിയാകേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടക്കം ഉത്തരവ് ബാധകമായിരിക്കും.

കോളജുകള്‍ പ്രഥമ പരിഗണന നല്‍കേണ്ടത് വിദ്യാര്‍ഥികളുടെ പഠനത്തിനാണെന്നും അതുകൊണ്ടു തന്നെ കോളജുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ എന്തു സമരങ്ങള്‍ ഉണ്ടായാലും മാനേജ്മെന്റുകള്‍ക്ക് പോലിസിനെ വിളിച്ച് സമാധാന അന്തരീക്ഷം ഉറപ്പു വരുത്താവുന്നതാണെന്നും കോടതി വിധിയില്‍ പറയുന്നു. ഉത്തരവ് കോളജുകള്‍ക്കും സ്‌കൂളുകള്‍ക്കും ഒരുപോലെ ബാധകമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്‌കൂളുകളില്‍ വിദ്യാര്‍ഥി സമരങ്ങളോ മറ്റ് പ്രതിഷേധങ്ങളോ ഉണ്ടായാല്‍ സ്‌കൂള്‍ അധികാരികള്‍ക്കോ ഡിഇഒ മാര്‍ക്കോ ഉചിതമായ നടപടി സ്വീകരിക്കാവുന്നതാണ്. സമ്മര്‍ദ്ദം ചെലുത്തി താല്‍പര്യമില്ലാത്ത വിദ്യാര്‍ഥികളെ സമരങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കി.

മുന്‍പ് ഹരജി പരിഗണിച്ചപ്പോള്‍ കലാലയ രാഷ്ട്രീയത്തിന് തടയിടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. കലാലയ രാഷ്ട്രീയം മൂലം ക്ലാസുകള്‍ നഷ്ടപ്പെടുന്നുവെന്നും കാംപസുകളില്‍ സമാധാന അന്തരീക്ഷം നഷ്ടപ്പെടുന്നുവെന്നും ചൂണ്ടികാട്ടി സ്‌കൂള്‍ മാനേജുമെന്റുകളാണ് ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Similar News