ഹര്‍ത്താല്‍ തുടങ്ങി; വാഹനങ്ങള്‍ തടയുന്നു, കെഎസ്ആര്‍ടിസി ഓടുന്നില്ല
കെഎസ്ആര്‍ടിസി സര്‍വീസ് പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്.
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരേ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തിട്ടുള്ളത്. ചിലയിടങ്ങളില്‍ ഇന്നു രാവിലെ തന്നെ വാഹനങ്ങള്‍ തടയാന്‍ ശ്രമമുണ്ടായി. തിരുവനന്തപുരത്ത് ഓട്ടോറിക്ഷ തുടങ്ങിയവ സര്‍വീസ് നടത്തുന്നുണ്ട്. പോലിസ് സുരക്ഷയുള്ളതിനാല്‍ സംഘര്‍ഷാവസ്ഥയൊന്നുമുണ്ടായിട്ടില്ല. തലസ്ഥാനത്തും കൊച്ചിയിലും കെഎസ്ആര്‍ടിസി സര്‍വീസ് പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ചില സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി ആലപ്പുഴയിലും മറ്റും കെഎസ്ആര്‍ടിസിക്കു നേരെ കല്ലേറുണ്ടായതോടെയാണ് സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവച്ചത്. ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താത്തത് യാത്രക്കാര്‍ക്ക് ഏറെ ദുരിതമായി. കോഴിക്കോട്ട് യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലിസ് സുരക്ഷയില്‍ എറണാകുളത്തേക്ക് യാത്ര തിരിച്ചു. വ്യാപാരികളുടെ കോഓഡിനേഷന്‍ കമ്മിറ്റി കടകള്‍ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയേണ്ടി വരും. അതേസമയം, ഹര്‍ത്താലില്‍ അക്രമങ്ങളുണ്ടായാല്‍ കര്‍ശനമായി നേരിടുമെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയോ അക്രമം നടത്തുകയോ ചെയ്താല്‍ ഉടനടി അറസ്റ്റ് ചെയ്യാനാണു ഡിജിപിയുടെ നിര്‍ദേശം.
അതിനിടെ, ശബരിമല കര്‍മസമിതി നടത്തിയ പ്രതിഷേധത്തിനിടെ കല്ലേറില്‍ പരിക്കേറ്റ് മരിച്ചു കരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ(55) മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കും. പന്തളത്ത് പ്രകടനം നടത്തിയ കര്‍മ സമിതി പ്രവര്‍ത്തകര്‍ അക്രമം നടത്തിയതിനെതിരേ സമീപത്തെ സിപിഎം ഓഫിസിന് മുകളില്‍ നിന്നുണ്ടായ കല്ലേറിലാണ് ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത്. ശബരിമല കര്‍മ സമിതി ഇന്നു രാവിലെ 10നു സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തുന്നുണ്ട്.
അതേസമയം, യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കും. ഇതിന്റെ ഭാഗമായി രാവിലെ 11നു സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. കറുത്ത ബാഡ്ജുകള്‍ ധരിച്ചാവും പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുക.
