ക്ലാസില്‍ പ്രവാചക നിന്ദ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച അധ്യാപകന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

പ്രതിയെന്നു സംശയിക്കുന്ന 18കാരനെ പോലിസ് വെടിവച്ച് കൊന്നു

Update: 2020-10-17 06:35 GMT

പാരിസ്: പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ വിദ്യാര്‍ഥികള്‍ക്ക് കാണിച്ചുകൊടുത്തുവെന്ന വിവാദത്തിനു പിന്നാലെ ആരോപണ വിധേയനായ ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ടു. ഫ്രാന്‍സിലെ കോണ്‍ഫ്‌ലാന്‍സ് സെന്റ് ഹോണറിനിലെ ഒരു സ്‌കൂളിന് സമീപം വെള്ളിയാഴ്ച വെകീട്ട് അഞ്ചോടെയാണ് സംഭവം. അധ്യാപകനെ കൊലപ്പെടുത്തിയയാളെ വെടിവച്ചു കൊന്നതായി പോലിസ് അറിയിച്ചു. ആക്രമണം നടന്ന സ്ഥലത്തുനിന്ന് ഏതാനും അകലെയുള്ള തെരുവില്‍ നിന്നാണ് ഇയാളെ പോലിസ് പട്രോളിങ് സംഘം വെടിവച്ച് കൊന്നത്. അധ്യാപകന്റെ കഴുത്തില്‍ കത്തികൊണ്ടുള്ള ഒന്നിലേറെ മുറിവുകളുണ്ടെന്ന്

    പോലിസ് പറഞ്ഞു. അതേസമയം, ആക്രമണകാരിയെന്ന് സംശയിച്ച് പോലിസ് വെടിവച്ചു കൊലപ്പെടുത്തിയ വ്യക്തി മോസ്‌കോ സ്വദേശിയായ 18 വയസ്സുകാരനാണെന്നു ഫ്രഞ്ച് ബ്രോഡ്കാസ്റ്റര്‍ ബിഎഫ്എംടിവി റിപോര്‍ട്ട് ചെയ്തു. അധ്യാപകനെ കൊലപ്പെടുത്തിയയാള്‍ അല്ലാഹു അക്ബര്‍ എന്നു ഉറക്കെ വിളിച്ചാണ് കൃത്യം ചെയ്തതെന്ന് സാക്ഷികളെ ഉദ്ധരിച്ച് പോലിസ് വ്യക്തമാക്കി. വിശദമായ വിവരങ്ങള്‍ പരിശോധിക്കുകയാണെന്ന് പോലിസ് വക്താവ് പറഞ്ഞു.

    വിദ്യാര്‍ത്ഥികളെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിക്കുകയായിരുന്ന നമ്മുടെ സഹ പൗരന്മാരില്‍ ഒരാളെ ഇന്ന് കൊലപ്പെടുത്തിയെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അദ്ദേഹം ഇസ് ലാമിക ഭീകരാക്രമണത്തിന്റെ ഇരയാണെന്നും മാക്രോണ്‍ ആരോപിച്ചു.

    ഒക്ടോബര്‍ 9ന് ഒരു രക്ഷിതാവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് അധ്യാപകന്റെ ക്ലാസ് മുറിയിലെ പ്രവൃത്തി പുറംലോകമറിഞ്ഞത്. മുസ്ലിം ആയ തന്റെ മകള്‍ ക്ലാസിലെ വിദ്യാര്‍ഥികളില്‍ ഒരാളാണെന്നും അധ്യാപകന്റെ നടപടിയില്‍ അവള്‍ ഞെട്ടിയെന്നും അസ്വസ്ഥയായെന്നുമായിരുന്നു അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് അധികാരികളോട് പരാതിപ്പെടുകയും അധ്യാപകനെ നീക്കണമെന്ന് വീഡിയോയില്‍ പറയുകയും ചെയ്തിരുന്നു.

    2015ല്‍ ഷാര്‍ലെ ഹെബ്ദോ മാസികയില്‍ പ്രവാചകനെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് വന്‍ വിവാദമായിരുന്നു. 2015 ജനുവരി ഏഴിനു ഒരുസംഘം തോക്കുധാരികള്‍ മാസിക ഓഫിസില്‍ കയറി എട്ട് ജീവനക്കാര്‍ ഉള്‍പ്പെടെ 12 പേരെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. കേസിലെ വിചാരണ തുടങ്ങുന്ന ദിവസം 2020 സപ്തംബര്‍ രണ്ടിനു പ്രകോപന കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിച്ച് വീണ്ടും ഷാര്‍ലെ ഹെബ്ദോ മാസിക രംഗത്തെത്തി. ഇതിനു പിന്നാലെ സപ്തംബര്‍ 25നു ഷാര്‍ലെ ഹെബ്ദോയുടെ പഴയ ഓഫിസിനു മുന്നില്‍ വച്ച് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു.




Tags:    

Similar News