ജിയോ ഒഴികെയുള്ള ടെലികോം കമ്പനികള്‍ നഷ്ടത്തില്‍; ഒരു കമ്പനിയും പൂട്ടേണ്ടി വരില്ലെന്ന് നിര്‍മലാ സീതാരാമന്‍

ജപ്പാനില്‍നിന്നുള്ള ഡോകോമോ, റഷ്യയുടെ എംടിഎസ്, യുഎഇയുടെ എത്തിസലാത്ത്, നോര്‍വേയുടെ ടെലിനോര്‍ തുടങ്ങിയവയെല്ലാം ഇന്ത്യയില്‍ നിക്ഷേപത്തിനെത്തി പരാജയപ്പെട്ടുമടങ്ങിയിരുന്നു.

Update: 2019-11-16 07:38 GMT

ന്യൂഡല്‍ഹി: മുന്‍നിര ടെലികോം കമ്പനികളില്‍ ജിയോ ഒഴികെയുള്ള എല്ലാ ടെലികോം കമ്പനികളും സെപ്തംബര്‍ പാദത്തില്‍ വന്‍ നഷ്ടത്തിലാണെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. ഒരു കമ്പനിക്കും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരില്ലെന്നും എല്ലാവരും അഭിവൃദ്ധിപ്രാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ടെലികോം മേഖലയിലെ പ്രതിസന്ധി പഠിക്കാന്‍ രൂപീകരിച്ച സെക്രട്ടറിതല സമിതി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിലെ പോരായ്മകള്‍, നയരൂപവത്കരണത്തിലെ പാളിച്ചകള്‍, കോര്‍പറേറ്റ് ലോബിക്ക് അനുകൂലമായി നടപ്പാക്കിയ തീരുമാനങ്ങള്‍, മത്സരരീതികള്‍ എന്നിവയാണ് ഇന്ത്യന്‍ ടെലികോം മേഖലയുടെ നട്ടെല്ലൊടിച്ചത്. ഇന്ത്യയില്‍ കോടിക്കണക്കിനുരൂപ നിക്ഷേപിച്ചശേഷം പത്തുകമ്പനികള്‍ക്കെങ്കിലും പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിപ്പോകേണ്ടിവന്നു.

ജപ്പാനില്‍നിന്നുള്ള ഡോകോമോ, റഷ്യയുടെ എംടിഎസ്, യുഎഇയുടെ എത്തിസലാത്ത്, നോര്‍വേയുടെ ടെലിനോര്‍ തുടങ്ങിയവയെല്ലാം ഇന്ത്യയില്‍ നിക്ഷേപത്തിനെത്തി പരാജയപ്പെട്ടുമടങ്ങിയിരുന്നു.

കോളുകള്‍ സൗജന്യമാക്കി റിലയന്‍സ് ജിയോ രംഗപ്രവേശംചെയ്തതോടെ അന്നുണ്ടായിരുന്ന എയര്‍ടെല്ലും ഐഡിയയും വോഡഫോണും നിരക്കുകുറയ്ക്കാന്‍ നിര്‍ബന്ധിതരായി. ഇതിനൊപ്പം സ്‌പെക്ട്രം ലൈസന്‍സിനായി എടുത്ത വായ്പകളും സര്‍ക്കാരിലേക്കുനല്‍കേണ്ട ഫീസുകളുംകൂടിയായപ്പോള്‍ പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയിലായി. വോഡഫോണും ഐഡിയയും പരസ്പരം ലയിച്ചെങ്കിലും പ്രതിസന്ധിക്ക് അയവുണ്ടായില്ല. സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ വോഡഫോണ്‍ ഐഡിയ 50,922 കോടിരൂപയുടെയും എയര്‍ടെല്‍ 23,045 കോടി രൂപയുടെയും നഷ്ടമാണ് രേഖപ്പെടുത്തിയത്. എയര്‍സെല്‍, ടാറ്റ, പൊതുമേഖലയിലുള്ള ബി.എസ്.എന്‍.എല്‍., എം.ടി.എന്‍.എല്‍. എന്നിവയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. ഈ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. ടെലികോം കമ്പനികള്‍ക്ക് പാക്കേജ് നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.




Tags:    

Similar News