പച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ചിത്രീകരിക്കാനുള്ള ഗൂഢാലോചന-കെ കെ അബ്ദുല്‍ ജബ്ബാര്‍

Update: 2023-09-26 14:50 GMT

തിരുവനന്തപുരം: കൊല്ലം കടയ്ക്കലില്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മുതുകില്‍ പിഎഫ്‌ഐ എന്ന് പച്ചകുത്തിയെന്ന വ്യാജ പരാതി കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ചിത്രീകരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. സംഭവവുമായി ബന്ധപ്പെട്ട് രാജസ്താനില്‍ സൈനികനായ ചാണപ്പാറ സ്വദേശി ബി എസ് ഭവനില്‍ ഷൈന്‍ കുമാറിനെയും സുഹൃത്ത് ഷൈജുവിനെയും പോലിസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പിടിയിലായവര്‍ കേവലം ഉപകരണങ്ങള്‍ മാത്രമാവാനാണ് സാധ്യത. ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന് രാജ്യത്തിനു കാവല്‍ നില്‍ക്കുന്ന ഒരു സൈനികനെ തന്നെ ഉപയോഗിക്കാന്‍ സാധിച്ചു എന്നത് ഏറെ ആശങ്കാജനകമാണ്. വ്യാജ വാര്‍ത്ത ആര്‍എസ്എസ് ചാനലായ ജനം ടിവി ബ്രേക്കിങ് ന്യൂസായി പ്രക്ഷേപണം ചെയ്യുകയും ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. പിന്നീട് പ്രതീഷ് വിശ്വനാഥ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വിഷലിപ്തമായ പ്രചാരണങ്ങളാണ് നടത്തിയത്. ഇതിലൂടെ സംഭവം വളരെ ആസൂത്രിതമാണെന്നു വ്യക്തമായിരിക്കുകയാണ്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കു നേരേ ബോംബെറിഞ്ഞും ക്ഷേത്രത്തിലേക്ക് വിസര്‍ജ്ജ്യം എറിഞ്ഞും മുസ് ലിം പണ്ഡിതരെ ആക്രമിച്ചു കൊലപ്പെടുത്തിയും വന്‍കലാപം ആസൂത്രണം ചെയ്യാന്‍ സംഘപരിവാരം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശ്രമിച്ചുവരികയാണ്. ആര്‍എസ്എസ്സുകാര്‍ പ്രതിയായി അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ മാനസിക രോഗിയായി ചിത്രീകരിച്ച് കേസ് ലഘൂകരിക്കുന്നതാണ് പോലിസിന്റെ പതിവുരീതി. കേവലം പ്രശസ്തിക്കു വേണ്ടി ചെയ്തതാണെന്ന അവകാശവാദം കേസ് ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. വ്യാജ ചാപ്പ കുത്തല്‍ നാടകത്തിലൂടെ കേരളത്തില്‍ വര്‍ഗീയ കലാപത്തിനും സാമുദായിക ധ്രുവീകരണത്തിനും പദ്ധതിയിട്ട പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News