പുനരധിവാസത്തിന് പൗരത്വം തെളിയിക്കണം; അസമില്‍ നടപ്പാക്കുന്നത് മുസ് ലിം ഉന്മൂലന പദ്ധതി

വൃത്തിഹീനമായ സാഹചര്യത്തിലാണ് ഓരോ കുടുംബവും മുന്നോട്ട് പോവുന്നത്. മാലിന്യം കുമിഞ്ഞുകൂടിയ താമസ സ്ഥലം, ശുദ്ധമായ കുടിവെള്ള വിതരണത്തിന്റെ അഭാവം, കടുത്ത ഭക്ഷണ ക്ഷാമം, വൈദ്യസഹായത്തിന്റെ അപര്യാപ്തതയും കുടിയൊഴിപ്പിക്കപ്പെട്ട ഗ്രാമീണര്‍ നേരിടുന്നതായി സംഘം വ്യക്തമാക്കി.

Update: 2021-11-10 06:02 GMT

ന്യൂഡല്‍ഹി: സെപ്തംബര്‍ അവസാന വാരത്തില്‍ അസമിലെ ദരാംഗ് ജില്ലയിലെ ധോല്‍പൂര്‍ പ്രദേശത്ത് കൈയ്യേറ്റം ഒഴിപ്പിക്കല്‍ എന്ന പേരില്‍ നടന്നത് സംഘപരിവാര്‍ ഭരണകൂടത്തിന്റെ മുസ് ലിം ഉന്മൂലന പദ്ധതിയാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു.


ബിജെപി സര്‍ക്കാര്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ മുസ് ലിംകളെ പ്രത്യേകം തിരഞ്ഞുപിടിച്ച് ഡിറ്റന്‍ഷന്‍ ക്യാപുകളില്‍ അടക്കാനും നാടുകടത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് തെളിയിക്കുന്നതാണ്.

പുനരധിവാസത്തിന് ഭൂമി നീക്കിവച്ചിട്ടുണ്ടെന്നും എന്നാല്‍, കൊടിയൊഴിപ്പിക്കപ്പെട്ടവര്‍ പൗരത്വം തെളിയിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പതിറ്റാണ്ടുകളായി താമസിക്കുന്നവരെ ആ പ്രദേശത്ത് നിന്ന് ബലമായി ഇറക്കിവിട്ടതിന് ശേഷമാണ് പുനരധിവാസത്തിന് എന്‍ആര്‍എസി രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

On June 7, I had inspected riverine areas encroached by illegal settlers near Dholpur Shiva Mandir. I had assured temple mgmt & local people to set up a Manikut, build a guest house & boundary wall. Today's eviction is aimed at starting community farming by removing encroachment pic.twitter.com/VmnsfDXz8r

അസമിലെ എന്‍ആര്‍സി നടപടിക്രമങ്ങള്‍ നേരത്തെ തന്നെ വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കുടിയേറിയവരെന്ന് ആരോപിച്ച് ലക്ഷക്കണക്കിന് മുസ് ലിം കുടുംബങ്ങളേയാണ് എന്‍ആര്‍സി പട്ടികയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. ജനപ്രതിനിധികളും വര്‍ഷങ്ങളായി സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച് വിരമിച്ചവരും ഉള്‍പ്പടെ ആയിരങ്ങള്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താണ്. മുസ് ലിം ഉന്മൂലന പദ്ധതിയുടെ ഭാഗമാണ് അസം എന്‍ആര്‍സിയെന്ന് പൗരാവകാശ സംഘടനകളും പൊതു പ്രവര്‍ത്തകരും പറയുന്നു. വിവാദമായ എന്‍ആര്‍സി പട്ടിക ദരാംഗ് ജില്ലയില്‍ കുടിയൊഴിപ്പിക്കപ്പെട്ട മുസ് ലിംകള്‍ക്ക് ബാധകമാക്കുന്നത് അവരെ പുനരധിവാസ പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.


സെപ്തംബര്‍ അവസാനത്തിലാണ് നൂറുകണക്കിന് മുസ്‌ലിം കുടുംബങ്ങളെ കൈയേറ്റം ഒഴിപ്പിക്കാനെന്ന വ്യാജേന അവരുടെ ആവാസ മേഖലയില്‍നിന്നു അസംഭരണകൂടം ചവിട്ട് പുറത്താക്കിയത്. പതിറ്റാണ്ടുകളായി താമസിച്ച് വരുന്ന തങ്ങളുടെ ഭവനങ്ങളില്‍നിന്നു ആട്ടിപ്പുറത്താക്കാനുള്ള ഭരണകൂട ശ്രമത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരെ വെടിയുതിര്‍ത്താണ് പോലിസും ഭരണകൂടവും പ്രതികരിച്ചത്. വെടിയേറ്റ് നിലത്തുവീണ മുസ്‌ലിം കര്‍ഷകന്റെ നെഞ്ചിലേക്ക് ഒരു കാമറാമാന്‍ ചാടുന്ന വീഡിയോ പുറത്ത് വന്നതോടെ സംഭവം ദേശീയ അന്തര്‍ദേശീയ ശ്രദ്ധ നേടിയിരുന്നു.

കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പുറത്ത് നിന്നുള്ളവരും അനധികൃത കുടിയേറ്റക്കാരുമാണെന്നാണ് അസം സര്‍ക്കാരിന്റെ വാദം. പൊതു സ്ഥലം കയ്യേറി താമസിക്കുന്നവരേയാണ് ഒഴിപ്പിച്ചതെന്നും ബിജെപി സര്‍ക്കാര്‍ ആരോപിക്കുന്നു.

എന്നാല്‍, തങ്ങളെ യാതൊരു മുന്നറിയിപ്പുമില്ലാതെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുകയായിരുന്നെന്ന് ഗ്രാമീണര്‍ പറയുന്നു. തങ്ങളുടെ വീടുകളും കൃഷിയും നശിപ്പിച്ചതായും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പറഞ്ഞു. പുനരധിവാസം ആവശ്യപ്പെട്ട് ഗ്രാമീണര്‍ ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഗ്രാമീണരുടെ ഹരജി പരിഗണിക്കുന്നതനിടേയാണ് ചീഫ് ജസ്റ്റിസ് സുധാന്‍ഷു ധൂലിയയും ജസ്റ്റിസ് കഖേതോ സേമയും അടങ്ങുന്ന ബെഞ്ച് സര്‍്ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടത്.

കുടിയിറക്കപ്പെട്ടവരെ പുനരധിവാസം നടത്തുമെന്നും ഇതിനായി 1,000 ബിഗാസ് ഭൂമി നീക്കിവെച്ചിട്ടുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ ദേബോജിത് സാകിയ കോടതിയെ അറിയിച്ചതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. അര്‍ഹത നിര്‍ണ്ണയിക്കാന്‍, കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ യഥാര്‍ത്ഥത്തില്‍ ഭൂരഹിതരായ കുടിയേറ്റക്കാരാണോ എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും എജി ഹൈക്കോടതിയെ അറിയിച്ചു. അവര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പൗരന്മാരാണോ എന്ന് അറിയാന്‍ അവരുടെ പേരുകള്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍(എന്‍ആര്‍സി) ഉണ്ടോ എന്നും പരിശോധിച്ചു വരികയാണെന്ന് എജി കോടതിയെ അറിയിച്ചു.

വിവാദമായ അസം എന്‍ആര്‍സി പുനരധിവാസത്തിന് മാനദണ്ഡമാക്കുന്നതോടെ അര്‍ഹരായ നൂറുകണക്കിന് ഗ്രാമീണര്‍ പട്ടികയില്‍ നിന്ന് പുറത്താവും. എന്‍ആര്‍സി പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവരില്‍ 60 ശതമാനവും ഗ്രാമീണരായ വീട്ടമ്മമാരാണെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനന സര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ രേഖകളും ഇല്ലാത്തവരാണ് ഭൂരിഭാഗം പാവപ്പെട്ട ഗ്രാമീണ വീട്ടമ്മമാര്‍. പ്രസവത്തിന് ആശുപത്രിയില്‍ പോവാത്തതിനാല്‍ ആശുപത്രി രേഖകളും ഇവര്‍ക്ക് ലഭ്യമല്ല. ജീവിത സാഹചര്യങ്ങള്‍ മൂലം സ്‌കൂള്‍, ആശുപത്രി രേഖകള്‍ ഇല്ലാത്തതിനാല്‍ എന്‍ആര്‍സിയില്‍ നിന്ന് പുറത്തായവരാണ് അസമിലെ ഭൂരിഭാഗം മുസ്‌ലിം വീട്ടമ്മമാരും. കൗമാരത്തില്‍ വിവാഹിതരായതിനാല്‍ മിക്കവരും സ്വന്തം ഗ്രാമത്തിലെ വോട്ടര്‍ പട്ടികയിലും ഇടം പിടിക്കുന്നില്ല. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് വിവാഹം കഴിച്ചെത്തുന്ന ഗ്രാമങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത്. എന്നാല്‍, ഈ സര്‍ട്ടിഫിക്കറ്റ് ദുര്‍ബലമായ രേഖയായി കണക്കാക്കുന്നതിനാല്‍ പൗരത്വം തെളിയിക്കാന്‍ പര്യാപ്തമല്ല. നദീ തീരങ്ങളിലുള്ള താമസവും വെള്ളപ്പൊക്കവും വര്‍ഗീയ കലാപങ്ങളും മൂലം എല്ലാം നഷ്ടപ്പെട്ടവരാണ് പാവപ്പെട്ട ഗ്രാമീണരില്‍ ഭൂരിഭാഗവും. സ്വന്തമായി അടച്ചുറപ്പുള്ള വീട് പോലുമില്ലാത്തവര്‍ക്ക് പലപ്പോഴും ആകെയുള്ള രേഖകള്‍ പോലും നഷ്ടപ്പെട്ടു പോകുന്നു. ഇപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ ഉരുള്‍പ്പൊട്ടല്‍ കൂടുതല്‍ രൂക്ഷമായ അപ്പര്‍ അസമില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണ്. ഇവര്‍ 40-50 വര്‍ഷമായി ദരാംഗ് ജില്ലയിലെ ധോല്‍പൂര്‍ പ്രദേശത്ത് താമസിച്ചുവരുന്നു. ഇത്തരത്തിലുള്ള ഗ്രാമീണരോടാണ് പുനരധിവാസത്തിന് എന്‍ആര്‍സി രേഖകള്‍ ഹാജരാക്കാന്‍ അസം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അക്കാദമിക് വിദഗ്ധരും മാധ്യമ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും അടങ്ങുന്ന ഒരു പ്രതിനിധി സംഘം അടുത്തിടെ പ്രദേശം സന്ദര്‍ശിച്ച് കുടിയൊഴിപ്പിക്കല്‍ യജ്ഞത്തിലെ ഇരകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ മാസം രണ്ടിന് തങ്ങളുടെ വസ്തുതാന്വേഷണത്തിലെ കണ്ടെത്തലുകള്‍ അവര്‍ പ്രസിദ്ധീകരിച്ചു. അതില്‍ 'ധോല്‍പൂരിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതില്‍ അസം സര്‍ക്കാരിന്റെ ബോധപൂര്‍വമായ നീക്കത്തെക്കുറിച്ച്' അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ജന്‍ഹസ്തക്ഷേപിന്റെ ബാനറിന് കീഴില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെഎന്‍യു) ഫാക്കല്‍റ്റി ഡോ. വികാസ് ബാജ്‌പേയ്, ഡല്‍ഹി സര്‍വകലാശാലയിലെ ദേശ്ബന്ധു കോളജിലെ പ്രഫ. ബിശ്വജീത് മൊഹന്തി ഒഡീഷയിലെ ഭുവനേശ്വറില്‍ നിന്നുള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകനും കുടിയേറ്റ വിരുദ്ധ പ്രവര്‍ത്തകനുമായ സുധീര്‍ പട്‌നായിക്ക് എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് പ്രദേശം സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപോര്‍ട്ട് തയ്യാറാക്കിയത്.

ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കപ്പെട്ട ഈ പ്രദേശത്തെ ആളുകളുടെ ഇപ്പോഴത്തെ ദയനീയാവസ്ഥ വരച്ചുകാട്ടുന്നതായിരുന്നു സംഘം പുറത്തുവിട്ട റിപോര്‍ട്ട്. തകരം, വൈക്കോല്‍, മുള എന്നിവകൊണ്ട് നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡുകളിലാണ് അവര്‍ താമസിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഓരോ കുടുംബവും മുന്നോട്ട് പോവുന്നത്. ശുചിത്വമില്ലായ്മ, സുരക്ഷിതമായ കുടിവെള്ള വിതരണത്തിന്റെ അഭാവം, കടുത്ത ഭക്ഷണ ക്ഷാമം, വൈദ്യസഹായത്തിന്റെ അപര്യാപ്തതയും പ്രദേശം നേരിടുന്നതായി സംഘം വ്യക്തമാക്കി.

'ഒരു സര്‍ക്കാര്‍ ഏജന്‍സിയും ഈ ആളുകള്‍ക്ക് ഏതെങ്കിലും തരത്തില്‍ ആശ്വാസം നല്‍കുന്നതിനായി എത്തിയതിന്റെ ഒരു തുമ്പും തങ്ങള്‍ക്ക് കണ്ടെത്താനായില്ലെന്നും ഇത് കൂട്ടക്കൊല നടത്തുന്നതില്‍ ഗവണ്‍മെന്റിന്റെ ബോധപൂര്‍വമായ നീചമായ നീക്കത്തെ കൂടുതല്‍ സാക്ഷ്യപ്പെടുത്തുന്നതാണെന്നും വസ്തുതാന്വേഷണ റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

താമസക്കാര്‍ക്ക് സ്ഥലം വിട്ടുനല്‍കാന്‍ മതിയായ സമയം നല്‍കിയില്ലെന്ന വസ്തുത ഉയര്‍ത്തിക്കാട്ടി സംഘം 'സര്‍ക്കാര്‍ സംവിധാനത്തിന്റെ ക്രിമിനല്‍ മാനസികാവസ്ഥ' വരച്ച് കാണിക്കുന്നുണ്ട്. സെപ്തംബര്‍ 19ന് അര്‍ദ്ധരാത്രി 12 മണിക്ക് സഹീര്‍ എന്ന താമസക്കാരന് കുടിയൊഴിപ്പിക്കല്‍ നോട്ടിസ് ലഭിച്ചത്. അടുത്ത ദിവസം രാവിലെ, വീട് പൊളിച്ച് നീക്കാന്‍ ഭരണകൂടം എത്തി.നോട്ടിസ് ലഭിച്ച് മൂന്ന് മാസത്തിനകം സ്ഥലം ഒഴിഞ്ഞാല്‍ മതിയെന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. എന്നാല്‍, അവയൊക്കെ കാറ്റില്‍ പറത്തിക്കൊണ്ടള്ളതായിരുന്നു ഭരണകൂട നടപടി. ഭൂരിഭാഗം ആളുകളെയും ഒഴിപ്പിക്കാന്‍ ഭരണകൂടം സമാനമായ തന്ത്രങ്ങള്‍ പ്രയോഗിച്ചതായി സംഘം കണ്ടെത്തി.

Tags:    

Similar News