ഡല്‍ഹി കലാപം: പരിക്കേറ്റവര്‍ക്ക് ചികില്‍സ നല്‍കിയ ആശുപത്രി ഉടമയ്‌ക്കെതിരേയും കേസ്

കലാപബാധിതരെ സഹായിച്ചതിനാണ് തന്നെ ലക്ഷ്യമിടുന്നതെന്നു ഡോ. അന്‍വര്‍ പറഞ്ഞു. 'കുറ്റപത്രത്തില്‍ എന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഞാന്‍ എപ്പോഴും തിരക്കിലായതിനാല്‍ ഞാന്‍ പ്രതിഷേധക്കാരെ സംഘടിപ്പിക്കുകയോ പ്രതിഷേധത്തില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ല.

Update: 2020-06-27 12:03 GMT

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാരം ആസൂത്രണം ചെയ്തു നടപ്പാക്കിയ കലാപത്തില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തവര്‍ക്ക് ചികില്‍ നല്‍കിയ ആശുപത്രി ഉടമയായ ഡോക്ടര്‍ക്കെതിരേയും കേസ്. നിരവധി പേരുടെ ജീവന്‍ രക്ഷിച്ച ന്യൂ മുസ്തഫാബാദിലെ അല്‍ ഹിന്ദ് ആശുപത്രി ഉടമ ഡോ. എം എ അന്‍വറിന്റെ പേരാണ് ഒരു കൊലക്കേസിലെ കുറ്റപത്രത്തിലുള്ളത്. ശിവ് വിഹാറിലെ അനില്‍ സ്വീറ്റ്‌സിലെ വെയിറ്ററായിരുന്ന 20 കാരനായ ദില്‍ബാര്‍ നേഗിയെ കൊലപ്പെടുത്തിയ കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഡോ. എം എ അന്‍വറിന്റെ പേരുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. ഫെബ്രുവരി 26നാണ് നേഗിയുടെ മൃതദേഹം ഗോഡൗണില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഫാറൂഖിയ മസ്ജിദില്‍ നടന്ന പ്രതിഷേധത്തിന്റെ സംഘാടകനായിരുന്നു ഡോ. അന്‍വര്‍ എന്നും ഫെബ്രുവരി 23ന് നടന്ന അക്രമത്തില്‍ ഈ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പങ്കാളികളായിരുന്നുവെന്നുമാണ് ഡല്‍ഹി പോലിസ് വാദം.

    '15.01.2020 മുതല്‍ ഫാറൂഖിയ മസ്ജിദിനു സമീപം നിയമവിരുദ്ധമായി സിഎഎ/എന്‍ആര്‍സി വിരുദ്ധ പ്രതിഷേധം നടക്കുകയായിരുന്നു. അതില്‍ നിരവധി പ്രഭാഷകര്‍ പല ദിവസങ്ങളിലായി പ്രസംഗിക്കാനെത്തിയിരുന്നു. എന്‍ആര്‍സി പ്രകാരം മുസ്‌ലിംകള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കില്ലെന്നും അവരെ തടങ്കല്‍പ്പാളയങ്ങളിലേക്ക് അയക്കുമെന്നുമുള്ള പ്രചാരണമാണ് നടത്തിയത്. പ്രതിഷേധ പരിപാടിയില്‍ ബി ആര്‍ അംബേദ്കര്‍, ഷഹീദ് ഭഗത് സിങ്, മഹാത്മാഗാന്ധി എന്നിവരുടെ ചിത്രങ്ങളും ത്രിവര്‍ണ പതാകയും ഉണ്ടായിരുന്നെങ്കിലും ഒരു പ്രത്യേക സമുദായത്തെ കേന്ദ്രസര്‍ക്കാരിനെതിരേ പ്രേരിപ്പിച്ചു' എന്നാണ് ജൂണ്‍ 4ന് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പവന്‍ സിങ് രജാവത്ത് കര്‍കാര്‍ദൂമ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. നെഹ്‌റു വിഹാര്‍ നിവാസിയായ അര്‍ഷാദ് പ്രധാന്റെ പേരും ഡോ. അന്‍വറിനൊപ്പം കുറ്റപത്രത്തിലുണ്ട്.

    ''23.02.2020 രാത്രി പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ അക്രമത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ദയാല്‍പൂര്‍ പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഫാറൂഖിയ മസ്ജിദില്‍ നടന്ന പ്രതിഷേധത്തിന്റെ സംഘാടകര്‍ 1. അര്‍ഷാദ് പ്രധാന്‍ 2. അല്‍ ഹിന്ദ് ആശുപത്രി ഉടമ ഡോ. അന്‍വര്‍. മുകളില്‍ സൂചിപ്പിച്ച വ്യക്തികളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. അവരെ പിന്നീട് ചോദ്യം ചെയ്യും, അതനുസരിച്ച് ഞങ്ങള്‍ അന്വേഷിക്കും. ഫെബ്രുവരി 23, 24 തിയ്യതികളില്‍ നടന്ന അക്രമം ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഫാറൂഖിയ മസ്ജിദ്, അല്‍ ഹിന്ദ് ഹോസ്പിറ്റല്‍, അനില്‍ സ്വീറ്റ്‌സ് എന്നിവ പരസ്പരം ഒരു കിലോമീറ്റര്‍ വ്യത്യാസത്തിലാണുള്ളത്. മധുരപലഹാരങ്ങളും മറ്റും വില്‍ക്കുന്ന അനില്‍ സ്വീറ്റ്‌സും ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്വത്തുക്കളും കത്തിച്ച ആള്‍ക്കൂട്ടം ബ്രിജ്പുരി പുലിയയില്‍ നിന്നാണ് വന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

    കലാപത്തില്‍ വെടിയേറ്റവരും തലയോട്ടിയില്‍ പരിക്കേറ്റവരും വരെയുള്ള നിരവധി രോഗികള്‍ക്കാണ് മൂന്നുവര്‍ഷം മാത്രം പ്രായമുള്ള ആശുപത്രിയില്‍ ഡോ. അന്‍വര്‍ ചികില്‍സ നല്‍കിയത്. ഗുരുതരമായി പരിക്കേറ്റവരെ അല്‍ ഹിന്ദില്‍ നിന്ന് ജിടിബി ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന ആംബുലന്‍സുകള്‍ക്കു നേരെയും ഹിന്ദുത്വര്‍ ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 25 ന് ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇരകള്‍ക്ക് സുരക്ഷിതമായി കടന്നുപോവാന്‍ ഡല്‍ഹി ഹൈക്കോടതി പോലിസിന് നിര്‍ദേശം നല്‍കിയത്.

    കലാപബാധിതരെ സഹായിച്ചതിനാണ് തന്നെ ലക്ഷ്യമിടുന്നതെന്നു ഡോ. അന്‍വര്‍ പറഞ്ഞു. 'കുറ്റപത്രത്തില്‍ എന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഞാന്‍ എപ്പോഴും തിരക്കിലായതിനാല്‍ ഞാന്‍ പ്രതിഷേധക്കാരെ സംഘടിപ്പിക്കുകയോ പ്രതിഷേധത്തില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. പ്രതിഷേധം കാരണം പ്രദേശത്ത് യാത്ര ചെയ്യുന്നത് ഒരു പ്രശ്‌നമാണെന്നും അത് നീക്കം ചെയ്യണമെന്നും ഞാന്‍ നിരവധി തവണ ലോക്കല്‍ പോലിസിനോട് പറഞ്ഞിരുന്നു. കലാപസമയത്ത് ഞാന്‍ ആശുപത്രിയിലെത്തിയവരെ ആളുകളെ ചികില്‍സിച്ചതിനാലാണ് എന്റെ പേര് കേസിലേക്കു വലിച്ചിഴച്ചത്. അടിസ്ഥാനപരമായ മനുഷ്വത്വം കാണിച്ചതിനാലാണ് എന്നെ ഈ കേസില്‍പെടുത്തിയത്. എന്നെ അവര്‍ ലക്ഷ്യമിടുന്നുണ്ട്. എനിക്കെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഡോ. അന്‍വര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

    കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 12 പേര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മുഹമ്മദ് ഷാനവാസ് എന്ന ഷാനു, മുഹമ്മദ് ഫൈസല്‍, ആസാദ്, അശ്‌റഫ് അലി, റാഷിദ് എന്ന മോനു, ഷാരൂഖ്, മുഹമ്മദ് ഷുഷൈബ്, പര്‍വേസ്, റാഷിദ് എന്ന രാജ, മുഹമ്ദ് താഹിര്‍, സല്‍മാന്‍, സോനു സൈഫി എന്നിവരാണ് ജയിലില്‍ കഴിയുന്നത്.

Delhi Riots: Police Names Hospital Owner as Organiser of Anti-CAA Protest

Tags:    

Similar News