ഷൊർണൂരിൽ പൗരത്വ നിയമത്തെ അനുകൂലിച്ച് സംസാരിക്കാൻ വിസമ്മതിച്ച ദർസ് വിദ്യാർഥിക്ക് നേരേ ആക്രമണം

പള്ളിയിൽ പോയി തിരിച്ചുവരുമ്പോഴാണ് മൊബൈലിൽ വീഡിയോ റെക്കോർഡ് ചെയ്തുകൊണ്ട് പൗരത്വ നിയമത്തെ അനുകൂലിച്ച് സംസാരിക്കാൻ അഞ്ചം​ഗ സംഘം ഭീഷണിപ്പെടുത്തിയത്.

Update: 2020-01-20 12:40 GMT

ഷൊർണൂർ: പൗരത്വ നിയമത്തെ അനുകൂലിച്ച് സംസാരിക്കാൻ വിസമ്മതിച്ച ദർസ് വിദ്യാർഥിക്ക് നേരേ ആക്രമം. ചെറുതുരുത്തി നെടുംപുര സ്വദേശി മുബാറക്കാണ് ( 17 വയസ് ) ക്രൂരമർദ്ദനത്തിനിരയായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ സംഭവം നടന്നത്.

കോഴിക്കോട് ചാലിയത്തുള്ള ദർസിൽ വിദ്യാർഥിയായ മുബാറക് അവധി കഴിഞ്ഞ് വീട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുവാൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. ട്രെയിൻ വൈകിയതിനാൽ റെയിൽവേ സ്റ്റേഷന് സമീപത്തെ പള്ളിയിൽ പോയി തിരിച്ചുവരുമ്പോഴാണ് മൊബൈലിൽ വീഡിയോ റെക്കോർഡ് ചെയ്തുകൊണ്ട് പൗരത്വ നിയമത്തെ അനുകൂലിച്ച് സംസാരിക്കാൻ അഞ്ചം​ഗ സംഘം ഭീഷണിപ്പെടുത്തിയത്.

ഭീഷണി വകവയ്ക്കാതെ മുബാറക് മുന്നോട്ട് നടന്നപ്പോൾ പട്ടികയടക്കമുള്ള ആയുധമുപയോ​ഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് മുബാറക്കിന്റെ ബന്ധുക്കൾ പറയുന്നു. തലയ്ക്കടിയേറ്റുവീണ മുബാറക് പള്ളിയിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ മുബാറക്കിനെ വള്ളുവനാട് ഹോസ്പിറ്റലിൽ അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമിസംഘം മുഖം മറച്ചിരുന്നതായും, അതിൽ ചിലർ കാവി മുണ്ടാണ് ധരിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. 

Tags:    

Similar News