പാര്‍ട്ടി ക്ലാസുകളില്‍ അണികളെ 'ഹിന്ദുത്വം' പഠിപ്പിക്കാനൊരുങ്ങി സിപിഎം

Update: 2022-07-19 05:25 GMT

തിരുവനന്തപുരം: ആര്‍എസ്എസിനെയും വര്‍ഗീയതയെയും പ്രതിരോധിക്കാന്‍ അണികളെ 'ഹിന്ദുത്വം' പഠിപ്പിക്കാനൊരുങ്ങുകയാണ് സിപിഎം. എന്താണ് ഹിന്ദുത്വമെന്നും ആര്‍എസ്എസ് എങ്ങനെയാണ് അത് ഉപയോഗിക്കുന്നതെന്നും പഠിക്കാനും അത് പാര്‍ട്ടി ക്ലാസുകളില്‍ പഠിപ്പിക്കാനുമാണ് തീരുമാനം. വര്‍ഗീയതയെ ചെറുക്കാന്‍ അതെക്കുറിച്ച് പഠിച്ച് വിലയിരുത്തേണ്ടത് അനിവാര്യമാണെന്നാണ് സിപിഎം കണ്ടെത്തല്‍.

ആര്‍എസ്എസിനെ ചെറുക്കുന്നതിന്റെ ഭാഗമായി ദേശീയ തലത്തില്‍ പാര്‍ട്ടി ക്ലാസിനുള്ള കരിക്കുലത്തില്‍ ഹിന്ദുത്വത്തെ കുറിച്ചുള്ള പഠനവും ഉള്‍പ്പെടുത്തുമെന്ന് ഒരു ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ആര്‍എസ്എസ്, ഹിന്ദുത്വം എന്നിവ കരിക്കുലത്തില്‍ ഉള്‍പ്പെടുത്താനായി രൂപരേഖ തയാറാക്കാനുള്ള ചുമതല കേന്ദ്ര നേതൃത്വത്തിനാണ്.

ആര്‍എസ്എസ് എന്താണെന്നും അത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും തിരിച്ചറിഞ്ഞ് ജനങ്ങളെ ബോധവത്കരിച്ച് മാത്രമേ വര്‍ഗീയതയെ കൃത്യമായി പ്രതിരോധിക്കാനാകൂവെന്ന് മനസിലാക്കിയാണ് പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ സിലബസ് പരിഷ്‌കരണത്തിന് ഒരുങ്ങുന്നത്. പുതിയ സിലബസ് പഠിപ്പിക്കാനുള്ള സ്ഥിരം സ്‌കൂളായി ഡല്‍ഹിയിലെ ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഭവന്‍ പ്രവര്‍ത്തിക്കും.

പാര്‍ട്ടിയില്‍ യുവ അംഗങ്ങള്‍ കൂടുന്നുണ്ടെങ്കിലും സംഘടനാ വിദ്യാഭ്യാസമില്ല. അത് കൂടി മുന്നില്‍ കണ്ടാണ് അംഗങ്ങളില്‍ രാഷ്ട്രീയ സംഘടനാ ബോധം വളര്‍ത്തുന്നതിനായി പാര്‍ട്ടി ക്ലാസുകള്‍ മെച്ചപ്പെടുത്തുന്നത്. കൂടാതെ എല്ലാ രാഷ്ട്രീയ സംഭവങ്ങളിലും പാര്‍ട്ടി കേന്ദ്രം നയപരമായ വിശദീകരണം നല്‍കും. ഹിന്ദി മേഖലകളില്‍ പാര്‍ട്ടി വളര്‍ത്തുന്നതിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവെക്കാനും തീരുമാനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News