കൊവിഡ് 19ന് വ്യാജ ചികില്‍സ: മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍, സ്ഥാപനം റെയ്ഡ് ചെയ്തു പൂട്ടി

Update: 2020-03-18 13:14 GMT

തൃശ്ശൂര്‍: കൊവിഡ് 19 രോഗത്തിന് വ്യാജ ചികിത്സ നടത്തിയെന്ന് ആരോപിച്ച് മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ആരോഗ്യവകുപ്പും പോലിസും സംയുക്തമായി നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്തത്. കൊവിഡ് 19 രോഗം ചികിത്സിച്ച് ഭേദമാക്കുമെന്ന മോഹനന്‍ വൈദ്യരുടെ അവകാശവാദത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ പരിശോധനാ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോലിസിന്റെയും ഡിഎംഒയുടെയും നേതൃത്വത്തില്‍ തൃശ്ശൂര്‍ രായിരത്ത് ഹെറിറ്റേജിലാണ് റെയ്ഡ് നടന്നത്. കൊവിഡ് 19ന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യവകുപ്പിന്റെ നടപടി. എന്ത് ചികിത്സയാണ് മോഹനന്‍ വൈദ്യര്‍ ഇവിടെ നല്‍കുന്നതെന്ന വിവരങ്ങള്‍ ഡിഎംഒയും പോലിസും നേരിട്ടെത്തി പരിശോധിച്ചു.

തൃശ്ശൂര്‍ പട്ടിക്കാട് പാണഞ്ചേരിയിലുള്ള റിസോര്‍ട്ടിലാണ് മോഹനന്‍ വൈദ്യരുടെ പരിശോധന. രായിരത്ത് ഹെറിറ്റേജ് ആയുര്‍ റിസോര്‍ട്ട് എന്നയിടത്തുള്ള സഞ്ജീവനി ആയുര്‍ സെന്ററില്‍ ഇന്ന് ചികിത്സയുണ്ടാകുമെന്നും, അതിനായി ബന്ധപ്പെടേണ്ട നമ്പറും മോഹനന്‍ വൈദ്യര്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു.

അതേസമയം, ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഉപദേശം നല്‍കാനെത്തിയതാണെന്നായിരുന്നു മോഹനന്‍ വൈദ്യരുടെ വാദം. ചികിത്സിക്കുന്നതിനായല്ല താനെത്തിയത്. ആയുര്‍വേദ ഡോക്ടര്‍മാരാണ് തന്നെ ക്ഷണിച്ച് വരുത്തിയതെന്നും ചോദ്യം ചെയ്യലിനിടെ മോഹനന്‍ വൈദ്യര്‍ പറഞ്ഞിരുന്നു. തൃശ്ശൂര്‍ ഡിഎംഒയുടെയും പോലിസിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ജ്. ഉഴിച്ചില്‍ കേന്ദ്രത്തില്‍ പരിശോധനയും നടത്തി.

നേരത്തേ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസ്സുകാരി മരിച്ചതുള്‍പ്പടെ നിരവധി പരാതികള്‍ ഇദ്ദേഹത്തിനെതിരേ ഉയര്‍ന്നിരുന്നു. നരഹത്യ ഉള്‍പ്പടെ ചുമത്തി മോഹനന്‍ വൈദ്യരെ നേരത്തേ കേരളാ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതകരോഗമുള്ള ഒന്നരവയസ്സുകാരിയെ ചികിത്സിച്ച മോഹനന്‍ വൈദ്യര്‍ ആധുനിക ചികിത്സയൊന്നും കുഞ്ഞിന് നല്‍കാന്‍ അനുവദിച്ചിരുന്നില്ല. ഈ അശാസ്ത്രീയചികിത്സാ രീതി കൊണ്ട് കുഞ്ഞ് മരിച്ചുവെന്ന പരാതിയുയര്‍ന്നതിനെത്തുടര്‍ന്നാണ് മോഹനന്‍ വൈദ്യരെ ഇതിന് മുമ്പ് പോലിസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ പുറത്തിറങ്ങിയ ശേഷവും മോഹനന്‍ വൈദ്യര്‍ പഴയ മട്ടിലുള്ള ചികിത്സ തുടരുകയായിരുന്നു. കര്‍ണാടകയിലടക്കം നിരവധി ഇടങ്ങളില്‍ വൈറല്‍ രോഗബാധകള്‍ക്കുള്ള മരുന്നുമായി 'ജനകീയ നാട്ടുവൈദ്യശാല' എന്ന പേരില്‍ 24 മണിക്കൂറും ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തി ചികിത്സ നടത്തുമെന്നാണ് ഏറ്റവും പുതിയ പോസ്റ്റില്‍ മോഹനന്‍ വൈദ്യര്‍ പറയുന്നത്. രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് വൈദ്യരുടെ പരിശോധനയെന്നാണ് പോസ്റ്റില്‍ പറയുന്നത്.

ഇതിനെതിരെ ഉയര്‍ന്ന പരാതികളിലും, ചികിത്സ നടത്തുന്നത് കൊറോണയ്ക്കാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് ജില്ലാ മെഡിക്കല്‍ ഓഫിസറടക്കം വന്ന് പരിശോധന നടത്തുന്നത്.

Tags: