രണ്ട് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 14 ആയി

കൊച്ചിയില്‍ കഴിഞ്ഞ ദിവസം വൈറസ് സ്ഥിരീകരിച്ച മൂന്ന് വയസ്സുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.

Update: 2020-03-10 15:15 GMT
തിരുവനന്തപുരം: എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മൂന്ന് വയസുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. പത്തനംതിട്ടയില്‍ രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയിലെ 4 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും കൂടി നേരത്തെ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ നിലവില്‍ സംസ്ഥാനത്ത് കൊവിഡ് 19 രോഗം ബാധിച്ച 14 പേരാണുള്ളത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 85 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് പേര്‍ ഹൈ റിസ്‌കിലുള്ളവരാണ്. രണ്ടുപേരുടേയും ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഇറ്റലിയില്‍ നിന്നും വന്ന മൂന്ന് പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കുറേ പേരിലേക്ക് രോഗപ്പകര്‍ച്ച ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. പക്ഷെ രണ്ട് ദിവസം കൊണ്ടു തന്നെ സാധ്യമായ എല്ലാ രീതികളും ഉപയോഗിച്ച് ഇവര്‍ സമ്പര്‍ക്കത്തിലായ ബഹുഭൂരിപക്ഷം പേരേയും കണ്ടെത്തുന്നതിനും അവരെ നിരീക്ഷണത്തിലാക്കുന്നതിനും കഴിഞ്ഞു. മാപ്പിംഗ് തയ്യാറാക്കിയാണ് ഇവര്‍ പോയ സ്ഥലങ്ങള്‍ കണ്ടെത്തിയത്. സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് ബാക്കിയുള്ളവരേയും കണ്ടെത്താനായുള്ള ശ്രമത്തിലാണ്.

എറണാകുളത്ത് ചികിത്സയിലുള്ളവരോടൊപ്പം വിമാനത്തില്‍ സഞ്ചരിച്ച ആളുകളുടേയും വിവരങ്ങള്‍ ശേഖരിച്ച് വരുന്നുണ്ട്. ഏറ്റവും പ്രധാനമായിട്ടുള്ളത് ആരുമായിട്ടൊക്കെ ഇവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടു എന്നതാണ്. അവസാനമായി ബന്ധപ്പെട്ട ആളിനെ വരെ കണ്ടത്താനുള്ള ശ്രമത്തിലാണ്. ഭയപ്പെടേണ്ട കാര്യമില്ല. എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

105 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1495 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 980 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 815 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 9 പരിശോധനകള്‍ നടത്തി. അവയെല്ലാം നെഗറ്റീവാണ്. തിരുവനന്തപുരത്ത് ബുധനാഴ്ച മുതല്‍ പരിശോധന തുടങ്ങും. ഇതുകൂടാതെ തൃശൂര്‍ മെഡിക്കല്‍ കോളേജിലും രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും പരിശോധിക്കാനുള്ള അനുമതി ചോദിച്ചിട്ടുണ്ട്.

കൊവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും യാത്രാ ചരിത്രമുള്ളവര്‍ അല്ലെങ്കില്‍ അത്തരം യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍, വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു. മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും, മൂക്കും തൂവാല കൊണ്ട് മൂടേണ്ടതും, ഇടയ്ക്കിടെ കൈകള്‍ സോപ്പും, വെളളവും ഉപയോഗിച്ച് കഴുകേണ്ടതുമാണ്. കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവരും അവരെ പരിചരിക്കുകയും ചെയ്യുന്ന ആളുകള്‍ മാത്രമേ മാസ്‌ക് ധരിക്കേണ്ടതുള്ളു. മാസ്‌ക് ഉപയോഗിക്കുന്നവര്‍ അത് ഉപയോഗിക്കേണ്ട മാര്‍ഗങ്ങള്‍ മനസിലാക്കി ഉപയോഗിക്കേണ്ടതും, ഉപയോഗ ശേഷം മാസ്‌കുകള്‍ ശാസ്ത്രീയമായി തന്നെ സംസ്‌കരിക്കേണ്ടതുമാണ്. പൊതുജനങ്ങള്‍ എന്‍95 മാസ്‌കുകള്‍ ഉപയോഗിക്കേണ്ടതില്ല.

ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ഒരു സ്ഥാപനങ്ങള്‍ക്കും അവധി അനുവദിച്ചിട്ടില്ല. ആയുഷ് മേഖലയ്ക്കും അവധിയില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. മാനസികാരോഗ്യ വിഭാഗവും ശക്തമായി പ്രവര്‍ത്തിച്ചു വരികയാണ്. നിരീക്ഷണത്തിലുള്ളവര്‍ക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെടാന്‍ പാടില്ല. അതിനായി വോളന്റിയര്‍മാരെ ചുമതലപ്പെടുത്തും. അതേസമയം നടപടിക്രമങ്ങള്‍ക്ക് അയവ് വരുത്തില്ല.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെഎംഎസ്‌സിഎല്‍. എംഡി ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ റംലാബീവി, അഡീ. ഡയറക്ടര്‍മാരായ ഡോ. വി. മീനാക്ഷി, ഡോ. ബിന്ദു മോഹന്‍, സ്‌റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് ഡയറക്ടര്‍ ഡോ. സുനിജ, കോവിഡ് 19 സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, കെസാക്‌സ് പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, എസ്.എച്ച്.എസ്.ആര്‍.സി. എക്‌സി. ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനു, സംസ്ഥാന പകര്‍ച്ചവ്യാധി പ്രതിരോധ സെല്‍ ഡയറക്ടര്‍ ഡോ. പി.എസ്. ഇന്ദു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News