മുസ്‌ലിംകള്‍ പുറത്ത്; പൗരത്വഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

മുസ്‌ലിംകളല്ലാത്ത അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിന് നിലവിലുള്ള നിയമങ്ങളില്‍ ബില്ല് ഭേദഗതി ചെയ്യുന്നു.

Update: 2019-12-04 09:16 GMT

ന്യൂഡല്‍ഹി: മുസ് ലിംകളെ മാത്രം ഒഴിവാക്കിയുള്ള പൗരത്വ(ഭേദഗതി) ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് ബില്ല്. അടുത്തയാഴ്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യസഭയില്‍ വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് മുന്‍ മോദി സര്‍ക്കാരിന്റെ സമയത്ത് ബില്ലിന്റെ കാലാവധി അവസാനിച്ചിരുന്നു.

ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന്‍, ബുദ്ധ, പാഴ്‌സി മതക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ലക്ഷ്യമിടുന്ന ബില്ലില്‍ മുസ് ലിംകളെ മാത്രം ഒഴിവാക്കി. മുസ്‌ലിംകളല്ലാത്ത അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിന് നിലവിലുള്ള നിയമങ്ങളില്‍ ബില്‍ ഭേദഗതി ചെയ്യുന്നു.

2019 ലെ ജമ്മു കശ്മീര്‍ സംവരണ (രണ്ടാം ഭേദഗതി) ബില്‍ പിന്‍വലിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും പ്രകാശ് ജാവദേക്കറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2019 ലെ വ്യക്തിഗത വിവര സംരക്ഷണ ബില്ലിനും കേന്ദ്ര സംസ്‌കൃത സര്‍വകലാശാല ബില്ലിനും അംഗീകാരം നല്‍കി. അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

അസമിലേത് പോലെ രാജ്യത്തുടനീളം പൗരത്വ (ഭേദഗതി) ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് ഏറെ നിര്‍ണായകമാണ്. ബില്‍ പാര്‍ലമെന്റിലെത്തുമ്പോള്‍ ബിജെപി എംപിമാരെല്ലാവരും ഹാജരാകണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 10 ന് മുമ്പ് ബില്ല് പാസാക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

Tags:    

Similar News