താനൂരില്‍ ആഹ്ലാപ്രകടനത്തിന്റെ മറവില്‍ കടകള്‍ ആക്രമിച്ച ബിജെപിക്കാര്‍ക്ക് കുത്തേറ്റു

ഒരു എസ് ഡിപിഐ പ്രവര്‍ത്തകനും നാല് ബിജെപിക്കാരും ആശുപത്രിയില്‍

Update: 2019-05-30 16:22 GMT

പരപ്പനങ്ങാടി: മോദി സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ താനൂരില്‍ കടകള്‍ ആക്രിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. സംഘര്‍ഷത്തില്‍ വ്യാപാരിയായ ഒരു എസ്ഡിപിഐ പ്രവര്‍ത്തകനും ആക്രമണം നടത്താനെത്തിയ നാലു ബിജെപി പ്രവര്‍ത്തകര്‍ക്കുമാണു കുത്തേറ്റത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ താനൂര്‍ ജങ്ഷനിലാണു സംഭവം. പ്രകോപന മുദ്രാവാക്യങ്ങളുമായെത്തിയ ബിജെപി പ്രവര്‍ത്തകരുടെ പ്രകടനം താനൂര്‍ ജങ്ഷനിലെത്തിയപ്പോള്‍ കടകള്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരുടെ ഫ്രൂട്‌സ് കടയും പച്ചക്കറി കടയും അടിച്ചുതകര്‍ക്കുകയായിരുന്നു. ഇത് തടയാനെത്തിയ കടയുടമ ഷാഫിയെ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. സംഭവസമയം പോലിസ് നോക്കി നില്‍ക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ഗുരുതരമായി പരിക്കേറ്റ ശാഫിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അന്വേഷിക്കാനെത്തിയ ഇദ്ദേഹത്തിന്റ പിതാവ് മൂസയെ പോലിസ് കടയ്ക്കു മുന്നില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി. അല്‍പസമയത്തിനു ശേഷം സമീപത്തു വച്ചാണ് നാലു ബിജെപി പ്രവര്‍ത്തകര്‍ക്കു കുത്തേറ്റത്. താനൂര്‍ സ്വദേശി പ്രണവ്, മണി, പ്രശാന്ത് തുടങ്ങിയവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരസ്പരമുണ്ടായ കല്ലേറില്‍ നിരവധി പേര്‍ക്കു പരിക്കേറ്റതായും പരാതിയുണ്ട്. ഇതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സമീപത്തെ മുസ്‌ലിം പള്ളിക്കു നേരെയും കല്ലെറിഞ്ഞതായി പരാതിയുണ്ട്. സംഘര്‍ഷാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് പോലിസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.



 


    ഷാഫിക്കു നേരെ നേരത്തെയും ബിജെപി പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായിരുന്നു. പോലിസിന്റെ നിസ്സംഗതയാണ് അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ കളമൊരുക്കിയത്. വിജയാഘോഷത്തിന്റെ പേരിലുള്ള ഇത്തരം ആക്രമണങ്ങളെ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലന്നും ശക്തമായി പ്രതികരിക്കുമെന്നും എസ്ഡിപിഐ താനൂര്‍ മണ്ഡലം നേതാക്കള്‍ പറഞ്ഞു. പ്രകടനക്കാര്‍ മുസ്‌ലിം കടകള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് വ്യാപാരികള്‍ ആരോപിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ കനത്ത പോലിസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Tags:    

Similar News